Sorry, you need to enable JavaScript to visit this website.

ചാരിറ്റി ക്ലിനിക്കില്‍ വിദഗ്ധ ചികിത്സയ്ക്കായി   ഉമ്മന്‍ ചാണ്ടി നാളെ ജര്‍മനിയിലേക്ക്

പുതുപ്പള്ളി, കോട്ടയം- മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടി നാളെ ജര്‍മ്മനിയിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി പോകും. ശസ്ത്രക്രിയ വേണ്ടിവന്നാല്‍ അതിന് ശേഷമാവും തിരിച്ചെത്തുക എന്ന് കുടുംബം അറിയിച്ചു.  മകന്‍ ചാണ്ടി ഉമ്മന്‍, മകള്‍ മറിയം, ബെന്നി ബഹനാന്‍ എംപി, ജര്‍മന്‍ ഭാഷ അറിയാവുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജിന്‍സണ്‍ എന്നിവരും ഉമ്മന്‍ചാണ്ടിക്കൊപ്പമുണ്ടാകും.
ഞായറാഴ്ച പുലര്‍ച്ചെയാണ് ഉമ്മന്‍ചാണ്ടി ജര്‍മ്മനിയിലേക്ക് യാത്ര തിരിക്കുക. ജര്‍മ്മനിയിലെ ചാരിറ്റി ക്ലിനിക്കിലാണ് ചികിത്സ തേടുന്നത്. യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ആശുപത്രികളിലൊന്നാണ് ഇത്.  312 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുളള ആശുപത്രിയാണ് ചാരിറ്റി ക്ലിനിക്ക്. 11 നൊബേല്‍ സമ്മാന ജേതാക്കള്‍ ഈ ആശുപത്രിയില്‍ ഗവേഷകരായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഉമ്മന്‍ ചാണ്ടിക്ക് മക്കള്‍ ചികിത്സ നിഷേധിക്കുകയാണ് എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ അസംബന്ധമാണെന്ന് മകന്‍ ചാണ്ടി ഉമ്മന്‍ പ്രതികരിച്ചിരുന്നു. വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നവര്‍ക്ക് കാര്യമറിയില്ല. ഈ ആസുഖം നേരത്തെയും വന്നിട്ടുണ്ട്. 2015-ലും 2019-ലും അസുഖം വന്നു. അന്ന് ഒമ്പത് മാസം കഴിഞ്ഞാണ് പോയത്. 2015-ല്‍ വന്നപ്പോള്‍ വലിയ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. 2019-ല്‍ വന്നപ്പോള്‍ യുഎസിലും ജര്‍മനിയിലും ചികിത്സയ്ക്കായി പോയതായും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

Latest News