തൃശൂർ- കോൺഗ്രസ് നേതാവ് വി.എം സുധീരന്റെ വീട്ടിലേക്ക് ഒൻപതാം തവണയും കൂടോത്രം. ഇന്ന് രാവിലെയാണ് സുധീരന്റെ വീടിനോട് ചേർന്നുള്ള പൂന്തോട്ടത്തിലെ വാഴച്ചുവട്ടിൽനിന്നും കൂടോത്രവസ്തുക്കൾ കണ്ടെത്തിയത്. നേരത്തെ എട്ടു തവണയും ഇതുപോലെ വസ്തുക്കൾ കണ്ടെത്തിയിരുന്നു. കണ്ണ്, കൈകൾ, കാലുകൾ, ആൾരൂപം, ശൂലങ്ങൾ, ഏതോ ലിഖിതമുള്ള ചെമ്പ് തകിടുകൾ, വെള്ളക്കല്ലുകൾ എന്നിവയാണ് കണ്ടത്.
നേരത്തുള്ളവത് മറ്റ് പല രൂപങ്ങളിലായിരുന്നു. നേരത്തെയുള്ളതുപോലെതന്നെ ഇതെല്ലാം ഒരു പാഴ്‌വേലയായിട്ടാണ് ഇപ്പോഴും കാണുന്നതെന്നും തുടർച്ചയായി വന്നതുകൊണ്ടാണ് ഇത്തവണ ഇത് എല്ലാവരെയും അറിയിക്കണമെന്ന് തോന്നിയതെന്നും സുധീരൻ പറഞ്ഞു. ഈ വസ്തുക്കളെല്ലാം മെഡിക്കൽ കോളേജ് പോലീസിനെ ഏൽപ്പിക്കുകയും ചെയ്തു. ഈ പരിഷ്‌കൃത കാലത്തും ഇത്തരം വേലത്തരങ്ങളുമായി ഇറങ്ങിത്തിരിക്കുന്നവരെ കുറിച്ച് നമുക്ക് സഹതപിക്കാമെന്നും സുധീരൻ ഫെയ്‌സ്ബുക്കിൽ പറഞ്ഞു.