കോഴിക്കോട്- ജോലി തേടി വിദേശ രാജ്യങ്ങളിലേക്ക് പ്രത്യേകിച്ചും ഗൾഫ് നാടുകളിലേക്ക് ചേക്കേറുന്നതിൽ മലയാളികൾ എന്നും മുന്നിലാണ്. നിരവധി പ്രയാസങ്ങൾ നേരിടേണ്ടി വന്നാലും വിദേശ രാജ്യങ്ങളിൽ ജോലിയെടുക്കുകയെന്നത് മലയാളികളെ സംബന്ധിച്ചിടത്തോളം വളരെ അഭിമാനകരമായ കാര്യമാണ്. എന്നാൽ ഇപ്പോൾ മലയാളികളിൽ കൂടുതലും ജോലി തേടിയല്ല, മറിച്ച് പഠനത്തിനായാണ് വിദേശത്തേക്ക് വിമാനം കയറുന്നത്. കാനഡയും ബ്രിട്ടനും ഓസ്‌ട്രേലിയയും ന്യൂസിലാണ്ടും ജർമ്മനിയും ചൈനയും റഷ്യയുമെല്ലാം ഇന്ന് ശരാശരി മലയാളി വിദ്യാർത്ഥികളുടെ പോലും പഠനത്തിന് പോകാനുള്ള സ്വപ്‌ന ഭൂമിയാണ്. ഏതാനും വർഷം മുൻപ് വരെ കാശുള്ള കുടുംബത്തിലെ കുട്ടികളുടെ മാത്രം മോഹമായിരുന്ന വിദേശ പഠനം. എന്നാൽ വിദേശ പഠനത്തിന് ആവശ്യമായ പണം വായ്പയായി നൽകാൻ ബാങ്കുകളും മത്സരിച്ചു തുടങ്ങിയതോടെ മധ്യവർഗ കുടുംബത്തിലെ കുട്ടികൾ ഇപ്പോൾ വിദേശത്തെ സർവ്വകലാശാലകളിലേക്ക് വിമാനം കയറുകയാണ്.
പ്ലസ് ടു കഴിഞ്ഞാൽ ഉന്നത പഠനം വിദേശത്ത് എന്നതാണ് പുതിയ തലമുറയിലെ കുട്ടികളുടെ മോഹം. അതുകൊണ്ട് തന്നെ ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് വിദേശ പഠനത്തിനായി കേരളത്തിൽ നിന്ന് പോകുന്നത്. അടുത്ത കാലത്തായി ഇതിന്റെ ഗ്രാഫ് കുത്തനെ കൂടിക്കൊണ്ടിരിക്കുന്നു. വിദേശത്തെ സർവ്വകലാശാലകളിൽ പഠിക്കുന്നതിന്റെ കാര്യത്തിൽ പെൺകുട്ടികളുടെ എണ്ണം നേരെത്തെ വളരെ കുറവായിരുന്നു. എന്നാൽ ഇപ്പോൾ പെൺകുട്ടികൾ കൂടുതലായി വിദേശത്തേക്ക് പഠനത്തിന് പോകുന്നുണ്ട്. വിദേശ സർവ്വകലാശാലകളിലേക്ക് വിദ്യാർത്ഥികളെ റിക്രൂട്ട് ചെയ്യുന്ന നൂറ് കണക്കിന് ഏജൻസികൾ ഇപ്പോൾ കേരളത്തിലുണ്ട്.
കേന്ദ്ര സർക്കാറിന്റെ കണക്കനുസരിച്ച് 2016 ൽ കേരളത്തിൽ നിന്നുള്ള 18,428 കുട്ടികളാണ് വിദേശ സർവ്വകലാശാലകളിൽ പഠനത്തിനായി പോയിരുന്നത്. എന്നാൽ ആറ് വർഷത്തിനിപ്പുറം 2022 ൽ വിദേശ പഠനം നടത്തുന്ന മലയാളി വിദ്യാർത്ഥികളുടെ എണ്ണം ഇരട്ടിയിലധികമായി വർധിച്ചിട്ടുണ്ട്. 2019 ൽ 30,948 വിദ്യാർത്ഥികളാണ് വിദേശത്ത് പഠനത്തിനായി പ്രവേശനം നേടിയത്. കഴിഞ്ഞ രണ്ടു വർഷം കോവിഡ് കാരണം വിദേശ സർവ്വകലാശാലകൾ വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകിയിരുന്നില്ല. അതുകൊണ്ട് തന്നെ ഈ വർഷം വിദേശ പഠനത്തിന് പോകുന്നവരുടെ എണ്ണത്തിൽ വലിയ വർധനയുണ്ടായിട്ടുണ്ടെന്ന് പഠന സൗകര്യം ഏർപ്പെടുത്തിക്കൊടുക്കുന്ന ഏജന്റുമാർ പറയുന്നു.
ഈ വർഷം അവസാനമാകുമ്പോഴേക്കും 40,000ത്തിലേറെ വിദ്യാർത്ഥികൾ വിമാനം കയറും. 2017 ൽ 22,093 ഉം 2018 ൽ 26,456 ഉം വിദ്യാർത്ഥികളാണ് കേരളത്തിൽ നിന്ന് വിേദശ പഠനത്തിനായി പോയതെന്നാണ് ഔദ്യോഗിക കണക്ക്. കോവിഡിന്റെ ആരംഭമായ 2020 ൽ 15,277 വിദ്യാർത്ഥികൾക്ക് മാത്രമാണ് ഉപരി പഠനത്തിന് വിദേശ സർവ്വകലാശാലകളിൽ പ്രവേശനം കിട്ടിയത്.
കേരളത്തിലോ ഇന്ത്യയിലോ മെഡിക്കൽ പഠനത്തിന് അവസരം കിട്ടാത്തവരായിരുന്നു എം.ബി.ബി.എസ് പഠനത്തിനായി നേരത്തെ വിദേശ സർവ്വകലാശാലകളെ ആശ്രയിച്ചിരുന്നത്. എന്നാൾ ഇപ്പോൾ മെഡിക്കൽ പഠനത്തെപ്പോലെ മറ്റു നൂതന കോഴ്‌സുകൾക്കും ഡിമാന്റ് വർധിച്ചിരിക്കുകയാണ്. നാട്ടിൽ ഡിഗ്രി പഠനം പൂർത്തിയാക്കിയവരായിരുന്നു പ്രധാനമായും തുടർ പഠനത്തിന് വിദേശത്തേക്ക് പോയിരുന്നത്. എന്നാൾ ഇപ്പോൾ ട്രെൻഡ് മാറി. പ്ലസ് ടു കഴിഞ്ഞ ഉടൻ വിദേശത്തേക്ക് പറക്കാനാണ് കൂടുതൽ വിദ്യാർത്ഥികളും ഇഷ്ടപ്പെടുന്നതെന്ന് റിക്രൂട്ടിംഗ് ഏജന്റുമാർ പറയുന്നു. പാർട്ട് ടൈം ജോലിയെടുത്തുകൊണ്ട് പഠനം നടത്താനാണ് അധികം കുട്ടികളും ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെ ഇതിന് അവസരങ്ങൾ കൂടുതലുള്ള കാനഡയും ബ്രിട്ടനും ന്യൂസിലാൻഡുമാണ് വിദ്യാർത്ഥികളുടെ ഇഷ്ട രാജ്യങ്ങൾ. പാർട്ട് ടൈം ജോലി കിട്ടിയാൽ ചുരുങ്ങിയത് അവിടുത്തെ ജീവിത ചെലവിനുള്ള പണമെങ്കിലും കണ്ടെത്താൻ കഴിയുമെന്നതാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.
പുതിയ കാലത്തെ കുട്ടികളുടെ മനസ്സറിഞ്ഞു കൊണ്ട് വിദേശ പഠനത്തിന് വായ്പ നൽകാൻ കേരളത്തിലെ ബാങ്കുകൾ മത്സരിക്കുകയാണ്. ഭൂമിയോ വീടോ അല്ലെങ്കിൽ മൂല്യമുള്ള മറ്റ് വസ്തുക്കളോ ഈട് വെച്ചാൽ വിവിധ സർവ്വകലാശാലകളിലെ പഠനത്തിന് വരുന്ന ചെലവ് അനുസരിച്ച് 45 ലക്ഷം രൂപ വരെ വായ്പ നൽകാൻ ബാങ്കുകൾ തയ്യാറാണ്. കോഴ്‌സ് കഴിഞ്ഞ് ഒരു വർഷത്തിന് ശേഷം തിരിച്ചടവ് തുടങ്ങിയാൽ മതി. വിവിധ ബാങ്കുകളുടെ പലിശ നിരക്ക് വ്യത്യസ്തമാണെന്ന് മാത്രം. ബാങ്ക് വായ്പയും ഏജന്റുമാർ ശരിയാക്കി നൽകും. പഠനാവശ്യത്തിന് ബാങ്കുകൾ നൽകുന്ന വായ്പയുടെ തുകയിലും വലിയ വർധനവുണ്ട്. 2019 ൽ കേരളത്തിലെ ബാങ്കുകളിൽ ആകെയുള്ള വിദ്യാഭ്യാസ വായ്പ 9841 കോടി രൂപയാണെന്നാണ് സംസ്ഥാന ബാങ്കിംഗ് തല സമിതിയുടെ കണക്ക്. 2022 മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ ഇത് 11,061 കോടി രൂപയായി വർധിച്ചിട്ടുണ്ട്. തിരിച്ചടവിന്റെ കാര്യത്തിലും ബാങ്കുകൾക്ക് ആശങ്കയൊന്നുമില്ല. 90 ശതമാനത്തിലേറെ വിദ്യാഭ്യാസ വായ്പകളിൽ കൃത്യമായ തിരിച്ചടവ് ഉണ്ടാകുന്നുണ്ട്.
വിദേശ രാജ്യങ്ങളിൽ പഠനം പൂർത്തിയാക്കുന്ന മലയാളി വിദ്യാർത്ഥികളിൽ ഭൂരിഭാഗവും അവിടെ തന്നെ ജോലി കണ്ടെത്തി സ്ഥിരതാമസം നടത്താൻ താൽപ്പര്യപ്പെടുന്നവരാണ്. ഇവരിൽ കുറച്ച് പേർക്കെങ്കിലും അവരുടെ മോഹം സാധ്യമാകുന്നുണ്ട്. കേരളത്തിൽ നിന്ന് വിദേശത്തേക്ക് പഠനത്തിന് പോകുന്നവരുടെ ഒഴുക്കാണെങ്കിലും തെക്കേ ഇന്ത്യയിൽ ആന്ധ്രാപ്രദേശും തമിഴ്‌നാടുമാണ് വിദേശ പഠിതാക്കളുടെ എണ്ണത്തിൽ കേരളത്തിൽ മുന്നിട്ടു നിൽക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ വിദേശത്ത് പഠനം നടത്തുന്നത് പഞ്ചാബിൽ നിന്നാണ്. എന്നാൽ ഏതാനും വർഷങ്ങൾക്കുള്ളിൽ കേരളം ഈ സംസ്ഥാനങ്ങളെയെല്ലാം കടത്തിവെട്ടുമെന്നാണ് ഇപ്പോഴത്തെ ട്രെൻഡ് കാണിക്കുന്നത്.