Sorry, you need to enable JavaScript to visit this website.

രാഹുൽ നടന്നുകയറുന്നത്...

രാജ്യത്തെ പല തട്ടുകളാക്കുന്ന വിഭജന രാഷ്ട്രീയത്തെ ചെറുക്കാൻ കഴിയുന്ന ഒരു ബദൽ ദർശനത്തിന്റെ ശക്തവും നവീനവുമായ ആവിഷ്‌കാരമാണ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര. ധാർമികത നഷ്ടപ്പെട്ട ഇന്ത്യൻ രാഷ്ട്രീയത്തിന്റെ അതുല്യമായ നവീകരണമാണ് ഈ യാത്ര. ജനങ്ങൾക്കും കാഡർമാർക്കും ഇടയിൽ കോൺഗ്രസിന്റെ പരമ്പരാഗത വേരുകൾ വീണ്ടെടുക്കാൻ ഇത് സഹായിക്കും. രാഹുൽ ഗാന്ധിയെ ഗൗരവമുള്ള രാഷ്ട്രീയക്കാരനായി പ്രതിഷ്ഠിക്കാൻ ഇതിന് കഴിയും. കോൺഗ്രസുകാരെ പ്രചോദിപ്പിക്കാനും അവരെ യുദ്ധസജ്ജരാക്കാനും ദീർഘനാളത്തേക്ക് സജീവരാക്കാനും ഈ യാത്രക്ക് കഴിയുമെങ്കിൽ അത് വലിയ വിജയമായിരിക്കും.

 


ഈ ദിവസങ്ങളിൽ രാഹുൽ ഗാന്ധി ഒരു വ്യത്യസ്ത മനുഷ്യനായിരിക്കുന്നു. കട്ടിയുള്ള താടിയും തൊലിയും നീണ്ട മുടിയുമായി അദ്ദേഹം കൂടുതൽ പ്രായം തോന്നിക്കുന്ന ഒരാളായി മാറിയിരിക്കുന്നു. ചോക്കലേറ്റ് ബോയ് ലുക് മാറി, ഗൗരവമുള്ള, അധ്വാനശീലനായ ഒരു നേതാവിന്റെ പ്രതിഛായയാണ് ഉയർന്നുവരുന്നത്. അഞ്ച് മാസം നീളുന്ന ഭാരത് ജോഡോ യാത്രയുടെ ഉപോൽപന്നമാണിത്. ബി.ജെ.പിയും സംഘപരിവാരവും പ്രധാനമന്ത്രി നരേന്ദ്ര മോഡിയിലൂടെ കൊണ്ടുവന്ന ഭിന്നിപ്പിന്റെ രാഷ്ട്രീയത്തിനെതിരായ യാത്രയാണിതെന്നാണ് രാഹുൽ അവകാശപ്പെടുന്നത്.

ധാർമികത നഷ്ടപ്പെട്ട ഇന്ത്യൻ രാഷ്ട്രീയത്തിന്റെ അതുല്യമായ നവീകരണമാണ് ഈ യാത്ര. അടിക്കടി പാർട്ടി മാറാൻ മടിയില്ലാത്ത നേതാക്കൾ, എതിരാളികളെ തകർക്കാൻ സർക്കാർ ഏജൻസികളുടെ ഭ്രാന്തവും ലജ്ജാകരവുമായ ഉപയോഗം, ന്യൂനപക്ഷങ്ങളെ പാർശ്വവത്കരിക്കാൻ മതത്തെ രാഷ്ട്രീയത്തിൽ കലർത്തൽ, ഒരു പ്രത്യേക മതവിഭാഗത്തെ സ്റ്റീരിയോടൈപ് ചെയ്യൽ, വോട്ട് നേടാനുള്ള അത്യന്തം വിഷലിപ്തമായ പ്രചാരണം എന്നിവ സമകാലീന രാഷ്ട്രീയത്തിന്റെ മുഖമുദ്രയായി മാറിയിരിക്കുന്നു. ഇതിന്റെ വിരുദ്ധ ദിശയിലാണ് ഈ യാത്രയെന്ന് സംഘാടകർ അവകാശപ്പെടുന്നു. തുടക്കത്തിൽ യാത്രയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച ബി.ജെ.പി പിൻവലിഞ്ഞ്, പകരം ആം ആദ്മി പാർട്ടിക്ക് നേരെ തോക്ക് തിരിച്ചതിൽ അതിശയിക്കാനില്ല.

എന്നാൽ രാഹുൽ ഗാന്ധിയുടെ ഔന്നത്യം വീണ്ടെടുക്കുന്നതിനോ കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കുന്നതിനോ യാത്ര കൊണ്ട് കഴിയുമെന്ന നിഗമനത്തിലെത്താൻ ആർക്കും കഴിയില്ല. പ്രതിപക്ഷ ഐക്യത്തിന്റെ നെടുംതൂണായി അത് രാഹുൽ ഗാന്ധിയെ സ്ഥാപിക്കുമെന്നും  കരുതാനാവില്ല. പക്ഷേ, തുടർനടപടികളുമായി മുന്നോട്ടു പോയാൽ ബി.ജെ.പിയെ പ്രതിരോധിക്കാൻ സാധ്യതയുള്ള ഒരു നല്ല തുടക്കമാണ് കോൺഗ്രസ് നടത്തിയതെന്ന് പറയാൻ കഴിയും. ഉദാഹരണത്തിന്, ജനങ്ങൾക്കും കാഡർമാർക്കും ഇടയിൽ കോൺഗ്രസിന്റെ പരമ്പരാഗത വേരുകൾ വീണ്ടെടുക്കാൻ ഇത് സഹായിക്കും. രാഹുൽ ഗാന്ധിയെ ഒരു ഗൗരവമുള്ള രാഷ്ട്രീയക്കാരനായി പ്രതിഷ്ഠിക്കാൻ ഇതിന് കഴിയും. ധിക്കാരിയോ 'പപ്പു'വോ അല്ലാത്ത നേതാവ്. കാൽനടയായി 3570 കിലോമീറ്റർ ദൈർഘ്യമുള്ള യാത്ര ആരംഭിക്കുന്നതിൽ അദ്ദേഹം തീർച്ചയായും ധൈര്യം കാണിച്ചിട്ടുണ്ട്. സോമനാഥിൽനിന്ന് അയോധ്യയിലേക്കുള്ള ലാൽകൃഷ്ണ അദ്വാനിയുടെ രഥയാത്ര അത്ര ബുദ്ധിമുട്ടുള്ളതായിരുന്നില്ല. കാരണം അദ്ദേഹം നടക്കാതെ, പ്രത്യേകം തയാറാക്കിയ വാഹനത്തിലായിരുന്നു യാത്ര. അതിലുയർത്തിയ പ്ലാറ്റ്‌ഫോമിൽ നിൽക്കുകയും കാഴ്ചക്കാരെ കൈവീശി കാണിക്കുകയും ചെയ്തു. എന്നാൽ രാഹുൽ ഗാന്ധി എല്ലായിടത്തും നടന്ന് ആളുകളെ കാണുകയും ആലിംഗനം ചെയ്യുകയും അവരോട് സംസാരിക്കുകയും ചെയ്യുന്നു. മുൻ പ്രധാനമന്ത്രി ചന്ദ്രശേഖറിന്റെ കാൽനട യാത്രയുമായാണ് ഇതിന് കുറച്ചെങ്കിലും സാമ്യം. 1984 ൽ ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടില്ലായിരുന്നുവെങ്കിൽ ചന്ദ്രശേഖർ വ്യത്യസ്തനായ നേതാവാണെന്ന് തെളിയിക്കുമായിരുന്നു.

ഉത്തരേന്ത്യൻ രാഷ്ട്രീയത്തിന്റെ കേന്ദ്ര ബിന്ദുവായി ഹിന്ദുത്വ അജണ്ട സ്ഥാപിക്കാൻ അദ്വാനിയുടെ യാത്ര ബി.ജെ.പിയെ വളരെയധികം സഹായിച്ചു. ആറ് പതിറ്റാണ്ടിലേറെയായി നിലനിന്നുവെങ്കിലും സ്വീകാര്യതയും തൽഫലമായി മാന്യതയും നേടിയിട്ടില്ലാത്ത ആർ.എസ്.എസിന്റെയും ബി.ജെ.പിയുടെയും പ്രത്യയശാസ്ത്രപരമായ കാതൽ വോട്ടർമാർക്ക് അത് തുറന്നുകാട്ടി. ഹിന്ദുത്വം സംസാര വിഷയമായി. അത് കോൺഗ്രസിന്റെ മതേതര ഇന്ത്യക്ക് ഒരു ബദൽ കാഴ്ചപ്പാട് വാഗ്ദാനം ചെയ്തു. സ്വാതന്ത്ര്യത്തിനു ശേഷം ആദ്യമായി അത് നെഹ്‌റുവിയൻ സമവായത്തിൽ വിള്ളലുകൾ സൃഷ്ടിച്ചു. നിരവധി വരേണ്യ, നഗര ബുദ്ധിജീവികൾ ബി.ജെ.പിയിലേക്ക് കുടിയേറി, ഹിന്ദുത്വയെ പുതിയ വിശ്വാസമായി അംഗീകരിച്ചു. കമ്യൂണിസത്തിന് തിളക്കം നഷ്ടപ്പെട്ടുകൊണ്ടിരുന്ന കാലം കൂടിയാണിത്. നമുക്ക് ഒരു പ്രത്യയശാസ്ത്ര ശൂന്യത ഉണ്ടായിരുന്നു, ആ വിടവ് നികത്താൻ ബി.ജെ.പി വലിയൊരു ചുവടുവെപ്പ് നടത്തി.

പതിറ്റാണ്ടുകൾക്ക് ശേഷം മോഡിയുടെ ഹിന്ദുത്വത്തിന് ഒരു ബദൽ ദർശനം കാണുന്നില്ല. പ്രതിപക്ഷ നേതാക്കൾ ഒന്നുകിൽ ഹിന്ദുത്വം പകർത്തുകയാണ്, അല്ലെങ്കിൽ ഭരണകൂടത്തിന്റെ ശക്തിക്ക് മുന്നിൽ സൗമ്യമായി കീഴടങ്ങുകയാണ്. മോഡിയുടെ ഹിന്ദു രാഷ്ട്രത്തിന് മൃദു ഹിന്ദുത്വം മറുപടിയാകില്ലെന്ന് ആദ്യകാല ആശയക്കുഴപ്പങ്ങൾക്ക് ശേഷം രാഹുൽ ഗാന്ധി തിരിച്ചറിഞ്ഞു. ഹിന്ദുത്വയുടെ വിഭജന രാഷ്ട്രീയത്തെ വെല്ലുവിളിക്കാനോ മുസ്‌ലിം അനുകൂല പാർട്ടിയെന്ന കോൺഗ്രസിന്റെ പ്രതിഛായ തിരുത്താനോ 'ക്ഷേത്ര സന്ദർശന തട്ടിപ്പ്' കൊണ്ട് കഴിയില്ലെന്ന് ബോധ്യമായി. ഇപ്പോൾ, ഇന്ത്യക്ക് ഒരു ബദൽ ദർശനത്തിന്റെ ശക്തമായ ആവിഷ്‌കാരമുണ്ട്. സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ പൈതൃകം, സാമൂഹിക സൗഹാർദ സങ്കൽപം, ധർമത്തിന്റെ ഗാന്ധിയൻ സിദ്ധാന്തം എന്നിവയെ വീണ്ടെടുക്കുന്ന ദർശനം. 

ലിബറൽ ഇടതുപക്ഷത്തിൽനിന്ന് വ്യത്യസ്തമായി, ഗാന്ധിജി, മതത്തെ പൊതുജീവിതത്തിൽനിന്ന് തള്ളിക്കളഞ്ഞില്ല. ഹിന്ദ് സ്വരാജ് എന്ന തന്റെ പ്രശസ്തമായ പുസ്തകത്തിൽ ഗാന്ധിജി ഇങ്ങനെ എഴുതുന്നു: ഞാൻ ധർമത്തെ സ്‌നേഹിക്കുന്നു, അതുകൊണ്ടാണ് എന്റെ ആദ്യത്തെ വേദന ഹിന്ദുസ്ഥാൻ ധർമത്തിൽനിന്ന് അകന്നുപോകുന്നു എന്നതാകുന്നത്. എന്നിട്ട് ധർമം എന്തെന്ന് അദ്ദേഹം വിശദീകരിക്കുന്നു. 'ധർമം എന്നാൽ ഹിന്ദു, മുസ്‌ലിം, ക്രിസ്ത്യൻ എന്നല്ല അർഥമാക്കുന്നത്. എന്നാൽ ഈ മതങ്ങളുടെ കാതൽ ഇന്ത്യയിൽനിന്ന് അകന്നുപോകുകയാണ്, നമ്മൾ ഈശ്വരനിൽ നിന്ന് അകലുകയാണ്.

വിവിധ മതങ്ങൾ തമ്മിലുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഗാന്ധി പറയുന്നു: ഒരേ ലക്ഷ്യത്തിലെത്താനുള്ള വ്യത്യസ്ത പാതകളാണ് മതങ്ങൾ. നമ്മൾ വ്യത്യസ്ത വഴികളിലൂടെ സഞ്ചരിക്കുന്നതിൽ എന്താണ് കുഴപ്പം? എവിടെയാണ് സംഘർഷം? ഹിന്ദു ധർമത്തെക്കുറിച്ചുള്ള ബി.ജെ.പിയുടെ ധാരണക്ക് വിപരീതമായ ഈ നിലപാട് ഉയർത്തിപ്പിടിച്ച് എല്ലാത്തരം വിശ്വാസികളുമായുള്ള കൂടിക്കാഴ്ചക്കാണ് രാഹുൽ ഗാന്ധി ശ്രമിക്കുന്നത്. അദ്ദേഹത്തിന് ലഭിക്കുന്ന പ്രതികരണം അദ്ദേഹം പൊതുജനങ്ങളുമായി ഇടപഴകുന്നു എന്നതിന്റെ സൂചനയാണ്. ഉത്തരേന്ത്യയിലേക്ക് യാത്ര ഇതുവരെ കടന്നിട്ടില്ലെങ്കിലും ബി.ജെ.പിയെ അങ്കലാപ്പിലാക്കുന്നതാണ് ഇതുവരെയുള്ള കാഴ്ച.

മോഡിയുടെ യഥാർഥ വെല്ലുവിളിയായി സ്വയം കരുതുകയും അതേസമയം, ബി.ജെ.പിയുടെ ഹിന്ദുത്വ ബ്രാൻഡ് പകർത്തുകയും ചെയ്യുന്ന അരവിന്ദ് കെജ്‌രിവാളിൽനിന്ന് വ്യത്യസ്തമായി, രാഹുൽ ഗാന്ധിയുടെ യാത്ര കോൺഗ്രസുകാർക്ക് ഒരു പ്രത്യയശാസ്ത്ര വ്യക്തത നൽകുന്നുണ്ട്. മോഡിയെ ഹിന്ദുത്വത്തിന്റെ നട്ടെല്ലായി ചിത്രീകരിക്കുന്നതിന് പകരം സമുദായങ്ങൾ തമ്മിലുള്ള ശത്രുതയുടെ യഥാർഥ കാരണം ആർ.എസ്.എസാണ് എന്നദ്ദേഹം പ്രചരിപ്പിക്കുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, പതിറ്റാണ്ടുകളായി ആർ.എസ്.എസ് ആവിഷ്‌കരിച്ച ആശയങ്ങൾ നടപ്പിലാക്കുന്ന ആരാച്ചാർ മാത്രമാണ് മോഡി.

കോൺഗ്രസുകാരെ പ്രചോദിപ്പിക്കാനും അവരെ യുദ്ധസജ്ജരാക്കാനും ദീർഘനാളത്തേക്ക് സജീവരാക്കാനും ഈ യാത്രക്ക് കഴിയുമെങ്കിൽ അത് വലിയ വിജയമായിരിക്കും. ആർ.എസ്.എസിന്റെയും ബി.ജെ.പിയുടെയും ഏറ്റവും വലിയ ശക്തികളിലൊന്ന് അവരുടെ സംഘടനാ ബോധവും അച്ചടക്കവുമാണ്. കോൺഗ്രസിന് അതില്ല. അവരുടെ നേതാക്കൾ മടിയന്മാരായി, പോരാടാനുള്ള ഇഛാശക്തി നഷ്ടപ്പെട്ടു. ദർബാരി നേതാക്കളെ പുറത്താക്കണം. പുതിയ കാഡർ വികസിപ്പിക്കേണ്ടതുണ്ട്. ഇതാണ് ഏറ്റവും കഠിനമായ ദൗത്യം. അതിലേക്കാണ് നിസ്സംശയം, രാഹുൽ ഗാന്ധിയുടെ യാത്ര മുന്നേറുന്നത്.

Latest News