പട്ടാമ്പി- ദുരൂഹ സാഹചര്യത്തിൽ യുവാവ് മരണമടഞ്ഞ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു, അടുത്ത ബന്ധു അറസ്റ്റിൽ. കൊപ്പം മുളയങ്കാവ് പെരുമ്പറത്തൊടി അബ്ദുൾ സലാമിന്റെ മകൻ അർഷാദ് ആണ് കൊല്ലപ്പെട്ടത്. ബന്ധുവായ ഹക്കീമിനെ കൊപ്പം പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരും സ്വകാര്യ മൊബൈൽ കേബിൾ കമ്പനിയിലെ തൊഴിലാളികളാണ്. പട്ടിക്ക് തീറ്റ കൊടുക്കുന്നതിനെച്ചൊല്ലിയുണ്ടായ അടിപിടിയാണ് മരണകാരണം. അർഷാദിനെ ശരീരമാസകലം മുറിവുകളോടെ വാണിയംകുളത്തെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കെട്ടിടത്തിൽ നിന്ന് വീണ് പരിക്കേറ്റതാണ് എന്നാണ് കൂടെ വന്നവർ പറഞ്ഞിരുന്നത്. സംശയം തോന്നിയ ആശുപത്രി അധികൃതർ പോലീസിൽ റിപ്പോർട്ട് ചെയ്തു. പോലീസ് എത്തുമ്പോഴേക്കും കൂടെയുണ്ടായിരുന്നവർ സ്ഥലം വിട്ടു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് ഹക്കീമിനെ അറസ്റ്റ് ചെയ്തത്.