തിരുവനന്തപുരം- കഷായ വിഷ കേസില്‍ തെളിവുകള്‍ നശിപ്പിച്ചതിനാണ് മുഖ്യപ്രതി ഗ്രീഷ്മയുടെ അമ്മയേയും അമ്മാവനേയും പ്രതി ചേര്‍ത്തതെങ്കിലും വിശദമായ ചോദ്യം ചെയ്യലില്‍ ഇവര്‍ക്കും പങ്കുണ്ടെന്ന് തെളിയുകയായിരുന്നു. വിഷം കലക്കാന്‍ ഗ്രീഷ്മയെ സഹായിച്ചത് അമ്മയാണ്.
ഇരുവര്‍ക്കും കൊലപാതകത്തിലും തെളിവു നശിപ്പിച്ചതിലും പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
അമ്മയുള്‍പ്പെടെ ആര്‍ക്കും വിഷം നല്‍കിയതിനെക്കുറിച്ച് അറിയില്ലെന്നായിരുന്നു ഗ്രീഷ്മയുടെ ആദ്യ മൊഴി. സംഭവശേഷം തെളിവു നശിപ്പിക്കാന്‍ അമ്മാവന്‍ നിര്‍മല്‍കുമാറും സഹായിച്ചതായി അന്വേഷണ സംഘം കണ്ടെത്തി. ഇരുവരുടെയും മൊഴികളിലെ വൈരുധ്യം മുന്‍നിര്‍ത്തി നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് കുറ്റകൃത്യത്തില്‍ പങ്കാളികളാണെന്നു വ്യക്തമായത്. ഷാരോണിനു കുടിക്കാന്‍ നല്‍കിയ കഷായത്തില്‍ കളനാശിനി കലക്കാന്‍ ഗ്രീഷ്മയെ അമ്മ സിന്ധുവാണ് സഹായിച്ചതെന്നാണ് പോലീസ് ഭാഷ്യം.
ഗ്രീഷ്മ വിളിച്ചതനുസരിച്ച് ഷാരോണ്‍ വീട്ടിലെത്തുന്നതിനു തൊട്ടുമുന്‍പ് ഇരുവരും പുറത്തുപോയിരുന്നു. ഇതോടെ വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് ഗ്രീഷ്മ ഷാരോണിനെ വീട്ടിലേക്കു വിളിച്ചതെന്നായിരുന്നു ആദ്യ നിഗമനം. എന്നാല്‍, പുറത്തുപോയ ഇരുവരും അധികം ദൂരേയ്ക്കു പോയിരുന്നില്ലെന്ന് മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ വ്യക്തമായി.
ഇതിനിടെ, ആശുപത്രിയില്‍ കഴിയുന്ന ഗ്രീഷ്മയെ റിമാന്‍ഡ് ചെയ്തു. പരിശോധനക്ക് ശേഷം പ്രത്യേക വൈദ്യസംഘം അനുവദിക്കുകയാണെങ്കില്‍ പോലീസ് സെല്ലിലേക്ക് മാറ്റും. ഇതിനിടെ ഗ്രീഷ്മക്കെതിരെ നെടുമങ്ങാട് പൊലീസ് ആത്മഹത്യാശ്രമിത്തിന് കേസെടുത്തു.