കൊച്ചി- വരാപ്പുഴയിൽ വീടാക്രമണത്തെത്തുടർന്ന് മത്സ്യത്തൊഴിലാളിയായ വാസുദേവൻ മരിച്ച കേസിൽ യഥാർഥ പ്രതികൾ കോടതിയിൽ കീഴടങ്ങി. വരാപ്പുഴ ദേവസ്വംപാടം തലയോണിച്ചിറ വിബിൻ (ബ്രെഡൻ 28), തേവർകാട് കുഞ്ഞാത്തുപറമ്പിൽ കെ.ബി. അജിത് (25), ദേവസ്വംപാടം മദ്ദളക്കാരൻ തുളസീദാസ് (ശ്രീജിത്ത് 23) എന്നിവരാണ് ഇന്നലെ ആലുവ മജിസ്‌ട്രേട്ട് കോടതിയിൽ കീഴടങ്ങിയത്. മൂന്ന് പേരെയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കസ്റ്റഡിയിൽ മരിച്ച ശ്രീജിത്ത് നിരപരാധിയാണെന്ന് പ്രതികൾ കോടതി വളപ്പിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിന് അന്വേഷണ സംഘം അപേക്ഷ നൽകിയിട്ടുണ്ട്. ബി.ജെ.പി വരാപ്പുഴ മണ്ഡലം വൈസ് പ്രസിഡന്റ് എം.വി. ശശിയുടെ മകനാണ് ശ്രീജിത്ത് എന്ന പേരിൽ അറിയപ്പെടുന്ന തുളസീദാസ്. പിടിയിലായ മൂന്ന് പേർക്കും ലഹരിമരുന്ന്, അടിപിടി കേസുകളുണ്ട്.
വാസുദേവന്റെ മരണത്തെ തുടർന്ന് ഇവർ ഒളിവിൽ പോവുകയായിരുന്നു. ആദ്യം തൊടുപുഴയിൽ സുഹൃത്തിന്റെ സഹായത്തോടെ കാട്ടിൽ താമസിച്ചു. പിന്നീട് കുടകിലും ഒളിവിൽ തങ്ങി. ഇന്നലെ രാവിലെ 11 നാണ് ആലുവ കോടതിയിൽ കീഴടങ്ങിയത്. കസ്റ്റഡിയിൽ മരിച്ച ശ്രീജിത്ത് വീടാക്രമണ കേസിൽ ഉൾപ്പെട്ടിരുന്നില്ലെന്ന് ഇവർ പറഞ്ഞു.
അതേസമയം, ശ്രീജിത്തിന്റെ വീട്ടിലെത്തിയ ഭീഷണി കത്തിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. ഇതിനായി പ്രത്യേക സംഘം തിരുവനന്തപുരത്തേക്ക് തിരിച്ചിട്ടുണ്ട്.
ഏപ്രിൽ ആറിനാണ് വരാപ്പുഴ ദേവസ്വംപാടം കുളമ്പുകണ്ടം ചിത്തിത്തറയിൽ വാസുദേവന്റെ വീട് ആർ.എസ്.എസ് ക്രിമിനൽ സംഘം ആക്രമിച്ചത്. മർദനത്തെത്തുടർന്ന് വാസുദേവൻ ആത്മഹത്യ ചെയ്തു. കേസിൽ പത്ത് പേരെ അറസ്റ്റ് ചെയ്തിരുന്നു. പോലീസ് പിടിയിലായ ശ്രീജിത് കസ്റ്റഡിയിലിരിക്കേ മരിച്ചു. ഈ കേസിൽ വരാപ്പുഴ എസ്.ഐ ഉൾപ്പെടെ നാലു പോലീസ് ഉദ്യോഗസ്ഥരെ കൊലക്കുറ്റം ഉൾപ്പെടെയുള്ള കേസെടുത്ത് അറസ്റ്റ് ചെയ്തിരുന്നു.