- മുഖ്യമന്ത്രിയെ പ്രതിരോധത്തിലാക്കി സി.പി.എം സംസ്ഥാന സെക്രട്ടറി
കോഴിക്കോട് - കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കി ഉയർത്തിയതിൽനിന്ന് പിണറായി സർക്കാർ യൂ ടേണടിച്ചെങ്കിലും പാർട്ടിയും മുന്നണിയും അറിയാതെയുള്ള തീരുമാനത്തിന് പിന്നിൽ പ്രവർത്തിച്ച തല ആരുടേത്? സർക്കാർ തെറ്റ് തിരുത്തിയെങ്കിലും വളരെ സുപ്രധാനവും നയപരവുമായ ഒരു വിഷയം സ്വന്തം പാർട്ടിയിലും ഇടതുമുന്നണിയിലും ചർച്ച ചെയ്തിട്ടില്ലെന്നത് വളരെ ഗുരുതരമായ വീഴ്ചയാണ്.
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തോടെയാണ് പാർട്ടി അറിയാതെയാണ് പെൻഷൻ പ്രായം ഉയർത്തിയതെന്ന കാര്യം പൊതുസമൂഹം അറിഞ്ഞത്. മുഖ്യമന്ത്രി പിണറായി വിജയനെ അങ്ങേയറ്റം
പ്രതിരോധത്തിലാക്കുന്നതാണീ വെളിപ്പെടുത്തൽ. പാർട്ടി പൊളിറ്റ് ബ്യൂറോ അംഗമായ മുഖ്യമന്ത്രി സ്വന്തം പാർട്ടിയിലും ഇടതുമുന്നണിയിലും ചർച്ച ചെയ്യാത്ത ഒരു കാര്യം മുന്നണിയിലെ രണ്ടാംകക്ഷിയായ സി.പി.ഐയും അറിയാനിടയില്ല. ഇനി മന്ത്രിസഭയിൽ ചർച്ച ചെയ്തപ്പോൾ സി.പി.ഐ മന്ത്രിമാർ എതിർക്കാത്തതിനാൽ പാർട്ടി നേതൃത്വത്തെ അറിയിച്ചിരുന്നുവോ എന്നതിലെ വ്യക്തത വരാനിരിക്കുന്നുള്ളൂ.
പെൻഷൻ പ്രായം ഉയർത്തിയത് പാർട്ടിയോട് ആലോചിക്കാതെയാണെന്നും അതിനാലാണ് സർക്കാറിന് പിൻവാങ്ങേണ്ടി വന്നതെന്നുമാണ് സി.പി.എം സെക്രട്ടറി വ്യക്തമാക്കിയത്. പാർട്ടിയോട് ആലോചിക്കാതെ എങ്ങനെയാണ് അത്തരമൊരു തീരുമാനം സർക്കാർ എടുത്തതെന്ന് പരിശോധിക്കുമെന്നും പെൻഷൻ പ്രായം ഉയർത്തേണ്ടതില്ലെന്നാണ് പാർട്ടി നിലപാടെന്നും അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്.
ഭരണതലത്തിൽ സർക്കാർ സ്വീകരിക്കേണ്ട സുപ്രധാനമായ ഒരു പ്രശ്‌നത്തിൽ പാർട്ടി നിലപാടിന് വിരുദ്ധമായൊരു തീരുമാനം മുഖ്യമന്ത്രിയും മന്ത്രിമാരും സ്വീകരിച്ചത് വലിയൊരു വീഴ്ചയാണ്. ഇത് തിരിച്ചറിഞ്ഞതിനാലാണ് ബഹുജന പ്രക്ഷോഭങ്ങളുടെ കൂടി ഭാഗമായി സർക്കാർ തീരുമാനത്തിൽനിന്ന് പിൻവാങ്ങിയത്.
പാർട്ടിയിൽ ചർച്ച ചെയ്യാത്ത ഒരു കാര്യം, അതും സ്വന്തം സർക്കാറിനെതിരായ ഒരു കാര്യം പാർട്ടി സെക്രട്ടറി പരസ്യമായി മാധ്യമങ്ങളോട് പ്രതികരിക്കാറില്ല. എന്നാൽ ഗോവിന്ദൻ മാസ്റ്റർ ആ ഒരു പതിവ് തെറ്റിച്ചത് വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്താണെന്നാണ് വിവരം. മുഖ്യമന്ത്രിയെയും സർക്കാറിനെയും തിരുത്താനുള്ള കൃത്യമായ സന്ദേശമാണ് അദ്ദേഹം നൽകിയതെന്നും ഇത് കൂടുതൽ ഗുണം ചെയ്യുമെന്ന് പാർട്ടിക്കുള്ളിലും പുറത്തും പൊതുവെ അഭിപ്രായമുണ്ട്.
ഗോവിന്ദൻ മാഷ് വെറുമൊരു മാഷല്ല, മുഖ്യമന്ത്രിയെയും പാർട്ടി വരുതിയിലേക്ക് കൊണ്ടുവരാനുള്ള ഒന്നാന്തരം മുന്നറിയിപ്പാണ് നൽകിയതെന്നും സംസാരമുണ്ട്. മാഷുടെ പാർട്ടി പദവികളിലേക്കുള്ള വരവിലെല്ലാം പിണറായിയുടെ പരിപൂർണ പിന്തുണയുണ്ടെങ്കിലും ഇടത് നയവ്യതിയാനങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്ന കൃത്യമായ സന്ദേശം നൽകാൻ തുടക്കത്തിലേ അദ്ദേഹത്തിനായെന്നും വിലയിരുത്തലുണ്ട്. കാര്യങ്ങൾ കൃത്യമായി പഠിച്ചും തിരുത്തിയും മുന്നോട്ടു പോകാനും, കൂടുതൽ പേരുടെ വിശ്വാസം ആർജിക്കാനുമുള്ള ശ്രമത്തിലാണ് പാർട്ടി സെക്രട്ടറിയെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. അതിനിടെ വിവാദ ഉത്തരവിന്റെ കോപ്പി ഗോവിന്ദൻ മാസ്റ്റർ മന്ത്രിയായിരിക്കുമ്പോൾ വന്നതാണെന്നും അന്ന് അതിനെതിരെ ഒരക്ഷരം പറഞ്ഞില്ലെന്നും പിന്നീട് പാർട്ടി സെക്രട്ടറിയായപ്പോഴാണ് അദ്ദേഹം നാവ് തുറക്കുന്നതെന്നും ആരോപണമുണ്ട്. എന്തായാലും പാർട്ടി നയങ്ങൾക്കനുസരിച്ചേ ഏത് ഉത്തരവും നടപ്പാക്കാനാവൂ എന്ന സന്ദേശമാണ് അദ്ദേഹം നൽകുന്നത്.