തിരുവനന്തപുരം-സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ വ്യവസായി മുഹമ്മദ് നിഷാമിന് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയെ സമീപിക്കും. ഹൈക്കോടതി ശരിവെച്ച ജീവപര്യന്തം തടവുശിക്ഷയ്ക്കെതിരെ അപ്പീല്‍ നല്‍കാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യുഷന്‍ ടി.എ. ഷാജി നല്‍കിയ നിയമോപദേശം സര്‍ക്കാര്‍ അംഗീകരിച്ചു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസ് ആയതിനാല്‍ വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുക.
ചന്ദ്രബോസിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ നിഷാമിന്റെ നടപടിയെ നിശിതമായ ഭാഷയിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിമര്‍ശിച്ചത്. കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനത്ത് നടന്നത് തികച്ചും സംസ്‌കാര വിരുദ്ധമായ പ്രവൃത്തിയായിരുന്നു. ഭ്രാന്തമായ ആക്രമണമാണ് ചന്ദ്രബോസിനു നേരേ നിഷാം നടത്തിയതെന്നും വിധിയില്‍ ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.
എന്നാല്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണ് ഇതെന്ന സര്‍ക്കാര്‍ വാദത്തോട് ഹൈക്കോടതി വിയോജിച്ചിരുന്നു. ഇതിനെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ അപ്പീലുമായി സുപ്രീം കോടതിയെ സമീപിക്കുന്നത്. സ്റ്റാന്‍ഡിങ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കര്‍ ആണ് സര്‍ക്കാരിന്റെ അപ്പീല്‍ ഫയല്‍ ചെയ്യുകയെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
ജീവപര്യന്തം തടവിനു പുറമെ വിവിധ വകുപ്പുകളിലായി 24 വര്‍ഷം തടവും 80.30 ലക്ഷം രൂപ പിഴയുമായിരുന്നു തൃശ്ശൂര്‍ സെഷന്‍സ് കോടതി മുഹമ്മദ് നിഷാമിന് വിധിച്ചത്. പിഴത്തുകയില്‍ 50 ലക്ഷം രൂപ ചന്ദ്രബോസിന്റെ കുടുംബത്തിന് നല്‍കാനും നിര്‍ദേശിച്ചിരുന്നു. വിചാരണ കോടതിയുടെ വിധി ഹൈക്കോടതി പൂര്‍ണ്ണമായും ശരിവെക്കുകയായിരുന്നു.