മനാമ- ലോകത്തിലെ മഹത്തായ മതങ്ങള്‍ സമാധാനത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്തു. ഉക്രെയ്‌നിലെ റഷ്യയുടെ യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കെ വെള്ളിയാഴ്ച മനാമയില്‍ മുസ്‌ലിം, ക്രിസ്ത്യന്‍, ജൂത നേതാക്കള്‍ പങ്കെടുത്ത മതാന്തര ഉച്ചകോടിയിലാണ് മാര്‍പാപ്പയുടെ ആഹ്വാനം
അക്രമത്തെ ന്യയീകരിക്കാന്‍ മതത്തെ ഒരിക്കലും ഉപയോഗിക്കരുത്. യുദ്ധം ചെയ്യാനുള്ള ലോകശക്തികളുടെ ബാലിശമായ ഇച്ഛകളെ ചെറുക്കാന്‍ മതനേതാക്കള്‍ ശ്രമിക്കണം.
ബഹ്‌റൈന്‍ ഭരണാധികാരി ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ രാജാവ് സ്‌പോണ്‍സര്‍ ചെയ്ത സമ്മേളനത്തില്‍ വിവിധ മതവിശ്വാസികളുടെ ഐക്യത്തെ കുറിച്ചാണ് പോപ്പ് ഊന്നിപ്പറഞ്ഞത്.
വ്യത്യസ്ത വിശ്വാസങ്ങളിലുള്ള ആളുകള്‍ തമ്മിലുള്ള സഹകരണം നിലവിലുള്ള മുറിവുകള്‍ സുഖപ്പെടുത്താനും കൂടുതല്‍ നീതിയും സുസ്ഥിരവുമായ ലോകത്തെ പ്രോത്സാഹിപ്പിക്കാനും സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു. ഉക്രെയ്‌നിലെ റഷ്യയുടെ യുദ്ധം അവസാനിപ്പിക്കാനും സമാധാന ചര്‍ച്ചകള്‍ ആരംഭിക്കാനും സമ്മേളനത്തില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു.
എല്ലാ മനുഷ്യരുടെയും നന്മയ്ക്കായി' ഉക്രെയ്‌നിലെ റഷ്യയുടെ യുദ്ധം അവസാനിപ്പിക്കുന്നതിനും സമാധാന ചര്‍ച്ചകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള യോജിച്ച ശ്രമത്തിന് ഹമദ് രാജാവ് ആഹ്വാനം ചെയ്തു.
ബഹ്‌റൈന്‍ അധികാരികള്‍ വധശിക്ഷ ഉപേക്ഷിക്കണമെന്നും എല്ലാ പൗരന്മാര്‍ക്കും അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ ഉറപ്പുനല്‍കണമെന്നും അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് ഫ്രാന്‍സിസ് വ്യാഴാഴ്ച ബഹ്‌റൈന്‍ സന്ദര്‍ശനം ആരംഭിച്ചത്.