റിയാദ് - ഈ വർഷം പിറക്കുന്നതിനു മുമ്പ് എടുത്ത പോളിസികൾക്ക് മൂല്യവർധിത നികുതി അടയ്ക്കണമെന്ന് ഇൻഷുറൻസ് കമ്പനികൾ. ജനുവരി ഒന്നു മുതലാണ് സൗദിയിൽ വാറ്റ് നിലവിൽ വന്നത്. ഇതിനു മുമ്പായി എടുത്ത പോളിസികളിൽ ഈ വർഷത്തിൽ അവശേഷിക്കുന്ന കാലാവധിക്ക് അനുസൃതമായ വാറ്റ് അടയ്ക്കണമെന്നാണ് കമ്പനികൾ ആവശ്യപ്പെടുന്നത്.
കഴിഞ്ഞ വർഷം പണമടച്ച പോളിസികളിൽ ഈ കൊല്ലത്തിൽ അവശേഷിക്കുന്ന കാലത്തേക്കുള്ള വാറ്റ് അടയ്ക്കണമെന്ന് ഉപയോക്താക്കളോട് ആവശ്യപ്പെടുന്നതിന് ഇൻഷുറൻസ് മേഖലക്ക് മാത്രമാണ് അവകാശമെന്ന് കമ്പനി വൃത്തങ്ങൾ പറഞ്ഞു. ഈ വർഷം നൽകുന്ന സേവനങ്ങൾക്ക് മൂല്യവർധിത നികുതി അടയ്ക്കുന്നതിന് കമ്പനികൾ ബാധ്യസ്ഥമാണ്. ആരോഗ്യ സേവന കേന്ദ്രങ്ങൾക്കും തേഡ് പാർട്ടിക്കും നൽകുന്ന പണത്തിന് ഇത്തരത്തിൽ വാറ്റ് അടയ്ക്കണം. ഇതാണ് പോളിസികളിൽ ഈ വർഷത്തിൽ ഉൾപ്പെടുന്ന കാലത്തേക്കുള്ള വാറ്റ് ഉപയോക്താക്കളിൽ നിന്ന് ഈടാക്കുന്നതിന് കാരണമെന്നും കമ്പനി വൃത്തങ്ങൾ പറഞ്ഞു.