ദോഹ-തിരുവനന്തപുരത്തുനിന്ന് ലണ്ടനിലേക്ക് സൈക്കിളില്‍ സാഹസിക യാത്ര തിരിച്ച് ദോഹയിലെത്തിയ ഫായിസ് അഷ്‌റഫ് അലിക്ക് മൈന്റ് ടൂ്യൂണ്‍ എക്കോ വേവ്‌സ് സ്വീകരണം നല്‍കി. കേരളപ്പിറവി ദിനത്തിലാണ് ഖത്തര്‍ സൗദി ബോര്‍ഡറായ അബൂ സംറ കടന്നത്. അന്താരാഷ്ട്ര ഹയ്യാ കാര്‍ഡുമായി ഖത്തറിലെത്തിയ സാഹസിക യാത്രികന് ഖത്തരീ അധികൃതരും മലയാളി സുഹൃത്തുക്കളും ഊഷ്മളമായ വരവേല്‍പ്പാണ് നല്‍കിയത്.
35 രാജ്യങ്ങളിലൂടെ 30,000 കിലോമീറ്റര്‍ സഞ്ചരിച്ച് 450 ദിവസം കൊണ്ടാണ് ഫായിസ് അഷ്‌റഫ് അലി ലോകം ചുറ്റുന്നത്. ചടങ്ങില്‍ ഗ്ലോബല്‍ സെക്രട്ടറി ജനറല്‍ വി.സിമശ്ഹൂദ് , പാട്രണ്‍ ഉസ്മാന്‍ കല്ലന്‍ എന്നിവര്‍ ആദരിക്കല്‍ പത്രം കൈമാറി. വേവ്‌സ് നേതാക്കളായ ജാഫര്‍ മുറിച്ചാണ്ടി, അബ്ദുല്ല പൊയില്‍, അബദുല്‍ മുത്തലിബ് മട്ടന്നൂര്‍, അബ്ദുല്‍ റഊഫ് കൊണ്ടോട്ടി തുടങ്ങിയവര്‍ സംബന്ധിച്ചു.
2022 ആഗസ്ത് 15 ന് ആസാദി കാ അമൃതമഹോല്‍സവിന്റെ ഭാഗമായി തിരുനന്തപുരത്തുനിന്നും വിദ്യാഭ്യാസ മന്ത്രി ഫഌഗ് ഓഫ് ചെയ്ത ഫായിസിന്റെ സാഹസിക യാത്ര ജീവിതാനുഭവങ്ങളുടെ വൈവിധ്യങ്ങളാല്‍ ധന്യമാണ് . ലോകസമാധാനം, കാര്‍ബണ്‍ വികിരണം ലഘൂകരിച്ച് പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ പ്രോല്‍സാഹിപ്പിക്കുക, മയക്കുമരുന്നിനെതിരെ ബോധവല്‍ക്കരണം തുടങ്ങിയ സുപ്രധാനങ്ങളായ സന്ദേശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് ഫായിസിന്റെ യാത്ര.
പാക്കിസ്ഥാന്‍ വഴി യാത്ര സാധ്യമാവാതെ വന്നതിനാല്‍ തിരുവനന്തപുരത്തുനിന്ന് മുംബൈയില്‍ എത്തിയ ഫായിസ് അവിടുന്ന് മസ്‌കത്തിലേക്ക് വിമാനം കയറുകയും മസ്‌കത്തില്‍ നിന്നും യു.എ.ഇ. സൗദി അതിര്‍ത്തികളിലൂടെ ഖത്തറിലെത്തുകയുമായിരുന്നു. തിങ്കളാഴ്ച രാത്രി അബൂസംറ അതിര്‍ത്തിയിലെത്തിയ ഫായിസ് അര്‍ദ്ധ രാത്രിവരെ ബോര്‍ഡറില്‍ വെയിറ്റ് ചെയ്ത് രാത്രി 12 മണി കഴിഞ്ഞ് നവംബര്‍ ഒന്നില്‍ ഹയ്യാ കാര്‍ഡില്‍ ബോര്‍ഡര്‍ കടക്കുന്ന ആദ്യ യാത്രക്കാരനായി.
ഒരാഴ്ച ഖത്തറില്‍ തങ്ങുന്ന ഫായിസ് ഇന്ന് വൈകുന്നേരം 6:15 ന് ഖത്തര്‍ സൈക്ലിസ്റ്റും ക്യൂ ക്രാങ്ക്‌സുമായി സഹകരിച്ച് ഗിന്നസ് റെക്കോര്‍ഡ് ലഭിച്ച ഒളിമ്പിക് സൈക്കിളിങ്ങ് ലൈനില്‍ റൈഡും നടത്തും. അതുപോലെ തന്നെ ലോകകപ്പിനായി ഖത്തറൊരുക്കിയ സ്‌റ്റേഡിയങ്ങളിലും വരും ദിവസങ്ങളില്‍ ഫായിസ് പര്യടനം നടത്തും.