Sorry, you need to enable JavaScript to visit this website.

സിബി മാത്യൂസിനെതിരായ പരാതി അഞ്ചു വര്‍ഷത്തിന് ശേഷം പരിഗണിച്ച് വനിതാ കമ്മീഷന്‍

തിരുവനന്തപുരം- 2017 ജൂലൈയില്‍ കേരള വനിതാ കമ്മീഷന്  നല്‍കിയ പരാതി അഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറം പരിഗണിച്ചു. സൂര്യനെല്ലി കേസിലെ അതിജീവിതയുടെ രക്ഷിതാക്കളാണ് പരാതിക്കാര്‍. മുന്‍ അന്വേഷണ ഉദ്യോഗസ്ഥനും ഐ.ജിയുമായിരുന്ന സിബി മാത്യൂസ് 'നിര്‍ഭയം' എന്ന പേരില്‍ പുറത്തിറക്കിയ പുസ്തകത്തില്‍ പെണ്‍കുട്ടിയെക്കുറിച്ച് അപകീര്‍ത്തികരമായ പരാമര്‍ശം നടത്തി എന്നായിരുന്നു കുടുംബത്തിന്റെ പരാതി. പരാതി ലഭിച്ചെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും വനിതാ കമ്മിഷന്‍ അറിയിച്ചു.

2017 ജൂലൈയില്‍ എം.സി ജോസഫൈന്‍ അധ്യക്ഷയായിരുന്ന കാലത്താണ് പെണ്‍കുട്ടിയും കുടുംബവും വനിതാ കമ്മീഷനെ സമീപിച്ചത്. പെണ്‍കുട്ടിക്ക് ഇപ്പോള്‍ 41 വയസായി. പരാതിയില്‍ പറഞ്ഞിരിക്കുന്ന പുസ്തകം എഴുതിയ ആള്‍ ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥനാണെന്ന് ചൂണ്ടിക്കാട്ടി പരാതിയുമായി മുന്നോട്ട് പോകരുതെന്ന് ജോസഫൈന്‍ ആവശ്യപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ ഇക്കഴിഞ്ഞ തിങ്കളാഴ്ച കെ.ഡബ്ല്യു.സി ചെയര്‍പേഴ്‌സണ്‍ പി. സതീദേവിയുടെ ഓഫീസില്‍നിന്ന് അറിയിപ്പെത്തിയപ്പോള്‍ ഇവര്‍ക്ക് ആദ്യം അമ്പരപ്പാണ് ഉണ്ടായത്.

2017 ജൂലൈ 6 നു നല്‍കിയ പരാതി സംബന്ധിച്ച് പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ക്ക് കെ.ഡബ്ല്യു.സിയില്‍നിന്ന് ഒരു കത്ത് ലഭിച്ചു. പരാതിയുമായി മുന്നോട്ടു പോകണമെങ്കില്‍ പത്തു ദിവസത്തിനകം വനിതാ കമ്മീഷനുമായി ബന്ധപ്പെടാനും അറിയിച്ചിട്ടുണ്ട്. കമ്മീഷന്‍ പരാതി പരിഗണിച്ചതില്‍ അവര്‍ സന്തുഷ്ടരാണ്. ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന മുഖ്യപ്രതി എസ്. ധര്‍മരാജന് ജാമ്യം അനുവദിച്ചതിനെതിരായ അപ്പീല്‍ ഇപ്പോഴും സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാല്‍ കേസില്‍ ഇപ്പോഴും വിചാരണ തുടരുകയാണ്'- കുടുംബത്തോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. പെണ്‍കുട്ടിയെക്കുറിച്ചുള്ള വ്യക്തിപരമായ വിവരങ്ങളും അപകീര്‍ത്തിപരമായ ചില പ്രസ്താവനകളും സിബി മാത്യൂസ് തന്റെ പുസ്തകത്തില്‍ എഴുതിയിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു. 1996 മുതല്‍ സംഘര്‍ഷഭരിതമായ ജീവിതത്തിലൂടെയാണ് പെണ്‍കുട്ടിയും കുടുംബവും കടന്നുപോകുന്നത്. അവരുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയത് തങ്ങള്‍ക്ക് കൂടുതല്‍ അപമാനമുണ്ടാക്കിയെന്നും കുടുംബം പറയുന്നു.

 

Latest News