തിരുവനന്തപുരം- കുറവന്‍കോണത്തെ വീട്ടില്‍ കയറി അതിക്രമം നടത്തിയ സംഭവത്തില്‍ മലയിന്‍കീഴ് സ്വദേശി സന്തോഷ് അറസ്റ്റില്‍. ഇയാള്‍ ജലവിഭവ വകുപ്പ് മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ ഡ്രൈവറെന്നാണ് സൂചന. മ്യൂസിയത്തിന് സമീപം വനിതാ ഡോക്ടറെ ആക്രമിച്ചതും ഇയാളാണെന്ന നിഗമനത്തിലാണ് പോലീസ്. സി.സി ടിവി ദൃശ്യങ്ങളുടെ സൂക്ഷമമായ പരിശോധനയ്ക്ക് പിന്നാലെയാണ് രണ്ടും ഒരാളാണെന്ന നിഗമനത്തിലെത്തിയത്. പിടിയിലാകുമ്പോള്‍ രൂപമാറ്റം വരുത്താനായി ഇയാള്‍ തല മൊട്ടയടിച്ചിരുന്നു. പേരൂര്‍ക്കട പോലീസ് പിടികൂടിയ പ്രതിയെ ഇന്നലെ രാത്രി കന്റോണ്‍മെന്റ് എ.സി ഓഫീസിലേക്ക് കൊണ്ടുപോയി ചോദ്യം ചെയ്തു. വൈദ്യപരിശോധനയ്ക്കുശേഷം പേരൂര്‍ക്കട സ്റ്റേഷനിലെത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സര്‍ക്കാര്‍ ബോര്‍ഡ് പതിച്ച വാഹനത്തിലാണ് ഇയാള്‍ എത്തിയതെന്നാണ് സൂചന. ആക്രമണമുണ്ടായി ഏഴാം ദിവസമാണ് വഴിത്തിരിവ്. കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു വനിതാ ഡോക്ടറെ അജ്ഞാതന്‍ ആക്രമിച്ചത്. കേസന്വേഷണം ആരംഭിച്ചപ്പോള്‍ രണ്ട് പ്രതികളും ഒന്നാകാന്‍ സാദ്ധ്യതയില്ലെന്ന നിഗമനത്തിലായിരുന്നു പോലീസ്. അതേസമയം രണ്ടും ഒരാളാണെന്നുള്ളതിന് മറ്റ് തെളിവുകളൊന്നും ലഭിച്ചിട്ടുമില്ല. രണ്ടുപേരുടെയും ശാരീരികപ്രകൃതി വ്യത്യസ്ഥമാണെന്നാണ് പോലീസ് നേരത്തെ പറഞ്ഞിരുന്നത്.ഡോക്ടറെ ആക്രമിച്ച ദിവസം രാത്രി മുഴുവന്‍ കുറവന്‍കോണം ഭാഗത്ത് ഒരു അക്രമിയുണ്ടായിരുന്നു. ഇവിടെ ഒരു വീടിന്റെ പൂട്ട് തകര്‍ക്കാനും ശ്രമിച്ചിരുന്നു. വനിതാ ഡോക്ടറെ ആക്രമിച്ചയാളെത്തിയ കാര്‍ രാത്രി മുഴുവന്‍ കവടിയാര്‍ ഭാഗത്ത് നിറുത്തിയിട്ടിരുന്നതായി കാമറ ദൃശ്യങ്ങളില്‍ നിന്ന് കണ്ടെത്തി. രാത്രി പത്തോടെ ഇവിടെ കൊണ്ടിട്ട കാര്‍ പുലര്‍ച്ചെ നാലിന് മുമ്പാണ് തിരിച്ചെടുക്കുന്നത്. പിന്നീട് മ്യൂസിയം ഭാഗത്തേക്ക് വരികയായിരുന്നു. വാഹനം പാര്‍ക്ക് ചെയ്തിട്ട് ഇയാള്‍ കുറവന്‍കോണം ഭാഗത്തേക്ക് പോയതാകാമെന്നാണ് സംശയം. സംഭവത്തില്‍ 10ലേറെ പേരെ ചോദ്യം ചെയ്തെന്നാണ് വിവരം. ഇയാളുടെ മൊബൈല്‍ ഫോണ്‍ രേഖകള്‍ കൂടി പോലീസ് പരിശോധിക്കുകയാണ്. പോലീസിന്റെയും മോട്ടോര്‍ വാഹനവകുപ്പിന്റെയും നഗരത്തിലെ കാമറ ദൃശ്യങ്ങള്‍ വ്യക്തമല്ലാത്തതിനാല്‍ അക്രമിയെത്തിയ വാഹനത്തിന്റെ നമ്പര്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇതാണ് അന്വേഷണ സംഘം നേരിടുന്ന പ്രധാന വെല്ലുവിളി. പരമാവധി കാമറ ദൃശ്യങ്ങള്‍ ശേഖരിച്ച് പരിശോധിക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. സംഭവ സ്ഥലത്തെ മൊബൈല്‍ ഫോണുകള്‍ കേന്ദ്രീകരിച്ചുള്ള സൈബര്‍ വിഭാഗത്തിന്റെ പരിശോധനയും നടത്തുകയാണ്.