കാസർകോട് - രാഷ്ട്രപതിയുടെ കൈയിൽനിന്നു അവാർഡ് വാങ്ങാൻ കൊതിച്ച് ദൽഹി വരെ പോയിട്ടും അതു കിട്ടാതെ വരുന്നത് വിഷമം തന്നെയാണെന്ന് സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവും സിനിമാ താരവുമായ ഇന്ദ്രൻസ് അഭിപ്രായപ്പെട്ടു. കാസർകോട് പ്രസ് ക്ലബിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രപതിക്ക് സമയക്കുറവ് ഉണ്ടെങ്കിൽ നിശ്ചയിച്ച അവാർഡ് ഘട്ടംഘട്ടമായി വിതരണം ചെയ്യാമായിരുന്നു. എല്ലാം ഒരുമിച്ചു കൊടുക്കണമെന്ന് ഒരു നിർബന്ധവുമില്ല. മുമ്പും രാഷ്ട്രപതിമാർ അങ്ങിനെ ചെയ്തിട്ടുണ്ട്. അതുകൊണ്ട് അവാർഡ് നൽകിയവർ മോശക്കാരാണെന്ന് അഭിപ്രായമില്ലെന്നും അദ്ദേഹം പറഞ്ഞു. ദൽഹിയിൽ നടന്ന ദേശീയ അവാർഡ് ദാന ചടങ്ങിൽനിന്ന് ഒരു വിഭാഗം അവാർഡ് ജേതാക്കൾ വിട്ടുനിന്നതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ഇന്ദ്രൻസ്. രാഷ്ട്രപതിയുടെ കൈയിൽനിന്ന് അവാർഡ് വാങ്ങാൻ ധാരാളം പണം ചെലവിട്ടാണ് അവിടെ വരെ പോകുന്നത്. അത് നമ്മുടെ ഒരു ആഗ്രഹമാണ്. അവാർഡ് നൽകിയവരുടെ കൂടെയാണോ വിട്ടുനിന്ന അവാർഡ് ജേതാക്കളുടെ കൂടെയാണോ എന്ന ചോദ്യത്തിനുള്ള മറുപടി ചിരിയിലൊതുക്കുകയായിരുന്നു ഹാസ്യതാരം. തുള്ളിച്ചാടി സിനിമ അഭിനയിച്ചിരുന്ന പഴയകാലത്ത് നിന്നു സിനിമാഭിനയം ഒരുപാട് മാറിയെന്ന് ഇന്ദ്രൻസ് പറഞ്ഞു. അങ്ങിനെ അഭിനയിക്കാൻ പറ്റുന്ന സിനിമയല്ല പുതിയ കാലത്ത് വരുന്നത്. ഇപ്പോഴത്തെ സിനിമകളെല്ലാം നമ്മുടെ സിനിമ സങ്കൽപ്പങ്ങൾക്ക് അപ്പുറമാണ്. കേൾക്കുമ്പോൾ തന്നെ പേടിയാകുന്നു. വായിക്കുമ്പോൾ എനിക്ക് സങ്കടവും വരുന്നു. സെലക്ടീവ് ആകാൻ ധൈര്യവുമില്ലാത്തത് കൊണ്ട് ഒരുവിധം നിന്നുപോകുന്നുവെന്നും അദ്ദേഹം പറഞ്ഞു. സിനിമാ പ്രവർത്തകരായ സുരേന്ദ്രൻ കൂക്കാനം, ചന്ദ്രൻ കല്ലത്ത്, വത്സൻ പിലിക്കോട്, തമ്പാൻ കൊടക്കാട് , വി.വി പ്രഭാകരൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.