കണ്ണൂര്‍ - തലശേരി പാലയാട് കാമ്പസില്‍ ഒന്നാം വര്‍ഷ എല്‍.എല്‍.ബി വിദ്യാര്‍ഥിയെ മര്‍ദ്ദിച്ചുവെന്ന എസ്.എഫ്.ഐയുടെ പരാതിയില്‍ വിദ്യാര്‍ഥി ഐക്യമുന്നണി നേതാവ് അലന്‍ ഷുഹൈബിനെതിരെ ധര്‍മ്മടം പോലീസ് കേസെടുത്തു. കാമ്പസില്‍ റാഗിംഗിന്റെ പേരില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ ആദില്‍ സുബിയെ അലനും കൂട്ടരും മര്‍ദ്ദിച്ചുവെന്നാണ് പരാതി. കോളജിലെ സംഘര്‍ഷത്തിന്റെ പേരില്‍ കാമ്പസിലെത്തിയ പോലീസ് നേരത്തെ ഇവരെ കസ്റ്റഡിയില്‍ എടുത്തിരുന്നു. മര്‍ദ്ദന പരാതിയിലാണ് നിലവില്‍ കേസ്. ഇതില്‍ സ്‌റ്റേഷന്‍ ജാമ്യം ലഭിക്കും.
എന്നാല്‍ റാഗിംഗ് നടന്നതായി കോളജ് അധികൃതര്‍ പരാതിപ്പെട്ടാല്‍ മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്യും.
അതേസമയം, താന്‍ ആരെയും മര്‍ദ്ദിച്ചിട്ടില്ലെന്നും എസ്.എഫ്.ഐ പ്രവര്‍ത്തകനായ ആദിന്‍ സുബിയും കൂട്ടരും മുതിര്‍ന്ന വിദ്യാര്‍ഥികളുമായുണ്ടായ പ്രശ്‌നം പരിഹരിക്കാനെത്തിയ തന്നെ രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ കേസില്‍പെടുത്തുകയാണെന്നും അലന്‍ ഷുഹൈബ് ആരോപിച്ചു. കഴിഞ്ഞ വര്‍ഷം എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ റാഗിംഗിനെ താന്‍ തടഞ്ഞിരുന്നു. ഇതിന്റെ പ്രതികാരമാണെന്നും തന്റെ ജാമ്യം റദ്ദാക്കാനുള്ള നീക്കമാണെന്നും അലന്‍ ആരോപിച്ചു. അലന്‍ ഷുഹൈബ്, ബദറുദ്ദീന്‍, നിഷാദ് എന്നീ വിദ്യാര്‍ത്ഥികള്‍ക്ക് എതിരേയാണ് റാഗിംഗ് ആരോപണം ഉയര്‍ന്നിട്ടുള്ളത്.