Sorry, you need to enable JavaScript to visit this website.

കുഞ്ഞിനെ കൈയിലേന്തി കലക്ടറുടെ പ്രസംഗം; ചളമാക്കിയെന്ന് വിമർശം, മറുപടിയുമായി ഭർത്താവ് കെ.എസ് ശബരീനാഥൻ

പത്തനംതിട്ട - ജില്ലാ കലക്ടർ കുഞ്ഞുമായെത്തി സ്റ്റേജിൽ പ്രസംഗിച്ചതിൽ വിവാദം. അടൂരിൽ നടന്ന ആറാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സമാപന സമ്മേളനത്തിൽ മുഖ്യപ്രഭാഷകയായിരുന്നു പത്തനംതിട്ട ജില്ലാ കലക്ടറായ ഡോ. ദിവ്യ എസ് അയ്യർ. അവധിദിനത്തിൽ അവർ മകൻ മൽഹാറിനേയും കൂട്ടിയാണ് സ്റ്റേജിലെത്തിയത്. കുട്ടി കുഞ്ഞുകുസൃതികൾ കാണിച്ചപ്പോൾ ശാന്തമാക്കാൻ പ്രസംഗത്തിനിടെ കുട്ടിയെ എടുക്കുകയും കലക്ടർ സംസാരം മുഴുമിപ്പിക്കുകയുമായിരുന്നു. ഇതിനെതിരെ കവി രാജീവ് ആലുങ്കൽ വിമർശമുന്നയിച്ചതോടെയാണ് അതിന് മറുപടിയുമായി കലക്ടറുടെ ഭർത്താവും യൂത്ത് കോൺഗ്രസ് നേതാവുമായ കെ.എസ് ശബരീനാഥൻ രംഗത്തെത്തിയത്. 
 ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്കിൽ കലക്ടറുടെ പ്രസംഗത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്തത്. ആദരണീയ കലക്ടർ മുഖ്യപ്രഭാഷണം നിർവഹിച്ചപ്പോൾ വേദിയിൽ മുഖ്യ ആകർഷണമായി മകൻ മൽഹാർ എന്നാണ് ഡെപ്യൂട്ടി സ്പീക്കർ വീഡിയോ പങ്കുവെച്ച് കുറിച്ചത്. ഇതോടെ എഫ്.ബിയിൽ നിറയെ കലക്ടറുടെ നടപടിയെച്ചൊല്ലിയുള്ള പ്രതികരണങ്ങളാണ്. 
 കലക്ടർ വേദിയിലേക്ക് മകനേയും കൂട്ടി വന്നത് അരോചകമായെന്നാണ് കവി രാജീവ് ആലുങ്കലിന്റെ വിമർശം. 'ഇത് അനുകരണീയമല്ല. കലക്ടർ തീരെ ഔചിത്യമില്ലാതെ ഒരു തമാശക്കളിയായാണ് ഈ പരിപാടിയെ കണ്ടത്. ഇത് അവരുടെ വീട്ടുപരിപാടിയല്ല. ഓവറാക്കി, ചളമാക്കി' എന്നാണ് കവി രാജീവ് ആലുങ്കൽ പ്രതികരിച്ചത്. എന്നാൽ ഇതിന് മറുപടിയുമായി കലക്ടറുടെ ഭർത്താവും കോൺഗ്രസ് നേതാവുമായ കെ.എസ് ശബരീനാഥ് രംഗത്തെത്തി. 
 വീഡിയോ പങ്കുവെച്ച ഡെപ്യൂട്ടി സ്പീക്കർക്ക് നന്ദി പറഞ്ഞാണ് ശബരീനാഥന്റെ തുടക്കം. 'ആറു ദിവസവും ജോലിചെയ്ത് ആകെയുള്ള ഞായറാഴ്ച അവധി ദിനത്തിൽ ഔദ്യോഗിക സ്വഭാവം ഇല്ലാത്ത ഒരു പ്രോഗ്രാമിൽ ക്ഷണം സ്വീകരിച്ചു പോയപ്പോൾ കുഞ്ഞിനെ കൊണ്ടുപോകുന്നത് അരോചകമല്ല. പിന്നെ അവധി ദിവസം അവൻ അമ്മയുടെ പുറകെ നടന്നാൽ പറ്റില്ല എന്ന് പറയാൻ കഴിയുമോ? ഇവിടെ യുണൈറ്റഡ് നേഷനിലും വിദേശത്തെ ജനപ്രതിനിധി സഭകളിലും വനിതകൾ കൈകുഞ്ഞുങ്ങളെ കൊണ്ടുവരുന്നുണ്ട്. ലോകം മാറുകയാണ്, നമ്മളും... എന്നാണ് ശബരീനാഥൻ കുറിച്ചത്. ഇതിന് ലൈക്കടിച്ചും പിന്തുണ അറിയിച്ചും  നിരവിധി പേർ രംഗത്തുവന്നിട്ടുണ്ട്.
  എന്നാൽ ഇതോട് ശക്തമായി വിയോജിച്ചും ഒട്ടേറെ പേർ രംഗത്തെത്തി. അമ്മക്ക് കുഞ്ഞ് ഒരിക്കലും അരോചമാവില്ല, പക്ഷേ ആ വേദിയിൽ കുഞ്ഞിനെ കൂട്ടേണ്ടിയിരുന്നില്ല. ഔദ്യോഗിക സ്‌റ്റേജിൽ കുഞ്ഞിനെ കൊണ്ടുവന്ന് കൊഞ്ചിക്കുന്നത് മറ്റുള്ളവർക്കും അരോചകമാവും. ഔദ്യോഗിക ജോലിസ്ഥലത്ത് മക്കളെ ആരും ഇങ്ങനെ കൊണ്ടുപോകാറില്ല. ഈ മാതൃഭാവം ഓവറായി,
കലക്ടർക്ക് വിദ്യാഭ്യാസ യോഗ്യതയെ ഉള്ളൂ; വകതിരിവില്ല. ഇതൊരു കീഴ്ജീവിനക്കാരിയുടെ കുട്ടിയായിരുന്നെങ്കിൽ ഇപ്പറഞ്ഞ കലക്ടർ തന്നെ വിശദീകരണം ചോദിച്ചേക്കും. എല്ല അമ്മമാരും കലക്ടർമാരല്ലല്ലോ സാറന്മാരേ, ചടങ്ങിൽ പങ്കെടുത്തവരുടെ ക്ഷമയെ അഭിനന്ദിക്കുന്നു. തുടങ്ങിയ പ്രതികരണങ്ങളാണ് കലക്ടറുടെ നടപടിക്കെതിരെ ഉയർന്നത്. അതേസമയം, കലക്ടറുടെ ഇടപെടൽ വിവാദമാക്കേണ്ടതില്ലെന്നും അത് നല്ല നടപടിയാണെന്നും, മക്കളെ എങ്ങനെ കൊണ്ടുനടക്കണം എന്നതിൽ നല്ല മാതൃകയാണെന്ന് അഭിനന്ദിക്കുന്നവരുമുണ്ട്. ജനങ്ങളുടെ നികുതിപ്പണം കൊണ്ട് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും കുടുംബങ്ങൾ ഉലകം ചുറ്റിയതിന്റെ അത്രയൊന്നും വരില്ലെന്നും ചിലർ ചൂണ്ടിക്കാട്ടി. അവധിദിനത്തിൽ ഒഴിവാക്കാൻ പറ്റാത്ത ഒരു പരിപാടിയിൽ മകനുമായി സാന്നിധ്യം അറിയിക്കാൻ നിർബന്ധിതമാകുന്ന ഒരു ഉദ്യോഗസ്ഥയുടെ ആത്മാർത്ഥതയെ ക്രൂശിക്കുന്നത് ശരിയല്ലെന്നും ഇവർ ഓർമപ്പെടുത്തുന്നു.

Latest News