റിയാദ് - ഊര്‍ജ മേഖലയില്‍ പരസ്പര സഹകരണം കൂടുതല്‍ ശക്തമാക്കാന്‍ ലക്ഷ്യമിട്ട് ഇന്ത്യയുമായി ധാരണാപത്രം ഒപ്പുവെക്കാന്‍ സൗദി മന്ത്രിസഭ തീരുമാനിച്ചു. തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ റിയാദ് അല്‍യെമാമ കൊട്ടാരത്തില്‍ ഇന്നലെ ചേര്‍ന്ന പ്രതിവാര മന്ത്രിസഭാ യോഗമാണ് സൗദി, ഇന്ത്യ സഹകരണം പുതിയ തലങ്ങളിലേക്ക് ഉയര്‍ത്താന്‍ ലക്ഷ്യമിട്ട് പുതിയ ധാരണാപത്രം ഒപ്പുവെക്കാന്‍ തീരുമാനിച്ചത്. ഇക്കാര്യത്തില്‍ ഇന്ത്യന്‍ അധികൃതരുമായി ചര്‍ച്ച നടത്തി ധാണാപത്രം ഒപ്പുവെച്ച് നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കരാറിന്റെ അന്തിമ കോപ്പി മന്ത്രിസഭക്ക് സമര്‍പ്പിക്കാന്‍ ഊര്‍ജ മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരനെ മന്ത്രിസഭ ചുമതലപ്പെടുത്തി. പരിസ്ഥിതി മേഖലയില്‍ പരസ്പര സഹകരണത്തിന് ഒമാനുമായി ധാരണാപത്രം ഒപ്പുവെക്കാന്‍ പരിസ്ഥിതി, ജല, കൃഷി മന്ത്രിയെയും അള്‍ജീരിയയുമായി നിക്ഷേപ പ്രോത്സാഹന കരാര്‍ ഒപ്പുവെക്കാന്‍ നിക്ഷേപ മന്ത്രിയെയും മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ അധ്യക്ഷതയില്‍ സുപ്രീം കൗണ്‍സില്‍ ഓഫ് സ്‌പേസ് സ്ഥാപിക്കാനും കമ്മ്യൂണിക്കേഷന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കമ്മീഷന്റെ പേര് കമ്മ്യൂണിക്കേഷന്‍സ്, സ്‌പേസ് ആന്റ് ടെക്‌നോളജി കമ്മീഷന്‍ എന്നാക്കി മാറ്റാനും മന്ത്രിസഭ തീരുമാനിച്ചു. ചെറുകിട, ഇത്തരം സ്ഥാപന ബാങ്ക് നിയമവും മന്ത്രിസഭ തീരുമാനിച്ചു. ചെറുകിട, ഇടത്തരം സ്ഥാപനങ്ങള്‍ക്കുള്ള ഫിനാന്‍സ് ഗ്യാരണ്ടി പ്രോഗ്രാം ചെറുകിട, ഇടത്തരം സ്ഥാപന അതോറിറ്റിയില്‍ നിന്ന് ചെറുകിട, ഇടത്തരം സ്ഥാപന ബാങ്കിലേക്ക് മാറ്റാനും അല്‍ഹസ വികസന അതോറിറ്റി സ്ഥാപിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.