- വഫി, വാഫിയ്യ സ്ഥാപനങ്ങളിലെ നിയമനങ്ങൾക്ക് മുമ്പ് അംഗീകാരം വാങ്ങണമെന്ന് സമസ്ത
കോഴിക്കോട് - വഫി, വാഫിയ്യ സ്ഥാപനങ്ങളുടെ സനദ്ദാന കലോത്സവ വിവാദങ്ങൾക്കു ശേഷം വാഫി, വഫിയ്യ സ്ഥാപനങ്ങൾക്ക് സമസ്തയുടെ കത്ത്. എന്നാൽ കത്തിൽ സമസ്തയുടെ മുൻ സർക്കുലർ ലംഘിച്ചതിനെക്കുറിച്ച് പരാമർശങ്ങളൊന്നുമില്ല.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ഉപദേശ നിർദേശങ്ങൾ അനുസരിച്ച് നടത്തുന്ന വഫി, വാഫിയ്യ സ്ഥാപനത്തിൽ പുതുതായി ഉണ്ടാകുന്ന ഏതുതരത്തിലുള്ള കരാറുകളും തീരുമാനിച്ച് ഒപ്പിടുന്നതിന് മുമ്പ് സമസ്തയുമായി കൂടിയാലോചിച്ച് രേഖാമൂലം അനുമതി വാങ്ങണമെന്നാണ് പുതിയ കത്തിലുള്ളത്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സംസ്ഥാന ജനറൽസെക്രട്ടറി പ്രഫ. കെ ആലിക്കുട്ടി മുസ് ലിയാരുടെ പേരിൽ ഇന്നാണ് വഫി, വാഫിയ്യ സ്ഥാപനങ്ങൾക്ക് കത്ത് അയച്ചത്.
വാഫി, വഫിയ്യ സ്ഥാപനങ്ങളുടെ ഏകോപന സമിതിയായ കോ-ഓർഡിനേഷൻ ഓഫ് ഇസ് ലാമിക് കോളജസിന്റെ (സി.ഐ.സി) നേതൃത്വത്തിൽ കഴിഞ്ഞമാസം കോഴിക്കോട് നടന്ന സനദ്ദാന സമ്മേളനത്തിൽ സമസ്ത നേതാക്കൾ പങ്കെടുക്കുന്നത് നേതൃത്വം വിലക്കിയിരുന്നെങ്കിലും പാണക്കാട് കുടുംബാംഗങ്ങളും സമസ്തയുടെ പല പണ്ഡിതരും സമ്മേളനത്തിൽ പങ്കെടുത്തത് ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു. സർക്കുലർ അവഗണിച്ച് പോഷക സംഘടനാ നേതാക്കളും മുസ് ലിം ലീഗ് നേതൃത്വവും പരിപാടിയിൽ സജീവമായി പങ്കെടുത്തതും സമസ്തക്കു തിരിച്ചടിയായി. ഇതിനെതിരെ സമസ്ത സ്വീകരിക്കുന്ന തുടർ നടപടികളെക്കുറിച്ചൊന്നും പുതിയ സർക്കുലറിൽ പരാമർശങ്ങളില്ല.
സമസ്തയുടെ വിദ്യാർത്ഥി വിഭാഗമായ എസ്.കെ.എസ്.എസ്.എഫിന്റെ സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ, യുവജന വിഭാഗമായ എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റും മുസ് ലിം ലീഗ് സംസ്ഥാന പ്രസിഡന്റുമായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ, പാണക്കാട് റശീദലി ശിഹാബ് തങ്ങൾ തുടങ്ങിയവർ സർക്കുലർ പരസ്യമായി ലംഘിച്ചിരുന്നു. മുസ് ലിം ലീഗ് നേതാക്കളായ പി.കെ കുഞ്ഞാലിക്കുട്ടി, ഡോ. എം.കെ മുനീർ, കെ.എം ഷാജി എന്നിവരും വിവിധ സെഷനുകളിൽ പങ്കെടുത്തിരുന്നു.
ഏത് പ്രശ്നത്തിലും പരിഹാര കേന്ദ്രങ്ങളാകുന്ന പാണക്കാട് കുടുംബം തന്നെ പ്രശ്നത്തിൽ കക്ഷിയായത് സമസ്ത നേതൃത്വത്തെയും ഞെട്ടിച്ചിരുന്നു. സംഘടനാപരമായ നടപടി എടുത്താൽ അത് ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാവുമെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് സമസ്ത ആ വഴിക്ക് നീങ്ങാതിരുന്നത്. ഇത് സംഘടനയിൽ യോജിപ്പിന്റെയും സമവായത്തിന്റെയും സ്ഥിതി സംജാതമാക്കുമെന്നാണ് കരുതുന്നത്.
അതിനിടെ, കഴിഞ്ഞ വ്യാഴാഴ്ച ചേളാരിയിൽ ചേർന്ന സമസ്ത പോഷക സംഘടനാ ഭാരവാഹികളുടെ നേതൃയോഗം ബഹളത്തിന് ഇടയാക്കിയിരുന്നു. സി.ഐ.സി വിവാദവുമായി ബന്ധപ്പെട്ട് ഇരുവിഭാഗവും നല്കിയ കത്ത് യോഗത്തിൽ വായിക്കുന്നതിനിടെ, സെപ്തംബർ 22ലെ കത്തിന്റെ അവസാന ഭാഗം വായിക്കാതെ വിട്ടുകളഞ്ഞതോടെയായിരുന്നു പ്രശ്നത്തിന് തുടക്കം. ഇതിനെ സി.ഐ.സി വൈസ് പ്രസിഡന്റ് പി.എസ്.എച്ച് തങ്ങൾ ചോദ്യം ചെയ്തപ്പോൾ ഒരു വിഭാഗം തക്ബീർ വിളിച്ച് ബഹളമുണ്ടാക്കുകയായിരുന്നു. അതിനിടെ, വിഷയം ചർച്ച ചെയ്യാൻ അവസരം വേണമെന്ന് പാണക്കാട് റശീദലി ശിഹാബ് തങ്ങൾ ആവശ്യപ്പെട്ടെങ്കിലും നേതൃത്വം സമയമില്ലെന്ന് പറഞ്ഞ് നിരാകരിക്കുകയായിരുന്നു. എന്നാൽ, യോഗത്തിൽ തർക്കങ്ങളൊന്നും ഉണ്ടായില്ലെന്നാണ് സമസ്തയുടെ അവകാശവാദം.