ദോഹ- ഇന്ത്യന്‍ എംബസിയുടെ കീഴിലുള്ള ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ ദോഹയിലെ റാഡിസണ്‍ ബ്ലൂവിലെ ഗിവാന ബോള്‍റൂമില്‍ സംഘടിപ്പിച്ച പത്മഭൂഷണ്‍ ഡോ. മോഹന്‍ലാലിനൊപ്പം ഒരു അത്താഴവിരുന്ന് സമൂഹത്തിലെ വിവിധ തലങ്ങളിലെ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി .
ഒരു സംഘം കുട്ടികള്‍ ഫിഫ വേള്‍ഡ് കപ്പ് ഖത്തറിന്റെ ഔദ്യോഗിക ഗാനത്തിന് നൃത്തചുവടുകള്‍ വെച്ച് മലയാളത്തിന്റെ നടന വിസ്മയത്തെ സ്വാഗതം ചെയ്തതോടെയാണ് സായാഹ്നം ആരംഭിച്ചത്. ലോകകപ്പിന് ആതിഥ്യമരുളുന്ന ഖത്തറിനുള്ള തന്റെ ഗാനോപഹാരം സമര്‍പ്പിക്കുന്നതിനാണ് താരം ദോഹയിലെത്തിയത്. സംവിധായകന്‍ രാജീവ് കുമാര്‍, നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ എന്നിവരും താരത്തോടൊപ്പം ഉണ്ടായിരുന്നു.
മോഹന്‍ലാലിന്റെ സമൂഹത്തോടുളള സ്‌നേഹവായ്പിനും മനുഷ്യത്വപരമായ പ്രവര്‍ത്തനങ്ങള്‍ക്കും ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഡോ. മോഹന്‍ തോമസ് നന്ദി പറഞ്ഞു.
ഊഷ്മളമായ അത്താഴവരുന്നൊരുക്കിയ സംഘാടകരെ ഇന്ത്യന്‍ എംബസി ഡിഫന്‍സ് അറ്റാഷെ ക്യാപ്റ്റന്‍ മോഹന്‍ അറ്റ്‌ല അഭിനന്ദിച്ചു.
ചടങ്ങില്‍ സംസാരിച്ച ഡോ. മോഹന്‍ലാല്‍, ഖത്തറില്‍ നടക്കുന്ന ഫിഫ വേള്‍ഡ് കപ്പ് 2022ന്റെ ആവേശം പ്രകടിപ്പിക്കുകയും സമൂഹത്തിന്റെ തന്നോടുള്ള സ്‌നേഹത്തിന് നന്ദി അറിയിക്കുകയും ചെയ്തു. തന്റെ സമര്‍പ്പണ ഗാന പ്രകാശനത്തെക്കുറിച്ചുള്ള ചിന്തയും അതിന് ലഭിച്ച പിന്തുണയും പ്രോത്സാഹനവും അദ്ദേഹം എടുത്തു പറഞ്ഞു.
ഫിഫ ലോകകപ്പില്‍ പങ്കെടുക്കുന്ന രാജ്യങ്ങളെ പ്രതിനിധീകരിച്ച് ഫിഫയുടെ പ്രമേയത്തെ ആസ്പദമാക്കി നൃത്തം ചെയ്ത ദോഹയിലെ ബിര്‍ള പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ ചടുലമായ പ്രകടനം ചടങ്ങിനെ വര്‍ണാഭമാക്കി.
ഐ. എസ്.സി വൈസ് പ്രസിഡന്റ് ഷെജി വലിയകത്ത് സ്വാഗതവും ജനറല്‍ സെക്രട്ടറി ശ്രീനിവാസ് നന്ദിയും പറഞ്ഞു.