Sorry, you need to enable JavaScript to visit this website.

പോലീസുകാരെ കൈയേറ്റം ചെയ്ത  കേസില്‍ ഏഴു പേര്‍ അറസ്റ്റില്‍

പോലീസുകാരെ കൈയേറ്റം ചെയ്ത കേസില്‍ കല്‍പറ്റയില്‍ അറസ്റ്റിലായ സംഘം.

കല്‍പറ്റ-രാത്രികാല പരിശോധനയ്ക്കിടെ പോലീസുകാരുടെ കൃതൃനിര്‍വഹണം തടസപ്പെടുത്തുകയും കൈയേറ്റം ചെയ്യുകയും ബസ് തടയുകയും ചെയ്ത സംഘത്തിലെ ഏഴു പേര്‍ പിടിയില്‍. മണിയങ്കോട്  ഓടമ്പം വിഷ്ണു (27), ഇഷ്ടികപ്പൊയില്‍ പ്രവീണ്‍കുമാര്‍ (23),  നെടുങ്ങോടുവയല്‍ അരുണ്‍ (25), വാക്കേല്‍ വിഘ്നേഷ് (24), അരുണ്‍ നിവാസില്‍ അരുണ്‍ (30), പുത്തൂര്‍വയല്‍ ഒഴുക്കുന്നത്ത് കാട്ടില്‍ അഭിലാഷ് (34), താഴെ മുട്ടില്‍ ശ്രീനിക വീട്ടില്‍ ശ്രീരാഗ് (26) എന്നിവരാണ് അറസ്റ്റില്‍. വ്യാഴാഴ്ച അര്‍ധരാത്രി ചുങ്കം ജംഗ്ഷനിലാണ് കേസിനു ആസ്പദമായ സംഭവം. 
ചുങ്കം ജംഗ്ഷനില്‍ സംഘടിച്ചെത്തിയ സംഘം പോലീസ് വാഹനത്തിന്റെ ഫോട്ടോയെടുത്തു. വാഹനത്തിനു ഇന്‍ഷ്വറന്‍സ് ഇല്ലെന്നും അവിടെനിന്നു എടുക്കാന്‍ അനുവദിക്കില്ലെന്നും പറഞ്ഞു തട്ടിക്കയറി. ഇതിനിടെ കോഴിക്കോട് ഭാഗത്തുനിന്നു വന്ന കെ.എസ്.ആര്‍.ടി.സി  ബസ് സംഘം തടഞ്ഞുനിര്‍ത്തി.  സര്‍ക്കാര്‍ വാഹനങ്ങളും പരിശോധിക്കണമെന്നു പോലീസിനോടു ആവശ്യപ്പെട്ടു. ബസ് തടഞ്ഞു യാത്രക്കാര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കിയ സംഘത്തെ പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു കൈയേറ്റം. കൂടുതല്‍ പോലീസുകാര്‍ എത്തിയാണ് സംഘാംഗങ്ങളില്‍ ഏഴു പേരെ അറസ്റ്റു ചെയ്തത്. ഏതാനും ആളുകളെ പിടികുടാനുണ്ട്. 

 

Latest News