പത്തനംതിട്ട - തെരുവ് നായയുടെ ശല്യം ബസ്സിനുള്ളിലും. ബസിനുള്ളിൽ കയറി യാത്രക്കാർ ഉൾപ്പെടെ 11 പേരെ കടിച്ച നായ മറ്റൊരു കെ.എസ്.ആർ.ടി.സി ബസിൽ കയറാൻ ശ്രമിക്കുന്നതിനിടെ തെറിച്ചു വീണ് ടയറിൽ കുടുങ്ങി ചാവുകയായിരുന്നു. പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡിലാണ് സംഭവം.
കാൽനട യാത്രക്കാർക്ക് നേരെയായിരുന്നു നായയുടെ ആദ്യ കടി. ശേഷം കാണുന്നവരുടെയെല്ലാം പിന്നാലെ കൂടി. സ്വകാര്യ ബസ് സ്റ്റാൻഡിൽ ആരംഭിച്ച നായയുടെ ആക്രമണം മിനി സിവിൽ സ്റ്റേഷൻ വരെ നീണ്ടു. റോഡിൽ കൂടി നടന്നു പോയവരെയെല്ലാം യാതൊരു പ്രകോപനമൊന്നുമില്ലാതെ നായ ആക്രമിക്കുകയായിരുന്നു. പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ നായയുടെ പിറകെ കൂടിയെങ്കിലും നായ ശൗര്യം വിട്ടില്ല. അവസാനം ബസ്സിലെ പരാക്രമത്തിനുശേഷം മറ്റൊരു ബസ്സിലേക്കുള്ള കുതിപ്പിനിടെ നായ ബസ്സിന്റെ ടയറിനടിയിൽ പെടുകയായിരുന്നു.