കോഴിക്കോട് - മെസി ആരാധകർക്കു മുമ്പിൽ വിട്ടുകൊടുക്കാതെ മഞ്ഞപ്പട. കഴിഞ്ഞ ദിവസം അർജന്റീനയുടെ ഫുട്ബാൾ മിശിഹ ലിയോണൽ മെസിയുടെ കട്ടൗട്ട് ഉയർന്ന പുള്ളാവൂരിലെ ചെറുപുഴയിൽ കാനറികളുടെ സുൽത്താൻ നെയ്മറുടെ കൂറ്റൻ കട്ടൗട്ട് സ്ഥാപിച്ച് ബ്രസീൽ ആരാധകരുടെ മറുപടി.
കൊടുവള്ളിക്കടുത്ത ചെറുപുഴയിലെ കുറുങ്ങാട്ടുകടവിൽ സ്ഥാപിച്ച മെസിയുടെ കൂറ്റൻ കട്ടൗട്ട് അന്താരാഷ്ട്ര മാധ്യമങ്ങളിൽ അടക്കം വാർത്തയായതിന് തൊട്ടു പിന്നാലെയാണ് അതിനേക്കാൾ ഉയരത്തിൽ നെയ്മറിന്റെയും കട്ടൗട്ട് ഉയർന്നത്. മെസിയുടെ കട്ടൗട്ട് 30 അടിയാണെങ്കിൽ നെയ്മറുടെ തലപ്പൊക്കം 40 അടിയാണ്. ഇതിന് ഏകദേശം 25,000 രൂപ ചെലവ് വരുമെന്ന് ബ്രസീൽ ആരാധകർ പറഞ്ഞു.