കോഴിക്കോട്- ഖത്തര്‍ ലോകകപ്പ് പടിവാതിക്കല്‍ എത്തിനില്‍ക്കെ കോഴിക്കോട് സ്ഥാപിച്ച അര്‍ജന്റീന താരം ലയണല്‍ മെസ്സിയുടെ കൂറ്റന്‍ കട്ടൗട്ട് അര്‍ജന്റീന ഫാന്‍സ് ഫേസ്ബുക് പേജും പങ്കുവെച്ചു.
കൊടുവള്ളിക്കടുത്ത് പുള്ളാവൂരിലെ ചെറുപുഴയില്‍ വെള്ളത്തിനു നടുക്ക് ഉയര്‍ന്നു നില്‍ക്കുന്ന മെസ്സിയുടെ കൂറ്റന്‍ കട്ടൗട്ടാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച ആയതിനു പിന്നാലെയാണ് അര്‍ന്റീന ടീമും അതു പങ്കുവെച്ചത്.
അര്‍ജന്റീന ആരാധകര്‍ കട്ടൗട്ടുമായി പോകുന്നതിന്റെയും പുഴയില്‍ സ്ഥാപിക്കുന്നതിന്റെയും വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. അന്താരാഷ്ട്ര മാധ്യമങ്ങളും ചിത്രം പങ്കുവെച്ചതോടെ പുള്ളാവൂരിലെ മെസ്സി ആഗോളതലത്തില്‍തന്നെ വൈറലായി. ഫോക്‌സ് സ്‌പോര്‍ട്‌സ് ഉള്‍പ്പെടെ അന്താരാഷ്ട്ര മാധ്യമങ്ങള്‍ മെസ്സിയുടെ ചിത്രം പങ്കുവെച്ചിരുന്നും.
1986ല്‍ മെക്‌സികോയില്‍ നടന്ന ലോകകകപ്പിനുശേഷം പിന്നീടൊരു ലോകകപ്പ് കിരീടം ഉയര്‍ത്താന്‍ കഴിയാത്ത അര്‍ജന്റീന ലോകകപ്പെന്ന സ്വപ്നവുമായാണ് ഖത്തറിലേക്ക് എത്തുന്നത്. യോഗ്യതാമത്സരങ്ങളിലെല്ലാം മികച്ച പ്രകടനം കാഴ്ചവെച്ചാണ് അര്‍ജന്റീന ലോകകപ്പ് യോഗ്യത നേടിയത്. ഇത്തവണത്തെ ലോകകപ്പ് കിരീടം അര്‍ജന്റീന സ്വന്തമാക്കുമെന്ന് പലരും പ്രവചിക്കുന്നുണ്ട്.