തിരുവനന്തപുരം - വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരത്തിനെതിരെ കൈകോര്‍ത്ത് സി.പി.എമ്മും ബി.ജെ.പിയും. പ്രാദേശിക ജനകീയ കൂട്ടായ്മ നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി രാജേഷും സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും വേദി പങ്കിട്ടു.
എന്നാല്‍ താന്‍ പങ്കെടുത്ത സമരം ബി.ജെ.പിയുമായി ചേര്‍ന്ന് നടന്നതാണെന്ന വ്യാഖ്യാനം ശരിയല്ലെന്ന് ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരായി നടത്തുന്ന സമരത്തിനെതിരായി ആ പ്രദേശത്തെ ആളുകളുടെ കൂട്ടായ്മയാണ് ഇന്ന് മാര്‍ച്ച് സംഘടിപ്പിച്ചത്. അതില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സാമുദായിക സംഘടനകളുടെ പ്രവര്‍ത്തകരും പങ്കെടുത്തിരുന്നു. അവരുടെ മുദ്രാവാക്യങ്ങളോട് തങ്ങള്‍ക്ക് യോജിപ്പാണ് ഉള്ളതെന്നും ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു
വിഴിഞ്ഞം സമരത്തിനെതിരായ കൂട്ടായ്മക്ക് പിന്തുണ നല്‍കും. സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും ഒരുമിച്ച് നടത്തുന്ന പദ്ധതിയാണിത്. സംയമനം പാലിച്ചുകൊണ്ട്, വിഴിഞ്ഞം യാഥാര്‍ഥ്യമാക്കാന്‍ എല്ലാ പിന്തുണയും നല്‍കുമെന്നും വി.വി രാജേഷ് പറഞ്ഞു.