റിയാദ് - സാമ്പത്തിക വൈവിധ്യവല്‍ക്കരണത്തിനും പുതിയ വ്യവസായ മേഖലകള്‍ കെട്ടിപ്പടുക്കാനുമുള്ള ഉറച്ച ചുവടുവെപ്പുകളുമായി മുന്നോട്ടുപോകുന്ന സൗദി അറേബ്യയില്‍ ഇലക്ട്രിക് കാര്‍ വ്യവസായത്തിന് പ്രായോഗിക തുടക്കമാകുന്നു. ഇലക്ട്രിക് കാറുകള്‍ നിര്‍മിക്കുന്ന ആദ്യ സൗദി ബ്രാന്‍ഡ് ആയ സീര്‍ കമ്പനിക്ക് കിരീടാവകാശിയും പ്രധാനമന്ത്രിയും പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ സമാരംഭം കുറിച്ചു.
വിഷന്‍ 2030 പദ്ധതി ലക്ഷ്യങ്ങള്‍ക്കനുസൃതമായി സാമ്പത്തിക സ്രോതസ്സുകളുടെ വൈവിധ്യവല്‍ക്കരണം ഉന്നമിട്ട് മികച്ച മേഖലകള്‍ ആരംഭിക്കുന്നതിലും ശാക്തീകരിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് തന്ത്രത്തിന് അനുസൃതമായാണ് സൈര്‍ കമ്പനി സ്ഥാപിച്ചിരിക്കുന്നത്.
സൈര്‍ കമ്പനി ആരംഭിക്കുന്നതിലൂടെ സൗദിയില്‍ ഒരു കാര്‍ ബ്രാന്‍ഡ് കെട്ടിപ്പടുക്കാന്‍ മാത്രമല്ല ലക്ഷ്യമിടുന്നത്, മറിച്ച്, ദേശീയ വ്യവസായിക വികസനത്തെ പിന്തുണക്കുന്ന ഒന്നിലധികം തന്ത്രപ്രധാന മേഖലകളുടെ ശാക്തീകരണത്തെ പിന്തുണക്കാനും ലക്ഷ്യമിടുന്നതായി കിരീടാവകാശി പറഞ്ഞു. പ്രാദേശിക, അന്താരാഷ്ട്ര നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനും സ്വദേശികള്‍ക്ക് നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സ്വകാര്യ മേഖലക്ക് നിരവധി പുതിയ അവസരങ്ങള്‍ ലഭ്യമാക്കാനും കമ്പനി സഹായിക്കും. വരുന്ന ഒരു ദശകത്തിനുള്ളില്‍ സൗദി അറേബ്യയുടെ മൊത്തം ആഭ്യന്തരോല്‍പാദനം വര്‍ധിപ്പിക്കാന്‍ ഇത് സഹായിക്കും. വിഷന്‍ 2030 പദ്ധതിക്കനുസൃതമായി സാമ്പത്തിക വളര്‍ച്ച വേഗത്തിലാക്കാന്‍ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് തന്ത്രം ലക്ഷ്യമിടുന്നതായും മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു.
സീര്‍ കമ്പനി 56.2 കോടി റിയാലിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2034 ഓടെ മൊത്തം ആഭ്യന്തരോല്‍പാദനത്തിലേക്ക് 3,000 കോടി റിയാല്‍ കമ്പനി സംഭാവന ചെയ്യുകയും പ്രത്യക്ഷമായും പരോക്ഷമായും 30,000 തൊഴിലവസരങ്ങള്‍ ലഭ്യമാക്കുകയും ചെയ്യും. പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് തന്ത്രത്തിന്റെ ഭാഗമായാണ് സീര്‍ കമ്പനി പ്രവര്‍ത്തിക്കുക. സെഡാനുകളും എസ്.യു.വികളും ഉള്‍പ്പെടെ സെല്‍ഫ് ഡ്രൈവിംഗ് പോലുള്ള നൂതന സാങ്കേതിക സംവിധാനങ്ങളുള്ള ഇലക്ട്രിക് കാറുകള്‍ കമ്പനി രൂപകല്‍പന ചെയ്ത് നിര്‍മിക്കുകയും സൗദിയിലും മധ്യപൗരസ്ത്യദേശത്തും വില്‍ക്കുകയും ചെയ്യും.
സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്റെയും ഫോക്‌സ്‌കോണ്‍ കമ്പനിയുടെയും സംയുക്ത പദ്ധതിയാണ് സീര്‍ കമ്പനി. വൈദ്യുതി കാര്‍ നിര്‍മാണത്തിന് ഉപയോഗിക്കാന്‍ ഇലക്ട്രിക് കാറുകളുമായി ബന്ധപ്പെട്ട സാങ്കേതിക ഘടകങ്ങളുടെ ലൈസന്‍സുകള്‍ ബി.എം.ഡബ്ലിയു കമ്പനിയില്‍ നിന്ന് സീര്‍ കമ്പനിക്ക് ലഭിക്കും. ഇലക്ട്രിക് കാറുകള്‍ക്കാവശ്യമായ വൈദ്യുതി സംവിധാനം ഫോക്‌സ്‌കോണ്‍ കമ്പനി വികസിപ്പിക്കും. ഇവ പൂര്‍ണമായും രൂപകല്‍പന ചെയ്ത് നിര്‍മിക്കുക സൗദിയിലായിരിക്കും. ഏറ്റവും ഉയര്‍ന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായി കാറുകള്‍ ഗുണനിലവാര പരിശോധനക്ക് വിധേയമാക്കും. ഇലക്ട്രിക് കാറുകള്‍ 2025 ല്‍ വില്‍പനക്ക് ലഭ്യമാകും.
സൗദിയില്‍ ഇലക്ട്രിക് കാറുകളുടെ രൂപകല്‍പനയിലും നിര്‍മാണത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് ഒരു പുതിയ കാര്‍ കമ്പനി സ്ഥാപിക്കാന്‍ സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടുമായുള്ള ഫോക്‌സ്‌കോണ്‍ കമ്പനി പങ്കാളിത്തം ഏറെ പ്രധാനമാണെന്നും ഇതില്‍ ഏറെ ആഹ്ലാദമുണ്ടെന്നും ഫോക്‌സ്‌കോണ്‍ കമ്പനി ചെയര്‍മാന്‍ യോംഗ് ലിയോ പറഞ്ഞു. സെല്‍ഫ് ഡ്രൈവിംഗ് സിസ്റ്റം പോലുള്ള സാങ്കേതിക സംവിധാനങ്ങളില്‍ വേറിട്ടുനില്‍ക്കുന്ന ഇലക്ട്രിക് കാറുകളുടെ നിര്‍മാണത്തില്‍ സൈറിനെ പിന്തുണക്കാന്‍ ഫോക്‌സ്‌കോണ്‍ കമ്പനിയുടെ പരിയസമ്പത്തും വൈദഗ്ധ്യവും പ്രയോജനപ്പെടുത്തും. ഇലക്ട്രിക് കാറുകള്‍ എന്ന ആശയം പ്രോത്സാഹിപ്പിക്കാനും വൈദ്യുതി കാര്‍ ഉപയോക്താക്കളുടെ എണ്ണം വര്‍ധിപ്പിക്കാനും ഞങ്ങള്‍ ലക്ഷ്യമിടുന്നു. ഇതാണ് കമ്പനി സൗദിയിലും മേഖലയിലും മൊത്തത്തില്‍ ചെയ്യുകയെന്നും യോംഗ് ലിയോ പറഞ്ഞു.