റിയാദ് - അറബ്, ഇസ്രായിൽ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ 1973 ൽ അമേരിക്ക അടക്കം ഇസ്രായിൽ അനുകൂല രാജ്യങ്ങൾക്കെതിരെ സൗദി അറേബ്യ ഏർപ്പെടുത്തിയ എണ്ണ ഉപരോധവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ വെളിപ്പെടുത്തി അമേരിക്കയിലെ മുൻ സൗദി അംബാസഡറും മുൻ രഹസ്യാന്വേഷണ വിഭാഗം തലവനുമായ തുർക്കി അൽഫൈസൽ രാജകുമാരൻ. 1973 ൽ ഈജിപ്തും സിറിയയും ഒരു ഭാഗത്തും ഇസ്രായിൽ മറുഭാഗത്തുമായി യുദ്ധം ആരംഭിച്ചപ്പോൾ സൗദി അറേബ്യ എണ്ണ ഉപരോധം ഏർപ്പെടുത്തിയതിനെ തുടർന്ന് അമേരിക്കയും സൗദി അറേബ്യയും തമ്മിൽ രൂക്ഷമായ തർക്കം ഉടലെടുത്തതായി വാഷിംഗ്ടൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗവേഷണ കേന്ദ്രമായ നാഷണൽ കൗൺസിൽ ഓൺ അറബ് അമേരിക്കൻ റിലേഷൻസ് സംഘടിപ്പിച്ച സമ്മേളനത്തിൽ തുർക്കി അൽഫൈസൽ രാജകുമാരൻ പറഞ്ഞു.
എണ്ണ ഉപരോധത്തിനിടെ അക്കാലത്ത് അമേരിക്കൻ വിദേശ മന്ത്രിയായിരുന്ന ഹെൻറി കിസിഞ്ചർ ഫൈസൽ രാജാവിന് കത്തയച്ചത് ഞാൻ ഓർക്കുന്നു. സൗദിയിലെ സി.ഐ.എ ഓഫീസ് മേധാവി വഴിയാണ് കത്ത് കൈമാറിയത്. ഈ കത്ത് ഹ്രസ്വവും സുവ്യക്തവുമായിരുന്നു. എണ്ണ ഉപരോധം തുടർന്നാൽ അത് തിരുത്താനുള്ള വഴികൾ അമേരിക്ക തേടുമെന്നായിരുന്നു കത്തിലെ സന്ദേശം. ഇതിൽ കൂടുതലായി ഭീഷണി വ്യക്തമാക്കാൻ കഴിയുമായിരുന്നില്ല.
പിതാവായ ഫൈസൽ രാജാവിന് കത്ത് എത്തിക്കേണ്ടത് തന്റെ കടമയായിരുന്നു. പിതാവ് ഉറങ്ങാൻ തയാറെടുക്കുന്നതിനിടെയാണ് കത്ത് താൻ കൈമാറിയത്. അമേരിക്കയുടെ ഭീഷണിക്ക് സൗദി അറേബ്യ വഴങ്ങിയില്ല. എണ്ണ ഉപരോധം മാസങ്ങളോളം തുടർന്നു. അവസാനം സൂയസിൽ നിന്നും ഗോലാൻ കുന്നുകളിൽ നിന്നും പിന്മാറാൻ ഇസ്രായിലിനെ പ്രേരിപ്പിക്കുന്ന നിലക്ക് ഫലപ്രദമായ നടപടികൾ അമേരിക്ക സ്വീകരിച്ചു.
ആഴ്ചകൾക്കു ശേഷം അക്കാലത്ത് രണ്ടാം ഉപപ്രധാനമന്ത്രിയായിരുന്ന ഫഹദ് രാജാവിന്റെ നേതൃത്വത്തിൽ ഉന്നതതല സൗദി സംഘം വാഷിംഗ്ടണിൽ എത്തി അമേരിക്കയുമായുള്ള നിരവധി പ്രശ്‌നങ്ങളിൽ സഹകരണ കരാർ ഒപ്പുവെച്ചു. സൗദി അറേബ്യക്കെതിരെ യുദ്ധം ചെയ്യുമെന്ന് മാസങ്ങൾക്കു മുമ്പ് ഭീഷണി മുഴക്കിയ അതേ ഹെൻറി കിസിഞ്ചർ തന്നെയായിരുന്നു ഈ കരാറിൽ അമേരിക്കയെ പ്രതിനിധീകരിച്ച് ഒപ്പുവെച്ചത്.
മുമ്പ് സംഭവിച്ചതു പോലെ അമേരിക്കയും സൗദി അറേബ്യയും തമ്മിൽ കാഴ്ചപ്പാടുകളിലുള്ള വ്യത്യാസം ഇപ്പോഴും പരിഹരിക്കാൻ സാധിക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള സമീപകാല കാഴ്ചപ്പാടുകളിലെ വ്യത്യാസം പരസ്പരം പുറംതിരിഞ്ഞുനിൽക്കാനുള്ള ഒരു കാരണമല്ല. വസ്തുതകൾ തെറ്റായ വാദങ്ങളെ നിരാകരിക്കുന്നു. പ്രതിദിന എണ്ണയുൽപാദനത്തിൽ 20 ലക്ഷം ബാരലിന്റെ വീതം കുറവ് വരുത്താനുള്ള പുതിയ തീരുമാനം ഒപെക് പ്ലസ് ഗ്രൂപ്പിലെ മുഴുവൻ അംഗങ്ങളും ഏകകൺഠേന കൈക്കൊണ്ടതാണ്. എണ്ണ വിപണിയിൽ സന്തുലനം പുനഃസ്ഥാപിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ആഗോള വിപണിയിൽ എണ്ണ വില കുറഞ്ഞപ്പോൾ ആഗോള ഊർജ വിപണിയിൽ സന്തുലനം കാത്തുസൂക്ഷിക്കാനും എണ്ണ വിപണിയിൽ ക്ഷാമം പ്രത്യക്ഷപ്പെടാതെ നോക്കാനും ശ്രമിച്ചാണ് ഉൽപാദനം വെട്ടിക്കുറക്കാനുള്ള തീരുമാനം കൈക്കൊണ്ടതെന്നും തുർക്കി അൽഫൈസൽ രാജകുമാരൻ പറഞ്ഞു.