കോഴിക്കോട് - ന്യൂനപക്ഷ അവകാശങ്ങൾ നേടിയെടുക്കാൻ യോജിച്ചുള്ള മുന്നേറ്റം അനിവാര്യമാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന പ്രസിഡന്റ് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ. മുസ്‌ലിം ജനവിഭാഗങ്ങളുമായി ബന്ധപ്പെട്ട പൊതുപ്രശ്‌നങ്ങളിൽ ക്രിയാത്മക പരിഹാര മാർഗങ്ങൾക്ക് മുസ്‌ലിം ജമാഅത്ത് മുൻകൈയെടുക്കും. ഇതിനായുള്ള കൂട്ടായ്മകളിൽ കക്ഷി രാഷ്ട്രീയം പ്രതിസന്ധിയായി വരരുതെന്നും അദ്ദേഹം പറഞ്ഞു. വിദേശ വനിതയുടെ കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചവരെ ദ്രുതഗതിയിൽ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന കേരള പോലീസിനെ അദ്ദേഹം അഭിനന്ദിച്ചു.
സംസ്ഥാന സർക്കാരിന്റെ നല്ല പ്രവർത്തനങ്ങൾക്കെല്ലാം ജാതി മത പരിഗണനയില്ലാതെ പൊതുസമൂഹത്തിന്റെയാകെ പിന്തുണയുണ്ടാകുമെന്നും കാന്തപുരം പറഞ്ഞു. കേരള മുസ്‌ലിം ജമാഅത്ത് ഉമറാ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു കാന്തപുരം. സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കേരള മുസ്‌ലിം ജമാഅത്ത് ഇതാദ്യമായി സംഘടിപ്പിച്ച ഉമറാ സമ്മേളനം പ്രൗഢമായിരുന്നു. രാവിലെ ഒമ്പത് മണിയോടെ തന്നെ സ്വപ്ന നഗരിയിലെ സമ്മേളന നഗരി ജനസാഗരമായി. സംസ്ഥാനത്തെ വിവിധ മഹല്ല്, യൂനിറ്റ് തലങ്ങളിലെ വ്യാപാരിവ്യവസായി മേഖലകളിൽ നിന്നും കാർഷിക-ഉദ്യോഗസ്ഥ രംഗങ്ങളിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് പങ്കെടുത്തത്.
ന്യൂനപക്ഷങ്ങളും പ്രത്യേകിച്ച് മുസ്‌ലിംകളും നേരിടുന്ന പിന്നാക്കാവസ്ഥ പൂർണ്ണതോതിൽ പരിഹരിക്കാൻ ഇനിയുമായിട്ടില്ല. വിവിധ കമ്മീഷൻ കണ്ടെത്തലുകളും അവർ നൽകിയ ശിപാർശകളും നടപ്പാക്കുന്ന കാര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം. ഭരണകൂടങ്ങൾക്ക് മുന്നിൽ ഇക്കാര്യം ബോധ്യപ്പെടുത്തി ഫലപ്രദമായ പരിഹാരത്തിന് കേരള മുസ്‌ലിം ജമാഅത്ത് നേതൃത്വം നൽകും. ഇക്കാര്യത്തിൽ മുസ്‌ലിം ജനവിഭാഗങ്ങൾ ഒരുമിച്ച് നിൽക്കണം.
സമഗ്രപുരോഗതിയും ക്ഷേമവും ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളെയെല്ലാം പിന്തുണക്കും. ബഹുസ്വരസമൂഹത്തിൽ മുസ്‌ലിംകളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം ഗൗരവത്തോടെ കാണുന്നു. ഇതിനെതിരെ ദേശീയതലത്തിൽ ചർച്ചകളും പ്രചാരണങ്ങളും സംഘടിപ്പിക്കും. നാടിന്റെ എല്ലാനന്മകളും ഇല്ലാതാക്കുന്ന വർഗീയതയെ ചെറുത്ത് തോൽപ്പിക്കണം. രാജ്യത്തിന്റെ നിലനിൽപ്പ് തന്നെ അപകടത്തിലാക്കും വിധം വർഗീയ ചേരിതിരിവ് സൃഷ്ടിക്കാനുള്ള നീക്കത്തിനെതിരെ പൊതുസമൂഹം ജാഗ്രത പുലർത്തണം. തീവ്രവാദം, രാജ്യദ്രോഹ പ്രവണതകൾ എന്നിവക്കെതിരെ ജനകീയ സഭകൾ വിളിച്ചുചേർത്ത് ബോധവത്കരണം നടത്തും.
ദളിത്, ന്യൂനപക്ഷ വിഭാഗങ്ങളുടെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കാൻ എല്ലാസംസ്ഥാനങ്ങളിലും ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങൾ ആരംഭിക്കും. വിദ്യാഭ്യാസപാക്കേജുകൾ, പുനരധിവാസ, ദുരിതാശ്വാസപദ്ധതികൾ എന്നീ രംഗങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കും. മഹല്ലു ജമാഅത്തുകളിലും ഗ്രാമീണ മേഖലകളിലും കേന്ദ്രീകരിക്കുന്ന മുസ്‌ലിം കുടുംബങ്ങളെക്കുറിച്ച് സർവെ നടത്തി വിദ്യാഭ്യാസം, ജീവിത സുരക്ഷിതത്വം എന്നിവ ഉറപ്പ് വരുത്താനുള്ള ഇടപെടലുകൾ നടത്തും. ഇതിനായി മഹല്ല് മാർഗരേഖ നടപ്പാക്കും. ഈ ലക്ഷ്യങ്ങൾക്കായി രാഷ്ട്രീയത്തിനും വിഭാഗീയതക്കും അതീതമായി മഹല്ല് നേതൃത്വങ്ങളെ സജ്ജരാക്കും.
സമുദായ ശാക്തീകരണത്തിന് പണ്ഡിത നേതൃത്വത്തിനൊപ്പം പൗരപ്രമുഖരെ കൂടി ചേർത്ത് നിർത്തുകയാണ് ലക്ഷ്യം. അവശ ജനവിഭാഗങ്ങൾ താമസിക്കുന്ന സ്ഥലങ്ങളിൽ പുനരധിവാസത്തിനും വിദ്യാഭ്യാസത്തിനും അവസരം നൽകുമെന്നും കാന്തപുരം പറഞ്ഞു.
ജസ്റ്റിസ് സി. കെ അബ്ദുൽ റഹീം മുഖ്യാതിഥിയായിരുന്നു. സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി മലേഷ്യ പ്രാർഥന നത്തി. എം.എൽ.എമാരായ പി.ടി.എ റഹീം, എ. പ്രദീപ്കുമാർ, റിട്ട. ജസ്റ്റിസ് എം. നിസാർ, സയ്യിദ് അലി ബാഫഖി തങ്ങൾ, എ.പി. അബ്ദുൽ കരീം ഹാജി, ഡോ. ഹുസൈൻ, ഫ്‌ളോറ ഹസൻഹാജി, ഡോ. മൻസൂർ ഹാജി ചെന്നൈ, അപ്പോളൊ മൂസ ഹാജി പ്രസംഗിച്ചു.
തുടർന്ന് മുസ്‌ലിം ന്യൂനപക്ഷത്തിന്റെ വർത്തമാനം എന്ന വിഷയത്തിൽ ഡോ. അബ്ദുസലാം, എൻ. അലി അബ്ദുല്ല എന്നിവരും ഉമറാഇന്റെ കർമ്മപഥം ഡോ. ഹുസൈൻ രണ്ടത്താണിയും സി. മുഹമ്മദ് ഫൈസിയും പ്രബന്ധം അവതരിപ്പിച്ചു. ഉച്ചക്ക് ശേഷം നടന്ന കൾച്ചറൽ കോൺഫറൻസിൽ സമസ്ത പ്രസിഡന്റ് ഇ. സുലൈമാൻ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. പൊന്മള അബ്ദുൽ ഖാദർ മുസ്‌ലിയാർ, പേരോട് അബ്ദുർറഹ്മാൻ സഖാഫി, അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല എന്നിവർ വിഷയാവതരണം നടത്തി. സമാപന സംഗമത്തിൽ സയ്യിദ് ളിയാഉൽ മുസ്തഫ മാട്ടൂൽ, വണ്ടൂർ അബ്ദുർറഹ്മാൻ ഫൈസി, പ്രൊഫ. എ.കെ. അബ്ദുൽ ഹമീദ് പ്രസംഗിച്ചു.