വായന
ഓർമ്മയെഴുത്തുകൾ അതെഴുതുന്നയാൾ ജീവിച്ച കാലത്തിന്റെയും കഥയാകണം. കേവലം ആത്മകഥാപരമായ എഴുത്തുകളിൽ നിന്ന് കാലത്തെ വായിച്ചെടുക്കുക എളുപ്പമല്ല. മുപ്പത്തി രണ്ടു വർഷം ചന്ദ്രിക പത്രാധിപ സമിതിയിൽ വിവിധ പദവികളിലിരുന്ന ടി.സി. മുഹമ്മദിന്റെ 'പാർട്ടി പത്രപ്രവർത്തകന്റെ ഓർമ്മക്കുറിപ്പുകൾ ' എന്ന 111 പേജ് മാത്രമുള്ള കൃതി കാലത്തിന് നേരെ പിടിച്ച കണ്ണാടിയായിത്തീരുന്നത് അത് കേവലം ആത്മകഥനം മാത്രമല്ലാത്തതുകൊണ്ടാണ്. അവതാരികയിൽ എം.പി.അബ്ദുസമദ് സമദാനി എഴുതിയതു പോലെ ടി.സി പറഞ്ഞു തരുന്ന സംഭവങ്ങൾ നാട്ടിൽ അൽപ കാലം മുൻപ് വരെ ജീവിച്ച വ്യക്തികളുടേതുമാണ്. ആ വ്യക്തികളോട് ഇടപെട്ടും ഭാഗഭാക്കായും ഗ്രന്ഥകാരനും ഉണ്ടായിരുന്നു. ആത്മനിഷ്ഠമായ അനുഭവങ്ങൾ ഗ്രന്ഥകാരൻ സാമൂഹികാനുഭവത്തിന്റെ തലത്തിലേക്ക് പകർത്തുന്നു. 75 കാരനായ ഗ്രന്ഥകാരൻ ജീവിച്ച കാലത്ത് ജീവിച്ചവർക്കിത് വായിക്കുമ്പോൾ ഞാനും ഇതെല്ലാം കണ്ടതാണല്ലോ എന്ന ആത്മ സംതൃപ്തി. പുതുതലമുറക്കാവട്ടെ, അവർ കാണാത്ത കാലത്തിന്റെ അനുഭവങ്ങൾ നിറവാർന്ന വരികളിൽ ലഭ്യമാകുന്നു. സാമൂഹ്യ മാറ്റത്തിനും സ്വസമുദായത്തിനുമായി ജീവിതം സമർപ്പിച്ച വ്യക്തികളെ ഗ്രന്ഥകാരൻ തെളിമയോടെ പരിചയപ്പെടുത്തുന്നു. മറ്റ് ചിലരെ വെറുതെ ഓർക്കുന്നു.
ജനാധിപത്യ ഇന്ത്യയിലെ മതന്യൂനപക്ഷ രാഷ്ട്രീയത്തിലെ തലയെടുപ്പുകളായ വ്യക്തികളാണ് പേജുകളിൽ വന്നു നിറയുന്നത്. അവരിൽ കോട്ടാൽ ഉപ്പി സാഹിബ് മുതൽ ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബ് വരെയുണ്ട്. കാന്തലോട്ട് കുഞ്ഞമ്പുവും വി.ആർ. കൃഷ്ണയ്യരുമൊക്കെ മുഖം കാണിച്ചു മറയുന്നു. ബി. പോക്കർ സാഹിബ്, ഇബ്രാഹിം സുലൈമാൻ സേട്ട്, സി.എച്ച്. മുഹമ്മദ് കോയ, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ, സി.കെ.പി ചെറിയമ്മുക്കേയി, പി. സീതി ഹാജി, എ.കെ. കുഞ്ഞിമായിൻ ഹാജി, എ.കെ. ഖാദർ കുട്ടി, വി.സി. അബൂബക്കർ, പ്രൊഫ. മങ്കട അബ്ദുൽ അസീസ് മൗലവി തുടങ്ങി നിരവിധി വ്യക്തിത്വങ്ങളുടെ നമ്മളറിയാത്ത കാര്യങ്ങളിലേക്ക് പുസ്തകം ചെന്നെത്തുന്നു.
കോട്ടാൽ ഉപ്പി സാഹിബ് ആരായിരുന്നുവെന്ന് അദ്ദേഹത്തിന്റെ നാട്ടുകാരനായ ടി.സി തെളിമയോടെ വിവരിക്കുന്നു. ബ്രിട്ടീഷ് ഭരണ കാലത്ത് ഇന്ത്യയിൽ പാർലമെന്റ് ഉണ്ടായിരുന്നില്ല. സെൻട്രൽ അസംബ്ലിയായിരുന്നു അന്നുണ്ടായിരുന്നത്. സെൻട്രൽ അസംബ്ലിയിൽ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റുവിന്റെ പിതാവ് മോത്തിലാൽ നെഹ്‌റുവിനൊപ്പം അംഗമായിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. അളവില്ലാത്ത സ്വത്തിന്റെ ഉടമ. പക്ഷേ അദ്ദേഹം മദിരാശി അസംബ്ലിയിൽ അംഗമായപ്പോൾ കുടിയാന്മാർക്ക് വേണ്ടി വീറോടെ വാദിച്ചു. ഇതു കണ്ട അന്നത്തെ ഗവർണറായിരുന്ന ബ്രിട്ടീഷുകാരൻ സർ ആർച്ച് ബാൾഡ്‌നേ (1895-1967) ചോദിച്ചു. മിസ്റ്റർ ഉപ്പി, താങ്കൾ ജന്മിത്തറവാട്ടിൽ നിന്ന് വരുന്നയാളല്ലേ എന്നിട്ടുമെന്തിന് കുടിയാന്മാർക്ക് വേണ്ടി? ഉത്തരം പെട്ടെന്നായിരുന്നു- അതെന്റെ നിയോജക മണ്ഡലമല്ല.
ഉപ്പി സാഹിബിന്റെ അവസാന കാലത്ത് അദ്ദേഹം ഏത് വിധത്തിൽ പൊതുരംഗത്ത് നിന്ന് അകന്ന് ജീവിച്ചുവെന്നും വലിയൊരു ലീഗ് വേദിയിൽ സി.എച്ച്. മുഹമ്മദ് കോയ അദ്ദേഹത്തെ സദസ്സിൽ നിന്ന് കണ്ടെത്തി സ്റ്റേജിലെത്തിക്കുന്നതുമൊക്കെ ഗ്രന്ഥകാരൻ വിവരിക്കുമ്പോൾ അതൊക്കെ ചരിത്രത്തിലെ വലിയ പാഠങ്ങളായി അവശേഷിക്കുന്നു.
ഗ്രന്ഥകാരൻ പഠിച്ച ഫാറൂഖ് കോളേജിനെക്കുറിച്ച് അഭിമാന പൂർവ്വമണ് ഓർക്കുന്നത്. പ്രിൻസിപ്പലായിരുന്ന പ്രൊഫ. കെ.എ ജലീലിനെ മാതൃകാ വ്യക്തിത്വമായി വിവരിക്കുന്നു. കേരള മുസ്‌ലിംകളിൽ ആദ്യമായി ഐ.എ.എസ് പാസായ വണ്ടൂർ സ്വദേശി അബ്ദുൽ ഹക്കീം ഫാറൂഖ് കോളേജിൽ ടി.സിയുടെ ഹോസ്റ്റൽ മേറ്റായിരുന്നു. ഹക്കീമിന്റെ ജീവിത നേട്ടം ടി.സി ഭംഗിവാക്കുകളില്ലാതെ വിവരിക്കുന്നു- ഹക്കീം ഇന്ത്യൻ പ്രധാനമന്ത്രിമാരായിരുന്ന ഇന്ദിരാഗന്ധിയുടെയും വി.പി.സിംഗിന്റെയും രാജീവ് ഗാന്ധിയുടെയും പ്രൈവറ്റ് സെക്രട്ടറിയായിരുന്നു.
സി.എച്ച്. മുഹമ്മദ് കോയയുടെയും ലീഗിന്റെയും ചരിത്രത്തിലേറ്റവും മഹത്തായ മുഹൂർത്തം മുഖ്യമന്ത്രി പദത്തിലെത്തിയതല്ലെന്ന് ഗ്രന്ഥകാരാൻ നിരീക്ഷിക്കുന്നു. ജവാഹർ ലാൽ നെഹ്‌റുവിന്റെ ലീഗ് ചത്ത കുതിര പ്രയോഗത്തിന് ''അല്ല പൺഡിറ്റ്ജി, മുസ്‌ലീഗ് ഉറങ്ങിക്കിടക്കുന്ന സിംഹമാണ്'' എന്ന് പൊന്നാനിക്കടപ്പുറത്ത് മറുപടി പറഞ്ഞതാണ് ആ ചരിത്ര ഘട്ടം. ''അര നൂറ്റാണ്ടിനിടയിൽ മലയാളം കേട്ട വീര പൗരുഷ ശബ്ദം.'' എന്ന് മുൻ മുഖ്യമന്ത്രി സി.അച്യുതമേനോൻ ഉറങ്ങിക്കിടക്കുന്ന സിംഹം പ്രയോഗത്തെ പുകഴ്ത്തിയ കാര്യം തന്റെ നിലപാടിനടിവരയിടാൻ ടി.സി ഉദ്ധരിക്കുന്നുണ്ട്.
സി.പി.ഐ നേതാവ് കാന്തലോട്ട് കുഞ്ഞമ്പു ചന്ദ്രികയുടെ കണ്ണൂർ ബ്യൂറോയിൽ കയറി വന്ന രംഗം ഇങ്ങനെ വിവരിക്കുന്നു. 'കുഞ്ഞമ്പു എന്നോട് സംസാരിക്കേ കുഞ്ഞമ്പുവിനെ അവഗണിച്ച് ഒരു യൂത്ത് ലീഗുകാരൻ സംസാരിക്കാൻ തുടങ്ങി. കുഞ്ഞമ്പുവാണെന്ന് പരിചയപ്പെടുത്തിയപ്പോൾ ചാടിയെണീറ്റ് കൈകൊടുത്തു. സർ എന്റെ വീട്ടിലെ കിണറ്റിൽ നിന്നാണ് ഒളിവിലായപ്പോൾ അങ്ങയെ പോലീസ് പിടിച്ചത്. ഇടയ്ക്ക് കയറി സംസാരിച്ചതിന് യൂത്ത് ലീഗുകാരൻ ക്ഷമ ചോദിച്ചാണ് ഇറങ്ങിപ്പോയത്- പോയ്‌പോയ നല്ല കാലത്തിന്റെ നഖ ചിത്രങ്ങൾ ഇതു പോലെ ഇനിയുമുണ്ട്.
മത ന്യൂനപക്ഷ രാഷ്ട്രീയ പാർട്ടിയുടെ മുഖപത്രത്തിലെ ജോലിയിലൂടെ മാത്രമല്ല, ഇസ്മായിൽ സാഹിബ് മുതൽ എല്ലാ ലീഗ് നേതാക്കളുടെയും പരിഭാഷകൻ എന്ന നിലക്കും ടി.സി താൻ ജീവിച്ച കാലത്തെ വ്യക്തികളെയും രാഷ്ട്രീയവും കൂടുതലായി അറിഞ്ഞു. അതുകൊണ്ട് തന്നെ പാർട്ടി പത്രവുമായി ബന്ധപ്പെട്ടതും ലീഗ് രാഷ്ട്രീയവുമായി ബന്ധപ്പെട്ടതുമായ പലർക്കും അറിയാത്ത കാര്യങ്ങളിലേക്കും ടി.സി ഇറങ്ങിച്ചെല്ലുന്നു. സി.എച്ചിന്റെ, നെഹ്‌റുവിന് മറുപടി പറഞ്ഞ പ്രസംഗം റിപ്പോർട്ട് ചെയ്തത് എ.എം. കുഞ്ഞിബാവയായിരുന്നുവെന്നത് അധികമാർക്കും അറിയാവുന്നതല്ല. പ്രസംഗത്തിന്റെ ശക്തി ചോരാതെ അതെഴുതാൻ കുഞ്ഞിബാവയുടെ തീപ്പിടിപ്പിക്കുന്ന ഭാഷക്ക് സാധിക്കുമായിരുന്നു. ബി.എം. ഗഫൂർ എന്ന കാർട്ടൂണിസ്റ്റിന്റെ ചന്ദ്രിക പ്രവേശം, മുസ്‌ല്യാരായ ബാപ്പയെ ഒളിക്കാൻ അബ്ദുൽ ഹക്കീം കനേഷ് പൂനൂരായ കഥ, ലീഗ് ചരിത്രകാരനായ എം.സി.ഇബ്രാഹിമിന് നന്നായി എഴുതാൻ കഴിയണമെങ്കിൽ ആൾക്കൂട്ടത്തിന് നടുവിലാകണമെന്ന രഹസ്യം, വടകരക്കടുത്ത തിരുവള്ളൂരിൽ ലീഗ് യംഗ് സ്പീക്കേഴ്‌സ് ഫോറത്തിന്റെ ക്യാമ്പ് തുടങ്ങും മുമ്പ് പണാറത്ത് കുഞ്ഞിമുഹമ്മദ് ' ഈ യോഗത്തിൽ കോൺഗ്രസ് കാർ ആരുമില്ലല്ലോ ' എന്ന് ചോദിച്ചപ്പോൾ ഉണ്ടെന്ന് പി.കെ.പാറക്കടവ് വിളിച്ചു പറഞ്ഞതും ആരെന്ന് ചോദിച്ചപ്പോൾ എം.സി വടകര എന്ന് മറുപടി പറഞ്ഞതുമൊക്കെയായ നുറുങ്ങുകൾ ഒരു കാലത്തിന്റെ ചിത്രവും രാഷ്ട്രീയവും വായനക്കാരന് നൽകുന്നു. ചെറിയ സംഭവങ്ങൾ പോലും ഓർമ്മയിൽ നിന്നെടുത്തെഴുതിയ പുസ്തകത്തിന്റെ പ്രസാധകർ മലപ്പുറത്തെ ഗ്രെയിസ് ബുക്‌സാണ്. ലളിതമായ വിവരങ്ങളിലൂടെ ഒരു കാലത്തെയും സമൂഹത്തെയും ഗ്രന്ഥകാരൻ ഭംഗിയായി ചരിത്രപ്പെടുത്തുന്നു.
ഇന്നലെകൾ മറന്നു കളയാനുള്ളതല്ല. അത് വീണ്ടും വീണ്ടും ഓർമ്മിക്കാനുള്ളതാണെന്ന ഉണർത്തലാണ് ഇത്തരം ഗ്രന്ഥങ്ങൾ. കാലപ്രയാണത്തിന്റെ കഥ പറയുന്ന, ഇതുപോലുള്ള രചനകൾ വായിക്കുമ്പോഴുണ്ടാകുന്ന മനസ്സിന്റെ അവസ്ഥയെക്കുറിച്ചുമാകാം അയ്യപ്പപ്പണിക്കർ ഒരു കവിതയിൽ ഇങ്ങനെ നിരീക്ഷിക്കുന്നത്.
പോയ്‌പോയ കാലവു-
മതിൻപോയ ശക്തികളു-
മൊക്കെ തിരിച്ചു വരുമപ്പോൾ ...