ദമാം - സൗദി അറേബ്യയെയും ബഹ്‌റൈനെയും ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ്‌വേയില്‍ ഇന്നലെ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. സൗദിയില്‍ നിന്ന് ബഹ്‌റൈനിലേക്കും ബഹ്‌റൈനില്‍ നിന്ന് സൗദിയിലേക്കുമുള്ള യാത്രക്കാരുടെ നീക്കം പൂര്‍ണമായും തടസ്സപ്പെട്ടു. ഇതേ തുടര്‍ന്ന് നിരവധി പേര്‍ ബഹ്‌റൈന്‍ യാത്രാ പദ്ധതി ഉപേക്ഷിച്ച് സൗദിയിലേക്കു തന്നെ മടങ്ങി.
ആയിരക്കണക്കിന് വാഹനങ്ങളാണ് ഗതാഗതം തടസ്സപ്പെട്ട് കോസ്‌വേയില്‍ കുടുങ്ങിയത്. മണിക്കൂറുകള്‍ക്കു ശേഷം കോസ്‌വേയില്‍ ഗതാഗതം പുനഃസ്ഥാപിച്ചു. ഗതാഗതം തടസ്സപ്പെടാനുള്ള കാരണം കിംഗ് ഫഹദ് കോസ്‌വേ അതോറിറ്റി അറിയിച്ചിട്ടില്ല. ഗതാഗതം തടസ്സപ്പെട്ട് കോസ്‌വേയില്‍ ആയിരക്കണക്കിന് വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോകള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചു.