കൊച്ചി-മുസ്‌ലിം സ്ത്രീക്ക് ഏകപക്ഷീയമായി വിവാഹമോചനം നേടാന്‍ അവകാശമുണ്ടെന്നും ഭര്‍ത്താവിന്റെ സമ്മതം ആവശ്യമില്ലെന്നും ഹൈക്കോടതി. ഇസ്‌ലാമിക വിവാഹമോചന മാര്‍ഗമായ ഖുല്‍അ് പ്രകാരം മുസ്‌ലിം സ്ത്രീക്ക് വിവാഹമോചനം നേടാവുന്നതാണെന്നും ഇസ്‌ലാമിക നിയമം ഇത് അംഗീകരിക്കുന്നുണ്ടെന്നും ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സി.എസ്. ഡയസ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ആവര്‍ത്തിച്ച് വ്യക്തമാക്കി.
വിവാഹമോചനം കോടതി നടപടികളിലൂടെ മാത്രം നടപ്പാക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നതായി ചൂണ്ടിക്കാട്ടി നല്‍കിയ ഹരജികളില്‍ വിവാഹമോചനത്തിന് മുസ്‌ലിം സ്ത്രീക്ക് ഖുല്‍ഇനെ ആശ്രയിക്കാമെന്ന് 2021 ഏപ്രിലില്‍ ഇതേ ബെഞ്ച് ഉത്തരവിട്ടിരുന്നു.
ഖുല്‍അ് മുഖേന വിവാഹബന്ധം വേര്‍പെടുത്താമെന്ന ഉത്തരവ് പുനഃപരിശോധിക്കണമെന്ന ഹരജി തള്ളിയാണ് കോടതി നിരീക്ഷണം. വാഹമോചനത്തിന് ഭര്‍ത്താവിനോട് സ്ത്രീ ത്വലാഖ് ആവശ്യപ്പെടണമെന്നും ഖുല്‍അ് ഏകപക്ഷീയമായ അവകാശം സ്ത്രീക്ക് നല്‍കുന്നില്ലെന്നുമാണ് ഹരജിക്കാര്‍ വാദിച്ചത്. ഭര്‍ത്താവ് അനുമതി നല്‍കിയാലേ വിവാഹമോചനം നടപ്പാകൂവെന്നും ചൂണ്ടിക്കാട്ടി. എന്നാല്‍, ഇസ്‌ലാമില്‍ സ്ത്രീകളുടെ വിവാഹമോചന മാര്‍ഗത്തിന് ഭര്‍ത്താവിന്റെ സമ്മതവുമായി ബന്ധമില്ലെന്ന് കോടതി വ്യക്തമാക്കി.
വിവാഹമോചനം ഭാര്യ പ്രഖ്യാപിക്കണം, വിവാഹസമയത്ത് ലഭിച്ച സമ്മാനങ്ങളും മറ്റും തിരിച്ചു നല്‍കാന്‍ സമ്മതം അറിയിക്കണം, ഖുല്‍അ് മാര്‍ഗം സ്വീകരിക്കും മുമ്പ് സാധ്യമായ ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ നടന്നിരിക്കണം എന്നിവയാണ് ഖുല്‍ഇന്റെ സാധുതക്ക് അനിവാര്യമായ ഘടകങ്ങള്‍. ഈ ഘടകങ്ങള്‍ കൃത്യമാണെങ്കില്‍ ഖുല്‍ഇന് സാധുതയുണ്ടാകുമെന്ന് കോടതി വ്യക്തമാക്കി.
ഭര്‍ത്താവ് വിവാഹമോചന ആവശ്യം നിരസിച്ചാല്‍ ഖാദിയെയോ കോടതിയെയോ സമീപിക്കണമെന്ന വാദവും ഹരജിക്കാര്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍, ഖുല്‍അ് മാര്‍ഗത്തിന് സാധുതയുണ്ടായിരിക്കെ സ്ത്രീക്ക് ജുഡീഷ്യല്‍ സംവിധാനത്തെ ആശ്രയിക്കേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി.