കോഴിക്കോട് - ചാത്തമംഗലം പുള്ളാവൂർ പുഴയിൽ സ്ഥാപിച്ച കട്ടൗട്ട് വിവാദത്തിൽ പ്രതികരിച്ച് നടി രഞ്ജിനി. മെസിയുടെയും നെയ്മറിന്റെയും കട്ടൗട്ടുകൾ നീക്കം ചെയ്യരുതെന്ന് അവർ എഫ്.ബിയിൽ ആവശ്യപ്പെട്ടു.
ഈ കട്ടൗട്ടുകളുടെ വാർത്ത ഒളിമ്പിക്‌സ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അത് കേരളത്തിന് അഭിമാനമല്ലേയെന്ന് രഞ്ജിനി ചോദിക്കുന്നു. ഈ സന്തോഷം ഇല്ലാതാക്കരുതെന്ന് നടി ജില്ലാ കലക്ടർ, മേയർ, പഞ്ചായത്ത് ഉദ്യോഗസ്ഥർ എന്നിവരോട് അഭ്യർത്ഥിച്ചു.
ലോകം മുഴുവൻ വരാനിരിക്കുന്ന ലോകകപ്പിന്റെ ആഹ്ലാദത്തിലാണ്. ഈ കട്ടൗട്ടുകൾ കേരളത്തെ ഭൂപടത്തിൽ ഉൾപ്പെടുത്തിയ ലോകവാർത്ത സൃഷ്ടിച്ചു. അത് സ്ഥാപിച്ച ആരാധകർക്ക് നന്ദി. എല്ലാ നാലുവർഷവും അരങ്ങേറുന്ന ഈ ലോകോത്തര ഇവന്റ് ഞങ്ങൾ ആഘോഷിക്കട്ടെ. കട്ടൗട്ടുകൾ എടുത്തുമാറ്റി ആ സന്തോഷം ഇല്ലാതാക്കരുതെന്ന് പുള്ളാവൂർ പഞ്ചായത്തിലെ ഉദ്യോഗസ്ഥരോട് അഭ്യർത്ഥിക്കുന്നു. ഈ വാർത്ത ഒളിമ്പിക്‌സ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇത് കേരളത്തിന് അഭിമാനമല്ലേ? എന്ന് അവർ ചോദിച്ചു.
ഇന്നാണ് ഫുട്‌ബോൾ ആരാധകര് ഏറെ ആവേശത്തോടെ സ്ഥാപിച്ച കട്ടൗട്ടുകൾ എടുത്ത് മാറ്റണമെന്ന് ചാത്തമംഗലം പഞ്ചായത്ത് നിർദ്ദേശം നല്കിയത്. അഭിഭാഷകനായ ശ്രീജിത്ത് പെരുമനയുടെയുടെ പരാതിയിലാണ് നടപടി. പുഴ മലിനമാകുമെന്നും ഒഴുക്കിന് തടസ്സമുണ്ടാകുമെന്നുമാണ് കുറ്റപ്പെടുത്തൽ.
എന്നാൽ, നെയ്മറുടെ കട്ടൗട്ട് കരയിലാണെന്നും മെസിയുടേത് പുഴക്ക് നടുവിലെ തുരുത്തിലാണെന്നും ഫുട്‌ബോൾ ആരാധകർ പറയുന്നു. കരയിൽ വെച്ച കട്ടൗട്ടുകൾ എങ്ങനെയാണ് പുഴയുടെ ഒഴുക്ക് തടയുകയെന്നും ആരാധകർ ചോദിച്ചു. കട്ടൗട്ട് പുഴ മലിനമാക്കില്ലെന്നും നാടിന്റെ ഈ ആവേശം കെടുത്തരുതെന്നും ഫുട്ബാൾ ആരാധകർ ഓർമിപ്പിക്കുന്നു. കട്ടൗട്ട് എടുത്തുമാറ്റാനുള്ള നീക്കത്തിനെതിരെ ശകതമായ വികാരമാണ് കളിക്കമ്പക്കാരിൽ ഉയരുന്നത്.