കോഴിക്കോട് - വീട്ടുകാരോട് പിണങ്ങി ഇറങ്ങിയ 17കാരിയെ സഹായവാഗ്ദാനം നൽകി ലോഡ്ജിലെത്തിച്ച 53-കാരൻ പിടിയിൽ. മലപ്പുറം തിരൂരങ്ങാടി സ്വദേശി ഉസ്മാനാണ് പിടിയിലായത്. അച്ഛനും മകളുമാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് മുറിയെടുത്തത്. ശേഷം കുട്ടിയെ മുറിയിൽ പൂട്ടിയിടുകയായിരുന്നു. കോഴിക്കോട് റെയിൽവേ സ്‌റ്റേഷൻ പരിസരത്തെ ലോഡ്ജിലാണ് പെൺകുട്ടിയെ പൂട്ടിയിട്ടത്.
ഉസ്മാനെ പോക്‌സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. പെൺകുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം ബാലികാമന്ദിരത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടിയുടെ മാതാപിതാക്കളെ വിവരം അറിയിച്ചിട്ടുണ്ട്.
പോലീസിന്റെ രാത്രി മിന്നൽ പരിശോധനയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. വീട്ടിൽനിന്നു പിണങ്ങിയിറങ്ങിയ പെൺകുട്ടി കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ എത്തുകയായിരുന്നു. റെയിൽവേ സ്‌റ്റേഷനിൽ വച്ചാണ് ഉസ്മാനുമായി പരിചയപ്പെട്ടത്. തുടർന്ന് സഹായ വാഗ്ദാനം നൽകി കബളിപ്പിച്ച് ഇയാൾ തൊട്ടടുത്തുള്ള ലോഡ്ജിൽ മുറിയെടുക്കുകയായിരുന്നു. കോഴിക്കോട് ടൗൺ പൊലീസ് എത്തിയാണ് പെൺകുട്ടിയെ മോചിപ്പിച്ചത്.