Sorry, you need to enable JavaScript to visit this website.

രാജ്യത്തിന്റെ ജനാധിപത്യ, മതേതര സ്വഭാവങ്ങൾ നഷ്ടപ്പെടുന്നു -ജമാഅത്ത് അമീർ

തിരുവനന്തപുരം- രാജ്യത്തിന്റെ ജനാധിപത്യ, മതേതര, ഫെഡറൽ സ്വഭാവങ്ങൾ നഷ്ടപ്പെടുന്നുവെന്ന ആശങ്ക വർധിക്കുന്നതായി ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യ അമീർ മൗലാന സയ്യിദ് ജലാലുദ്ദീൻ ഉമരി. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാറിയ സാഹചര്യത്തിൽ ഇതിനെ ചെറുക്കാൻ ജനാധിപത്യ, മതേതര കക്ഷികൾ എല്ലാ അഭിപ്രായ വ്യത്യാസവും മാറ്റിവച്ചു രംഗത്തിറങ്ങണം. ഇതു സംബന്ധിച്ചു സുപ്രീം കോടതി പോലും പ്രതിഷേധം പ്രകടിപ്പിച്ചിട്ടുണ്ട്. കേന്ദ്രത്തിലെ ബി.ജെ.പി സർക്കാർ പുലർത്തുന്നതു ഫെഡറൽ വിരുദ്ധ നയങ്ങളാണ്. ഇന്ത്യയുടെ മതേതര, ജനാധിപത്യ പാരമ്പര്യം നഷ്ടപ്പെടുന്നതു വൻ ദുരന്തമാകും. കേന്ദ്രസർക്കാർ പുലർത്തുന്ന തെറ്റായ നിലപാടുകൾ അനഭിലഷണീയമായ സാഹചര്യങ്ങൾ സൃഷ്ടിക്കുകയാണ്. രാജ്യത്തിന്റെ വൈവിധ്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി വ്യത്യസ്ത ശബ്ദങ്ങൾ ഒന്നിച്ച് ഉയർന്ന് കേൾക്കണമെന്നാണ് ജമാഅത്തെ ഇസ്‌ലാമി ആഗ്രഹിക്കുന്നത്. രാജ്യത്തിലെ മഹാഭൂരിപക്ഷം ജനങ്ങളും മതേതര, ജനാധിപത്യ മൂല്യങ്ങളെ നെഞ്ചോടു ചേർത്തു പിടിക്കുന്നവരാണ്. ജമാഅത്തെ ഇസ്‌ലാമി ഒരു കാരണവശാലും രാജ്യവിരുദ്ധവും വർഗീയവുമായ പ്രവർത്തനങ്ങളിൽ ഏർപെട്ടിട്ടില്ല. സംഘടനയുടെ ഭരണഘടന വായിച്ചാൽ ഇക്കാര്യം ബോധ്യമാകും. ജമാഅത്തിനെ നിരോധിക്കണമെന്ന ആവശ്യവുമായി കേരള ഹൈക്കോടതിയിൽ ഒരു ഹരജി നിലനിൽക്കുന്നുണ്ട്. ഇതിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ജമാഅത്തിന്റെ പേരിൽ അത്തരം ആരോപണങ്ങൾ നിലനിൽക്കില്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്. കേസിനെ നിയമപരമായും ജനാധിപത്യപരമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു. 
അലീഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയിലെ സ്റ്റുഡൻസ് യൂണിയൻ ഹാളിലെ ജിന്നയുടെ ചിത്രം നീക്കണമെന്ന് അഭിപ്രായമുള്ളവർക്ക് കോടതിയെ സമീപിക്കാം. രാജ്യത്തിനായി സംഭാവനകളർപ്പിച്ചവരെ ആദരിക്കുകയും അവരുടെ ചിത്രം  ഹാളിൽ വെക്കുകയും ചെയ്യുന്നത് സ്റ്റുഡൻസ് യൂണിയൻ വർഷങ്ങളായി ചെയ്തു വരുന്നതാണ്. ഗാന്ധിജി, മദർ തെരേസ, സി.വി രാമൻ എന്നിവരെയെല്ലാം ഇത്തരത്തിൽ ആദരിച്ചിട്ടുണ്ട്. സ്റ്റുഡൻസ് യൂണിയൻ ഹാളിലെ ജിന്നയുടെ ചിത്രം 1938 ലാണ് സ്ഥാപിച്ചത്. വിഭജനത്തിന് മുൻപാണ് ജിന്നയെ പരിഗണിച്ചത് എതിരഭിപ്രായമുള്ളവർ ജനാധിപത്യമാർഗങ്ങളാണ് സ്വീകരിക്കേണ്ടത്. നീക്കണമെന്ന് അഭിപ്രായമുള്ളവർക്ക് കോടതിയെ സമീപിക്കാം. അല്ലെങ്കിൽ സ്റ്റുഡൻസ് യൂണിയനുമായി സംസാരിച്ച് പ്രശ്‌നം പരിഹരിക്കാം. എന്നാൽ ബലപ്രയോഗത്തിലൂടെ  സംഘർഷമുണ്ടാക്കി ചിത്രം നീക്കാൻ ശ്രമിക്കുന്നത് ജനാധിപത്യ സംസ്‌കാരത്തിന് ചേർന്നതല്ല. 
ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ അസിസ്റ്റന്റ് അമീർ മൗലാന നുസ്രത്ത് അലി, കേരള അധ്യക്ഷൻ എം.ഐ അബ്ദുൽ അസീസ്, കേരള സെക്രട്ടറി പി.പി അബ്ദുറഹ്മാൻ, തിരുവനന്തപുരം ജില്ല പ്രസിഡന്റ് എച്ച്. ഷഹീർ മൗലവി, വി.എം സാഫിർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

 

Latest News