Sorry, you need to enable JavaScript to visit this website.

രാഷ്ട്രീയ ശൂന്യത സൃഷ്ടിച്ച് അശോക് മിത്രയുടെ വേർപാട്

പ്രസിദ്ധ മാർക്‌സിസ്റ്റ് ധനശാസ്ത്രജ്ഞനും മുൻ പശ്ചിമബംഗാൾ ധനമന്ത്രിയുമായ ഡോ. അശോക് മിത്ര മെയ്ദിനത്തിൽ അന്തരിച്ച വാർത്ത ഒരുദിവസം കഴിഞ്ഞാണ് അച്ചടി മാധ്യമങ്ങളിലൂടെ വായനക്കാരിലെത്തിയത്. 90 വയസുള്ള രോഗാതുരനായിരുന്ന ഡോ. മിത്രയുടെ മരണം അപ്രതീക്ഷിതമായിരുന്നില്ല.  എങ്കിലും അതൊരു   നടുക്കമുണ്ടാക്കി. നഷ്ടബോധവും. 
തീക്കട്ടപോലെ ജ്വലിച്ചുനിന്നിരുന്ന ആ മാർക്‌സിസ്റ്റ് മനുഷ്യസ്‌നേഹിക്ക് സാർവ്വദേശീയ തൊഴിലാളി ദിനത്തിൽ മരണം അപൂർവ്വ ബഹുമതി നൽകി.  ഇന്ത്യൻ ജനാധിപത്യവും ഇടതുപക്ഷവും ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളി നേരിടുമ്പോൾ ഡോ. അശോക് മിത്രയുടെ മരണം ഒരിക്കലും നികത്താനാവാത്ത ശൂന്യതയാണ്. ജനങ്ങളും ജനാധിപത്യവുമായിരുന്നു അദ്ദേഹത്തിന്റെ സാമ്പത്തിക - രാഷ്ട്രീയ ദർശനങ്ങളുടെയാകെ അടിസ്ഥാനം. 
അതു സംബന്ധിച്ച സമഗ്രമായ വീക്ഷണവും വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായിരുന്നു അശോക് മിത്രയുടെ വ്യക്തിത്വം. അതിൽ എന്നു ഉറച്ചുനിന്നു. ഇന്ദിരാഗാന്ധി ഗവണ്മെന്റിന്റെ മുഖ്യ ഉപദേഷ്ടാവായിരിക്കുമ്പോഴും ജ്യോതി ബസുവിന്റെ കീഴിൽ ധനമന്ത്രിയായി തുടരുമ്പോഴും അഭിപ്രായവ്യത്യാസത്തിന്റെ പേരിൽ അദ്ദേഹം രാജിവെച്ചു. ഇന്ദിരാഗാന്ധിയുടെ നയങ്ങൾ   സർവ്വാധിപത്യത്തിലേക്ക് നീങ്ങുന്നതും ബംഗാളിൽ അർദ്ധ ഫാഷിസ്റ്റ് വാഴ്ച അടിച്ചേൽപ്പിക്കുന്നതും കണ്ടാണ് ഉപദേഷ്ടാവിന്റെ പദവി വലിച്ചെറിഞ്ഞത്.  ലക്ഷ്യങ്ങളിൽനിന്നും തത്വങ്ങളിൽനിന്നും ഇടതുമുന്നണി ഗവണ്മെന്റ് വ്യതിചലിക്കുന്നു എന്നു കണ്ടപ്പോൾ  നിർണ്ണായകമായ ധനമന്ത്രിപദവും രാജിവെച്ചു. 'താഴോട്ടുനോക്കൂ, തിരുത്തൂ' എന്ന് പേന ചലിപ്പിക്കാൻ കഴിയുവോളംകാലം സി.പി.എം നേതൃത്വത്തെ അശോക് മിത്ര ഓർമ്മിപ്പിച്ചുകൊണ്ടേയിരുന്നു. കേന്ദ്രത്തിൽ ഭരിക്കുന്ന സർക്കാറുകൾ മുതലാളിത്തത്തിന്റെ ലാഭാർത്തിയോടെയുള്ള മാരകമായ കുതിപ്പ് തുടരുമ്പോൾ   മാർക്‌സിസത്തിന്റെ ശരിയായ പ്രയോഗത്തിലൂടെ അതിനെ പ്രതിരോധിക്കാൻ ഇടതുപക്ഷത്തിനേ കഴിയൂ എന്നും ബോധം നഷ്ടപ്പെടുംവരെയും അദ്ദേഹം ആത്മവിശ്വാസം പകർന്നു.  
അശോക് മിത്രയെ അനുസ്മരിച്ചുകൊണ്ട് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി എഴുതിയ കുറിപ്പിലെ ഈ ഭാഗം വരികൾക്കിടയിൽ വായിച്ചുനോക്കൂ:
 'ഏതാനും മാസംമുമ്പ് കൊൽക്കത്തയിലെ വീട്ടിൽ ചെന്നുകണ്ടപ്പോൾ ബംഗാളിലെ സംഭവ വികാസങ്ങളാണ് സംസാരിച്ചത്. പാർട്ടിക്കു തിരിച്ചുവരാൻ സാധിക്കണമെങ്കിൽ ചെയ്യേണ്ടത് എന്തൊക്കെയാണെന്നതിനെ കുറിച്ച് ആശയങ്ങൾ പങ്കുവെച്ചു. താഴെതട്ടിലെ സ്ഥിതി മനസിലാക്കണമെങ്കിൽ ചില സഖാക്കളോട് സംസാരിക്കണമെന്ന് പറയുക മാത്രമല്ല രണ്ടുപേരുടെ നമ്പർ ഓർമ്മയിൽനിന്ന് പറഞ്ഞുതരികയും ചെയ്തു.'
അശോക് മിത്രയുമായി ചേർത്ത് ഓർക്കാൻ പല മുഹൂർത്തങ്ങളും ഉണ്ടെങ്കിലും പെട്ടെന്നോർത്തത് 35 വർഷങ്ങൾക്കുമുമ്പ് ശ്രീനഗറിൽ നടന്ന ചരിത്ര പ്രസിദ്ധമായ 17 പ്രതിപക്ഷ പാർട്ടികളുടെ യോഗമാണ്. മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള ആതിഥേയനായി നടന്ന മൂന്നു ദിവസങ്ങളിലെ യോഗം മുഖ്യമായും ചർച്ചചെയ്തത് സംഘർഷാത്മകമായി രൂക്ഷമാകുന്ന കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെകുറിച്ചാണ്. അതു സംബന്ധിച്ചു പുറപ്പെടുവിച്ച  ശ്രീനഗർ പ്രഖ്യാപനത്തിന്റെ മുഖ്യ ശിൽപി പശ്ചിമ ബംഗാൾ ധനമന്ത്രി അശോക് മിത്രയായിരുന്നു. 
കേന്ദ്രത്തിന്റെ കൈയിലെ ബ്രഹ്മാസ്ത്രമായ ഭരണഘടനയിലെ 356-#ാ#ം വകുപ്പിന്റെ രുചിയറിഞ്ഞ ആന്ധ്ര മുഖ്യമന്ത്രി എൻ.ടി രാമറാവു, ബംഗാൾ മുഖ്യമന്ത്രി ജ്യോതി ബസു, ബിജു പട്‌നായിക് തുടങ്ങിയവർ ശ്രീനഗർ സമ്മേളനത്തിൽ പങ്കെടുത്തപ്പോൾ ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ യോഗത്തിൽനിന്നു വിട്ടുനിന്നിരുന്നു. എൻ.ടി രാമറാവു നേരത്തെ വിജയവാഡയിൽ വിളിച്ചുചേർത്ത പ്രത്യേക അജണ്ടകളില്ലാത്ത പ്രതിപക്ഷ യോഗമാണ് ശ്രീനഗർ സമ്മേളനത്തിലേക്ക് നയിച്ചത്.  ഫെഡറൽ അധികാരാവകാശങ്ങളുടെ വെളിച്ചത്തിൽ വ്യക്തമായ പരിപാടി മുന്നോട്ടുവെച്ച് അത് പ്രയോഗതലത്തിൽ കൊണ്ടുവന്നു. അശോക് മിത്രയുടെ ഫെഡറലിസം സംബന്ധിച്ച ഭരണഘടനാപരവും രാഷ്ട്രീയവുമായ മാർക്‌സിസ്റ്റ് രാഷ്ട്രീയ - സാമ്പത്തിക വീക്ഷണമായിരുന്നു അതിനു കാരണം. 
ശ്രീനഗർ യോഗം തുടങ്ങിയ ദിവസംതന്നെ പഞ്ചാബിൽ കോൺഗ്രസ് മുഖ്യമന്ത്രി ദർബാറാസിംഗ് ഗവണ്മെന്റിനെ പിരിച്ചുവിട്ട് ശ്രീനഗർ അജണ്ടയുടെ കാറ്റുപോക്കാൻ ഇന്ദിര പ്രായോഗികബുദ്ധി പ്രകടിപ്പിച്ചു. ഖാലിസ്ഥാൻ തീവ്രവാദ ആക്രമണങ്ങൾ പഞ്ചാബിൽ  രക്തച്ചൊരിച്ചിൽ വ്യാപിപ്പിക്കുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു സ്വന്തം പാർട്ടി നയിക്കുന്ന ഗവണ്മെന്റിനെ പിരിച്ചുവിട്ട് ഇന്ദിരാഗാന്ധി രാഷ്ട്രപതിഭരണം ഏർപ്പെടുത്തിയത്. ശ്രീനഗർ സമ്മേളനം കഴിഞ്ഞ് പ്രതിപക്ഷ പാർട്ടികൾ സ്ഥലം വിട്ടതിനു പിറകെ അവർക്ക് ആതിഥ്യം നൽകിയ ഫാറൂഖ് അബ്ദുള്ളയുടെ സംസ്ഥാന ഗവണ്മെന്റിനെയും പിരിച്ചുവിട്ട് ഇന്ദിരാഗാന്ധി രാജ്യത്തെ അമ്പരപ്പിച്ചു. അമിതാധികാര പ്രയോഗംകൊണ്ട് ജനാധിപത്യം പുലർത്താനാവില്ലെന്ന് ബ്ലൂസ്റ്റാർ ഓപ്പറേഷനും ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വവും പിറകെ തെളിയിച്ചെങ്കിലും.
അശോക് മിത്രയുടെ ദൃഢനിശ്ചയമാർന്ന, ദീർഘവീക്ഷണമുള്ള രാഷ്ട്രീയ മുഖത്തിനുള്ളിൽ മനുഷ്യസ്‌നേഹത്തിന്റെയും എളിമയുടെയും  മറക്കാനാവാത്ത മറ്റൊരു മുഖംകൂടിയുണ്ട്. ശ്രീനഗർ പ്രഖ്യാപനം മാധ്യമങ്ങൾക്കുനൽകി തിരക്കിട്ട് ഡൽഹിക്കു മടങ്ങുന്ന അശോക് മിത്രയോട് സമ്മേളനം റിപ്പോർട്ടു ചെയ്യാൻ ശ്രീനഗറിൽ എത്തിയിരുന്ന ഈ ലേഖകൻ  എളിയ ഒരു അപേക്ഷ നടത്തി. അന്നത്തെ വാർത്താ വിനിമയ ബന്ധങ്ങളുടെ കാലതാമസവും പരിമിതിയും മുറിച്ചുകടക്കാൻ ഒരു സഹായം. ശ്രീനഗർ പ്രഖ്യാപന വാർത്ത കൂടെ ഡൽഹിക്കു കൊണ്ടുപോകാൻ. ഡൽഹി ബ്യൂറോയിൽനിന്ന് ആൾ വന്ന് അത് ശേഖരിക്കും. 
'നോ, നോ. ഞാനത് നേരിൽ കൊണ്ടുപോയി കൊടുക്കും. ഇത് നമ്മുടെ പത്രത്തിൽ വരേണ്ടത് നമ്മുടെയെല്ലാം ആവശ്യമല്ലേ.'
റിപ്പോർട്ടെഴുതി പൂർത്തിയാക്കുംവരെ അദ്ദേഹം കാത്തിരുന്നു. പാലം വിമാനത്താവളത്തിലിറങ്ങി ദേശാഭിമാനിയുടെ സന്ദേശവാഹകനായി റഫിമാർഗിലെ വിത്തൽഭായി പട്ടേൽ ഹൗസിലെ 201-ാം നമ്പർ മുറിയിൽ ആ കവർ നേരിൽ ഏൽപിച്ചാണ് ബംഗാൾ ധനമന്ത്രി ബംഗ ഭവനിലേക്ക് പോയത്. 
സിൻഡിക്കേറ്റ് നേതൃത്വത്തെ എതിർത്ത് ഇന്ദിരാഗാന്ധി പുരോഗമന മുഖച്ഛായയും സോഷ്യലിസ്റ്റ് മുദ്രാവാക്യവുമായി കേന്ദ്രസർക്കാറിനെ നയിക്കുമ്പോഴാണ് ലോകബാങ്ക് വിട്ട് ഡൽഹി സ്‌ക്കൂൾ ഓഫ് ഇക്കണോമിക്‌സിൽ അധ്യാപകനായിരിക്കെ അശോക് മിത്ര ഇന്ദിരാ ഗവണ്മെന്റിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവാകുന്നത്. രാജ്യം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലേക്കും വലതുപക്ഷ വൽക്കരണത്തിലേക്കും അമിതാധികാരത്തിലേക്കും നീങ്ങുകയാണെന്ന് അശോക് മിത്ര അതിവേഗം തിരിച്ചറിഞ്ഞ് രാജിവെച്ചു. ഇന്ദിരാഗാന്ധിയുടെ നയങ്ങളെ ശക്തമായി എതിർത്തു.  1977 മുതൽ 1987വരെ ജ്യോതിബസു മന്ത്രിസഭയിൽ ധനമന്ത്രിയായി തുടർന്ന അശോക് മിത്രയാണ് മൂന്നു പതിറ്റാണ്ട് നിലനിന്ന ഇടതുമുന്നണിയുടെ സാമ്പത്തിക - രാഷ്ട്രീയ അടിത്തറ ഉറപ്പിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചത്. 
2006ലെ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ തോൽക്കുമെന്ന പ്രചാരണത്തെ തോൽപ്പിച്ച് ഇടതുമുന്നണി വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. പാർട്ടി നേതൃത്വം വിജയാഘോഷത്തിൽ മതിമറക്കവെ അശോക്മിത്ര മുന്നറിയിപ്പു നൽകി: വിജയം ആഹ്ലാദകരമെങ്കിലും ഗവണ്മെന്റ് ഇടതുപക്ഷ നയങ്ങളിൽനിന്ന് വ്യതിചലിക്കുന്നതിന്റെ പ്രതിഫലനം പ്രകടമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭാവ്‌നഗർ അസംബ്ലി മണ്ഡലത്തിൽ പാർട്ടിക്കേറ്റ തിരിച്ചടി കൃഷിഭൂമി വ്യാവസായിക ആവശ്യങ്ങൾക്ക് പിടിച്ചെടുക്കുന്നതിന്റെ പ്രത്യാഘാതമാണ്. ഗവണ്മെന്റിന്റെ ഓരോ ചുവടും പാർട്ടിനേതൃത്വം ശ്രദ്ധിക്കണമെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി. ചെവിക്കൊണ്ടിരുന്നെങ്കിൽ ഇടതുപക്ഷത്തിന്റെ ബംഗാളിലെയും ത്രിപുരയിലെയും ഇന്നത്തെ അവസ്ഥ മറ്റൊന്നാകുമായിരുന്നു. 
ആശയപരമായ സ്ഥിരതയിൽ ഉറച്ചുനിന്ന മാർക്‌സിസ്റ്റും സാമ്പത്തിക വിദഗ്ധനുമായിരുന്നു അശോക് മിത്ര. അതിന്റെ അടിത്തറയിൽനിന്നുകൊണ്ടാണ് കേന്ദ്ര - സംസ്ഥാന ബന്ധങ്ങളും സാമ്പത്തിക ഫെഡറലിസവും രാഷ്ട്രീയ സംവാദത്തിന്റെ ഏറ്റവും പ്രധാന അജണ്ടയായി 80കളിൽ ഇടതുമുന്നണി ഗവണ്മെന്റ് ഉയർത്തിക്കൊണ്ടുവന്നത്.  അതിന്റെ മുഴുവൻ പകർപ്പവകാശവും അശോക് മിത്രയ്ക്കാണ്. തന്റെ വിയോജിപ്പിനിടയിലും ബംഗാളിലെ ഇടത് ഗവണ്മെന്റിനെയോ ഇടതുപക്ഷത്തെയോ അവരുടെ ഏറ്റവും വലിയ പ്രതിസന്ധികളിൽ പ്രതിരോധിക്കാനാണ് അദ്ദേഹം മുന്നിൽനിന്നത്. 
കേന്ദ്ര നേതൃത്വവും ത്രിപുരയിലെയും കേരളത്തിലെയും ഇടത് ഗവണ്മെന്റുകളും ആ മാർക്‌സിസ്റ്റ് നിലപാടുകളും ദൃഢനിശ്ചയവും കൈവിട്ടതിന്റെ വിപത്ത് മിത്ര ചൂണ്ടിക്കാട്ടിയതായി എം.എ ബേബി  വെളിപ്പെടുന്നുണ്ട്: 'ജി.എസ്.ടിക്ക് എതിരായ സമരത്തിൽ ശക്തവും വ്യാപകവുമായി ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.  ഫെഡറൽ തത്വങ്ങളുടെ ലംഘനമായതു കൊണ്ട് നിയമപോരാട്ടത്തിന്റെ സാധ്യത അന്വേഷിക്കണമെന്നും പറഞ്ഞു'.
കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിൽ  നരേന്ദ്രമോദി ഗവണ്മെന്റ് വന്നതിനുശേഷം തുടർച്ചയായി നടന്നുകൊണ്ടിരിക്കുന്ന കടന്നാക്രമണങ്ങൾ, അതിന്റെ ആയുധമായി കേന്ദ്രം ഉപയോഗിച്ച ജി.എസ്.ടി എന്നീ അടിസ്ഥാന വിഷയങ്ങളിൽ കേരള മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് ഐസക്കും അവരുടെ നിഴലായി നീങ്ങിയ ത്രിപുര മുഖ്യമന്ത്രി മണിക് സർക്കാറും എന്തു നിലപാടാണ് സ്വീകരിച്ചതെന്നാണ് ബേബിയുടെ ഉദ്ധരണി തുറന്നുകാട്ടുന്നത്. ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിയുടെ ഇടതും വലതും നിന്ന് സംസ്ഥാനങ്ങളുടെ അധികാരങ്ങൾ കേന്ദ്രം കവർന്നെടുക്കുന്നതിന് സഹായവും പ്രോത്സാഹനവും നൽകുകയാണ് കേരളവും ത്രിപുരയും ചെയ്തത്. മിത്രയെ ബേബി ഉദ്ധരിച്ചതിൽനിന്ന്  ചരിത്രം അതാണ് വായിച്ചെടുക്കുക. 
നമ്മുടെ ഭരണഘടനയിൽ നിന്ദ്യമായ ഏകാധിപത്യത്തിന്റെ കരിമരുന്ന് മണക്കുന്ന ചുരുങ്ങിയത് മൂന്നു വകുപ്പുകളുണ്ടെന്ന് അശോക് മിത്ര ചൂണ്ടിക്കാട്ടിയിരുന്നു. രാജ്യം ഇപ്പോൾ അതിന്റെ ഏറ്റവും ഭീകരമായ മുഖം കണ്ടു കൊണ്ടിരിക്കെയാണ് അദ്ദേഹത്തിന്റെ വേർപാട്. ഭരണഘടനയിൽ യൂണിയൻ ഗവണ്മെന്റിന് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ അനുമതി നൽകുന്ന വകുപ്പ്.  തെരഞ്ഞെടുക്കപ്പെട്ട ഗവണ്മെന്റുകളെ പിരിച്ചയക്കാൻ അധികാരം നൽകുന്ന വകുപ്പ്.  ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിന്റെ പിന്തുടർച്ചയായി കിട്ടിയ,  ഓർഡിനൻസ് പുറപ്പെടുവിക്കാനുള്ള വകുപ്പ്.  
മൂന്നാമത്തെ ഈ ഏകാധിപത്യ സാധ്യതയെ സംബന്ധിച്ച് അശോക് മിത്ര വിശദീകരിച്ചിരുന്നത് ഇങ്ങനെ: എവറസ്റ്റ് കൊടുമുടി ഉള്ളതുകൊണ്ടാണ് പർവ്വതാരോഹകർ അവിടേക്ക് കയറുന്നത്.  ഭരണഘടനയുടെ ഭാഗമായി 123-ാം വകുപ്പ് തുടരുവോളംകാലം ഏകാധിപതികളായ രാഷ്ട്രീയക്കാർ ആ വകുപ്പ് ആയുധമാക്കും.  ഈ മൂന്നു വകുപ്പുകളും ബഹുജന സമരങ്ങളിലൂടെ ഇല്ലാതാക്കിയാലേ ഇന്ത്യയിൽ ജനാധിപത്യം സംരക്ഷിക്കാനാവൂ എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
പാർലമെന്റ് സ്തംഭിപ്പിച്ച് ജനാധിപത്യം മരവിപ്പിക്കുകയും ഓർഡിനൻസുകൾ പുറപ്പെടുവിച്ച് ഭരണം നടത്തുകയും ചെയ്യുന്നതിലേക്ക് നമ്മുടെ ജനാധിപത്യം ഇപ്പോൾ വളർന്നിരിക്കയാണ്! വലതു ഗവണ്മെന്റുകൾ മാത്രമല്ല കേരളത്തിലെ ഇടതു ഗവണ്മെന്റുപോലും ഓർഡിനൻസ് ഭരണം യോഗ്യതയാക്കി മാറ്റിയിരിക്കുന്നു.  ഇടത് ഭരണത്തെ അടിമുടി നിരീക്ഷിക്കേണ്ടതുണ്ട് എന്ന അശോക് മിത്രയുടെ മുന്നറിയിപ്പ് ഏറ്റവും പ്രസക്തമായ ഒരു സന്ദർഭത്തിലാണ് അദ്ദേഹം നമ്മെ വിട്ടുപോകുന്നത്.

Latest News