തുടർച്ചയായ അബദ്ധ പ്രസ്താവനകളിലൂടെ വിവാദങ്ങൾ സൃഷ്ടിക്കുകയും പാർട്ടിക്ക് നാണക്കേട് ഉണ്ടാക്കുകയും ചെയ്ത സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം ത്രിപുര മുഖ്യമന്ത്രി ബിപ്ലബിനെ പ്രധാനമന്ത്രി നരേന്ദ്രമോഡി ദില്ലിയിലേയ്ക്ക് വിളിപ്പിച്ചത്. ഇത് സർവ മാധ്യമങ്ങളിലും വലിയ വാർത്തയായി. എന്നാൽ പിന്നീട് എന്ത് സംഭവിച്ചുവെന്നതറിയാൻ വായനക്കാർക്കും ശ്രോതാക്കൾക്കുമുള്ള അവകാശം പാലിക്കപ്പെട്ടിട്ടില്ല. പണ്ട് കാലത്ത് പത്രങ്ങളിൽ കാണുന്ന ഒരു വാർത്തയുണ്ട്. പ്രതിയെ കോടതി വെറുതെ വിട്ടു എന്നായിരിക്കും ശീർഷകം. എന്ത് കൊണ്ടാണ് വെറുതെ വിട്ടതെന്ന വിവരണം ബോഡിയിലൊരിടത്തുമുണ്ടാവില്ല. ഏതാണ്ട് അതു പോലെയായി ബിപ്ലബിന്റെ ദൽഹി യാത്രയെയും ട്രീറ്റ് ചെയ്തത്. മോഡിജിയുടെ ഓഫീസിലെ ടീ ബോയിയെ എങ്കിലും സോഴ്‌സാക്കി ഒരു ഫോളോ അപ്പ് ചെയ്യാമായിരുന്നു. ത്രിപുരയുടെ ചരിത്രത്തിൽ ആദ്യമായാണ് ബിജെപി ഭരണം പിടിക്കുന്നത്. അധികാരത്തിലെത്തി ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തുടർച്ചയായി വിവാദ പ്രസ്താവനകൾ നടത്തി പാർട്ടിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ് ബിപ്ലബ്. മഹാഭാരത കാലഘട്ടത്തിലും ഇന്റർനെറ്റ് സംവിധാനം നിലനിന്നിരുന്നു എന്ന് പറഞ്ഞായിരുന്നു ബിപ്ലബ് വിവാദ പ്രസ്താവനകൾക്ക് തുടക്കമിട്ടത്. ഇതിനെതിരെ പരിഹാസങ്ങളും വിമർശനങ്ങളും ഉയർന്നെങ്കിലും അദ്ദേഹം പ്രസ്താവനയിൽ ഉറച്ച് നിന്നു. അത് ആവർത്തിക്കുകയും ചെയ്തു. മുൻലോക സുന്ദരി ഡയാന ഹെയ്ഡനെ അധിക്ഷേപിച്ചും രംഗത്തെത്തിയിരുന്നു. ഡയാനയ്ക്ക് ഇന്ത്യൻ സൗന്ദര്യം ഇല്ലെന്നായിരുന്നു കണ്ടെത്തൽ. ഇതിനെതിരെ വിമർശനം ഉയർന്നതോടെ മാപ്പ് പറഞ്ഞ് തടിയൂരി. സിവിൽ എൻജിനീയർമാരാണ് സിവിൽ സർവീസ് പാസാകേണ്ടതെന്നായി അടുത്ത ഡയലോഗ്. ഏറ്റവും ഒടുവിൽ യുവാക്കൾ സർക്കാർ ജോലി നോക്കി ഇരിക്കരുതെന്നും പശു വളർത്തലോ മുറുക്കാൻ കടയോ തുടങ്ങണമെന്നും ഉപദേശിച്ചു. ചൈനയിലും ജപ്പാനിലും നടന്ന് സഞ്ചരിച്ച മനുഷ്യനാണ്. ഏതായാലും ത്രിപുര മുഖ്യമന്ത്രിയുടെ പ്രസ്താവനകൾ മോഡിക്കും ബിജെപിക്കും വലിയ ക്ഷീണമുണ്ടാക്കിയിരിക്കുകയാണ്. സിവിൽ എൻജിനീയറിംഗും പശു വളർത്തലും ട്രോളന്മാർ ഏറ്റെടുത്തത് കണ്ട് രസിക്കുകയാണ് മലയാളികൾ. റേഡിയോ ജോക്കിയെ പിടിച്ച് റേഡിയോളജിസ്റ്റാക്കുന്നത് മുതൽ പരീക്ഷയ്ക്ക് സപ്ലിമെന്ററി എഴുതിയ സപ്ലിക്കാരെ പിടിച്ച് സപ്ലൈക്കോയിൽ ജോലിക്കെടുക്കണമെന്നത് വരെയുള്ള ആവശ്യങ്ങളുയർന്നു. മലയാളം ചാനലുകളിലെ ആക്ഷേപ ഹാസ്യ പരിപാടിക്കാർക്ക് അമ്പലപ്പുഴ പാൽപായസം പോലെയായി ബിപ്ലബിന്റെ വാചകമടി. മാധ്യമങ്ങൾക്ക് മസാല കൊടുക്കുന്ന പണി ആരും ചെയ്യരുതെന്ന മോഡിജിയുടെ നിർദേശത്തിന് ശേഷമാണ് ഏറ്റവും വിശേഷപ്പെട്ട വെളിപ്പെടുത്തലുകൾ വന്നതെന്നതാണ് ശ്രദ്ധേയം. ക്ലീൻ ഇമേജുകാരനായ മണിക് സർക്കാർ ഇരുന്ന കസേരയാണിതെന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് എൻഡിടിവി ത്രിപുര എപ്പിസോഡ് റിപ്പോർട്ട് ചെയ്തത്. ബിപ്ലബ് കുമാർ ദേബിന്റെ വിഡ്ഢിത്ത പ്രസ്താവനകളെ എതിർത്ത് മുതിർന്ന മാധ്യമ പ്രവർത്തകനും ഇന്ത്യ ടുഡേ എഡിറ്ററുമായ രാജ്ദിപ് സർദേശായി രംഗത്തെത്തിയിരുന്നു. മണിക് സർക്കാറിന്റെയും സി.പി.എമ്മിന്റെയും 'അഭാവത്തെ' കുറിച്ച് ട്വിറ്ററിലൂടെയാണ് അദ്ദേഹം വാചാലനായത്. -'ഇരുപത്തഞ്ച് വർഷത്തെ ത്രിപുരയിലെ ഇടതുഭരണം ഇപ്പോൾ തിരിച്ചറിയുന്നു എന്താണ് നമുക്ക് നഷ്ടമായിരിക്കുന്നതെന്ന്. മണിക് ദായെ നമുക്ക് നഷ്ടമായിരിക്കുന്നു. ബിപ്ലബിന്റെ സാമ്പത്തിക ശാസ്ത്രമാണ് ഇപ്പോൾ ഇവിടെ നിലനിൽക്കുന്നത്.' -രാജ്ദീപ് സർദേശായി ട്വിറ്ററിൽ കുറിച്ചു.
*** *** ***
ടോമിൻ ജെ. തച്ചങ്കരി ഐ.പി.എസ് കഴിഞ്ഞ ശേഷം ആദ്യ പോസ്റ്റിംഗ് കണ്ണൂർ ജില്ലയിലായിരുന്നു. തലശ്ശേരിയിലും തളിപ്പറമ്പിലും തുടക്കം കുറിച്ച കാലത്തേ വാർത്തകളിൽ നിറഞ്ഞുനിന്നു.
തലശ്ശേരിയിലെ ഓട്ടോറിക്ഷകളിൽ യാത്രക്കാരനായി ഭാവിച്ചിരുന്ന് കുരുത്തം കെട്ട ഡ്രൈവർമാരെ നേർവഴിക്ക് നയിച്ചു. തളിപ്പറമ്പിലെ തെരുവുകളിൽ അലഞ്ഞു തിരിഞ്ഞ പശുക്കളുടെ ഉടമകൾക്ക് പണി കൊടുത്തു. എല്ലാം കൃത്യസമയത്ത് മാധ്യമങ്ങൾ മുഖേന ജനങ്ങളറിയുകയും ചെയ്തു. പ്രൊബേഷണറി പോലീസ് സൂപ്രണ്ടിന്റെ ഞെട്ടിക്കൽ നടപടികളുടെ ഫലം ഏറെ കാലം നിലനിന്നില്ലെന്നതാണ് വാസ്തവം. രാഷ്ട്രീയ പ്രമാണികളുടെ അനിഷ്ടങ്ങൾക്ക് പാത്രമായ ഐ.എ.എസ്, ഐ.പി.എസ് ഓഫീസർമാർ അധികം വാഴില്ലെന്ന സത്യവും ഏവർക്കുമറിയാം. തലശ്ശേരിയിലും കോഴിക്കോട്ടും മാറ്റങ്ങൾ വരുത്താൻ ഉത്സാഹിച്ച അമിതാഭ് കാന്ത് ഇപ്പോൾ ദൽഹിയിൽ പി.എം ഓഫീസിലാണ്. കോഴിക്കോട്ടെ കലക്ടർ ബ്രോ ദില്ലിയിൽ ടൂറിസം മന്ത്രി കണ്ണന്താനത്തിന്റെ ഓഫീസിലും. തച്ചങ്കരി പിന്നിട്ട വാരത്തിൽ വാർത്തകളിൽ നിറഞ്ഞുനിന്നത് കെ.എസ്.ആർ.ടി.സി കണ്ടക്ടറുടെ കുപ്പായമണിഞ്ഞാണ്. തിരുവനന്തപുരം -കോഴിക്കോട് ഫാസ്റ്റിലെ യാത്രക്കാർക്ക് ടിക്കറ്റ് വിതരണം ചെയ്ത അദ്ദേഹം കെ.എസ്.ആർ.ടി.സിയെ രക്ഷപ്പെടുത്താനുള്ള തന്റെ ശ്രമങ്ങളും ചാനലുകളിൽ വിശദീകരിക്കുകയും ചെയ്തു. ഒരേ റൂട്ടിൽ രണ്ട് ബസ് പോകുന്ന ഘട്ടമുണ്ടായാൽ അൽപം കാത്തുനിന്ന് യാത്രക്കാരായ ശേഷം പുറപ്പെട്ടാൽ മതിയെന്നതാണ് ഒരു നിർദേശം. നല്ല കാര്യം. മൂന്ന് വർഷങ്ങൾക്കപ്പുറം രാത്രി രണ്ട് മണിയ്ക്ക് കോട്ടയം കെ.എസ്.ആർ.ടി.സി സ്റ്റേഷനിൽ തൃശൂർ അല്ലെങ്കിൽ എറണാകുളം ബസ് കാത്തുനിന്ന അനുഭവം ഓർത്തു പോവുകയാണ്. പൊതുവേ യാത്രക്കാർ കുറഞ്ഞ സമയത്ത് തുടർച്ചയായി നാല് ബസുകളാണ് എം.സി റോഡ് വഴി തിരുവനന്തപുരത്തേക്ക് പുറപ്പെട്ടത്. എല്ലാറ്റിലും രണ്ടോ മൂന്നോ യാത്രക്കാർ. കോഴിക്കോട്, തൃശൂർ, എറണാകുളം ഭാഗത്തേക്ക് ഒന്നും വന്നതുമില്ല. പെൻഷനും ശമ്പളവും മുടങ്ങുന്ന സ്ഥാപനത്തെ രക്ഷപ്പെടുത്താൻ തച്ചങ്കരിയ്ക്കാവുമോ എന്ന് കാത്തിരുന്ന് കാണാം.
*** *** ***
'വ്യാജ വാർത്ത' പ്രക്ഷേപണം ചെയ്‌തെന്ന പരാതിയിൽ ഉത്തർപ്രദേശിൽ രണ്ടു ടിവി ചാനലുകൾക്കെതിരെ എഫ്‌ഐ.ആർ. ഗാസിയാബാദ് വികസന അതോറിറ്റിയുടെ (ജിഡിഎ) പരാതിയിലാണ് നടപടി. ജിഡിഎയുടെ വൈസ് ചെയർപേഴ്‌സൻ രണ്ടു കോടി രൂപ കൈക്കൂലി വാങ്ങിയെന്ന വാർത്തയിലാണ് ആരോപണം. ചെയർപേഴ്‌സന്റെ ഭാഗം കേൾക്കാതെ രണ്ടു ഹിന്ദി ചാനലുകൾ പ്രക്ഷേപണം ചെയ്‌തെന്നാണ് പരാതി. സമാചാർ പ്ലസ്, ന്യൂസ് 1 ഇന്ത്യ എന്നീ ചാനലുകൾക്കെതിരെയാണ് കേസ്. ആരോപണങ്ങൾ ചാനലുകൾ നിഷേധിച്ചു.
അനിൽ ജയ്ൻ എന്നയാൾ അനധികൃതമായി നിർമിക്കുന്ന കെട്ടിടത്തിന്റെ പണി നിർത്തിവയ്ക്കാതിരിക്കാൻ വൈസ് ചെയർപേഴ്‌സൻ റിതു മഹേശ്വരിക്കും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും 50 ലക്ഷം രൂപ വീതം കൈക്കൂലി നൽകിയെന്ന് ത്രിലോക് അഗർവാൾ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫിസിനെ അറിയിച്ചിരുന്നു. ഇതിനെ ആധാരമാക്കി ചാനലുകൾ തയാറാക്കിയ റിപ്പോർട്ടിനെക്കുറിച്ചാണ് പരാതി ഉയർന്നിരിക്കുന്നത്.
ജിഡിഎയ്ക്കുവേണ്ടി എക്‌സിക്യൂട്ടീവ് എൻജിനീയർ ആർ.പി. സിങ്ങാണ് പരാതി നൽകിയിരിക്കുന്നത്. ഉദ്യോഗസ്ഥരെ ബ്ലാക്‌മെയിൽ ചെയ്യാനാണ് വ്യാജ വാർത്ത നൽകിയതെന്നും പരാതിയിൽ പറയുന്നു. ക്രിമിനൽ കുറ്റമാണ് ചാനലുകൾ ചെയ്തിരിക്കുന്നതെന്ന് റിതു മഹേശ്വരിയും അഭിപ്രായപ്പെട്ടു. എന്നാൽ പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ഓഫീസിലേക്ക് അയച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് വാർത്ത റിപ്പോർട്ട് ചെയ്തതെന്ന് ഇരു ചാനലുകളും അറിയിച്ചു. മാധ്യമ പ്രവർത്തകർ എന്തെല്ലാം നോക്കണം? മാധ്യമ സ്വാതന്ത്ര്യ ദിനമുൾപ്പെടെയുള്ള വാരമാണ് പിന്നിട്ടത്. അഫ്ഗാനിസ്ഥാനിൽ എ.എഫ്.പിയുടെയും ബിബിസിയുടേയും ഉൾപ്പെടെ പത്ത് ജേണലിസ്റ്റുകളാണ് ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ ഏപ്രിൽ 30ന് ചാവേർ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലും കാര്യങ്ങൾ അത്ര പന്തിയല്ല. ഗൗരി ലങ്കേഷ് ഉൾപ്പെടെ പന്ത്രണ്ട് മാധ്യമ പ്രവർത്തകർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒരു വർഷത്തിനിടെ കൊല്ലപ്പെട്ടു.
*** *** ***
മലയാള സിനിമാ ഗാനങ്ങളെക്കുറിച്ച് അമൃത ടി വിയിൽ സംവാദം സംപ്രേഷണം ചെയ്തു. ചർച്ച മലയാളത്തിൽ വേണോ അതോ ഇംഗ്ലീഷിൽ വേണോ എന്ന ധാരണയോടെയാണ് മേജർ രവി നയിച്ചത്. അതിനെ അൺ ഡു ചെയ്തിട്ട് മറ്റൊരു എൻട്രി കൊടുത്തിട്ട് എന്നൊക്കെയായിരുന്നു പ്രയോഗങ്ങൾ. മലയാള കവിയും പ്രസംഗകനുമായ പ്രഭാവർമ്മയും ജയചന്ദ്രനും കാവാലം ശ്രീകുമാറും ഇംഗ്ലീഷ് ഭാഷ കലർത്തി ഉപയോഗിച്ചുവെങ്കിലും അത്രയ്ക്ക് അരോചകമായില്ല. റേഡിയോ അവതാരകൻ സനിൽ കുമാർ മലയാളത്തെ മലയാളമായിത്തന്നെ പറഞ്ഞത് ശ്രദ്ധേയമായി. ഈ വിഷയങ്ങളൊക്കെ നല്ല രീതിയിൽ ചർച്ച ചെയ്യാൻ തക്കവിധം ശക്തവും സൗമ്യവും സുന്ദരവുമല്ലേ നമ്മുടെ മാതൃഭാഷ എന്ന് കണ്ടിരുന്ന ആരും സംശയിച്ചേക്കാം. ചില ശാസ്ത്ര വിഷയങ്ങൾ ആളുകൾക്ക് മനസ്സിലാകുന്ന വിധത്തിൽ പറയണമെങ്കിൽ ഇംഗ്ലീഷ് കൂടിയേ തീരൂ എന്ന വാദം ശരിയാണ്. എന്നാൽ മലയാള പാട്ടുകളെ കുറിച്ച് സംവാദം നടത്തുന്നിടത്ത് ആംഗലേയ അതിപ്രസരത്തിന്റെ കാര്യമുണ്ടായിരുന്നുവോ?
*** *** ***
ചെങ്കോട്ടയിലും ചെങ്കൊടി നാട്ടുമെന്നത് കേരളത്തിലെ കമ്യൂണിസ്റ്റുകാർ പണ്ടേ വിളിച്ചു വരുന്ന മുദ്രാവാക്യമാണ്. കാര്യങ്ങൾ കുറച്ചു കൂടി എളുപ്പമായി. ഡാൽമിയ മുതലാളിയെ കണ്ട് ഒരു ദിവസത്തെ വാടക കൊടുത്താൽ ഏത് നിറത്തിലുള്ള കൊടിയും ആർക്കും നാട്ടാമെന്നായി. സഖാവ് കോടിയേരി ബാലകൃഷ്ണൻ ഇതേ കുറിച്ച് പ്രസംഗിക്കുന്നതും മിനി സ്‌ക്രീനിൽ കണ്ടു. പ്രസംഗത്തിന് ഒരു വിപ്ലവ പാർട്ടി നേതാവിന്റെ ഉശിരില്ല. ചെങ്കോട്ടയുടെ കാര്യം പറഞ്ഞ് വേഗം കോൺഗ്രസിലേക്ക് തിരിഞ്ഞു. കോൺഗ്രസിൽ എന്ത് മാറ്റമാണ് ഉണ്ടായത്? കോൺഗ്രസ് യോഗങ്ങളിൽ പ്രസംഗിക്കുന്ന ആളല്ലാതെ മറ്റാരും വേദിയിലുണ്ടാവരുതെന്ന് തീരുമാനിച്ചു. നല്ല കാര്യം, അല്ലെങ്കിൽ പ്രസംഗം കേൾക്കാൻ ആരുമുണ്ടാവില്ലെന്ന് തിരിച്ചറിഞ്ഞതാവും. നേതൃമാറ്റമെന്ന് പറഞ്ഞാൽ അമ്മ മാറി മകൻ വന്നുവെന്നതാണ്. ഇതിലെന്ത് പുതുമ? പാർട്ടി സെക്രട്ടറി തുടർന്നു. തലേ ദിവസം രാത്രി ഫേസ്ബുക്കിൽ കണ്ട പ്രിയങ്ക ഗാന്ധിയുടെ ഒരു ട്വീറ്റിൽ ഗൗരവമേറിയ ഒരു ദേശീയ വിഷയമാണ് കൈകാര്യം ചെയ്തത്. രാഷ്ട്രപതി ക്രിമിനലിനെ വണങ്ങുന്ന ഗതികേടിനെ കുറിച്ച് ചിത്രത്തിന്റെ അടിക്കുറിപ്പിലും. ഇതൊക്കെ അറിയാൻ സമൂഹ മാധ്യമങ്ങളിൽ പാർട്ടി നേതാക്കളും സജീവമാകേണ്ടിയിരിക്കുന്നു.