സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഒരു ഫോണ്‍വിളി പോലും വന്നില്ല
കൊച്ചി- കേരള, തമിഴ്‌നാട് മുഖ്യമന്ത്രിമാര്‍ക്ക് പരാതി അയച്ചിട്ടും അമ്മയുടെ മൃതദേഹം വിട്ടുകിട്ടാത്തതിന്റെ സങ്കടത്തില്‍ ഇലന്തൂരില്‍ നരബലിക്കിരയായ പത്മയുടെ മകന്‍ സെല്‍വരാജ്. മൃതദേഹം വിട്ടുകിട്ടാന്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് സെല്‍വരാജ് കത്തയച്ചിരുന്നു. നടപടികള്‍ വേഗത്തിലാക്കാന്‍ സെക്രട്ടറി തലത്തില്‍ അറിയിച്ചിട്ടുണ്ട് എന്നാണ് തമിഴ്‌നാട് സര്‍ക്കാരില്‍ നിന്ന് ലഭിച്ച മറുപടി. എന്നാല്‍ കേരള മുഖ്യമന്ത്രിക്ക് രണ്ടു തവണ പരാതി അയച്ചിട്ടും ഒന്നു ഫോണ്‍ വിളിച്ച് ചോദിക്കാന്‍ പോലും ആരുമുണ്ടായില്ലെന്ന് സെല്‍വരാജ് പരിഭവിക്കുന്നു. ദിവസവും പോലീസ് കമ്മീഷണറുടെ ഓഫീസിലെത്തി വിവരങ്ങള്‍ തിരക്കി മടങ്ങുന്ന സെല്‍വരാജ് ഇന്നലെ കമ്മീഷണര്‍ ഓഫീസില്‍ എത്തിയപ്പോഴാണ് മാധ്യമ പ്രവര്‍ത്തകരോട് തന്റെ ദയനീയാവസ്ഥ വിവരിച്ചത്.
മൃതദേഹം എന്ന് കിട്ടുമെന്നോ സംസ്‌കരിക്കാനാകുമെന്നോ സര്‍ക്കാര്‍ അറിയിക്കാത്തതിനാല്‍ തികഞ്ഞ അനിശ്ചിതത്വത്തിലാണ് കഴിയുന്നതെന്ന് സെല്‍വരാജ് പറയുന്നു. ഒരു മാസത്തിലേറെയായി കേരളത്തില്‍ താമസിക്കുന്നതിനാല്‍ സാമ്പത്തികമായി കടുത്ത പ്രതിന്ധിയിലാണ്. ഇവിടേക്ക് വന്നതോടെ നാട്ടിലെ ജോലി നഷ്ടമായി. അമ്മയുടെ മൃതദേഹം ലഭിച്ചാല്‍ നാട്ടില്‍ കൊണ്ടുപോയി ആചാരപ്രകാരം സംസ്‌കരിക്കണമെന്നാണ് ആഗ്രഹം. അതിനു വേണ്ടിയാണ് കാത്തിരിക്കുന്നത്. ഡിഎന്‍എ പരിശോധനയ്ക്ക് സര്‍ക്കാര്‍ സ്ഥാപനത്തില്‍ കൊടുത്തിരിക്കുന്നതിനാലാണ് നടപടികള്‍ വൈകുന്നത് എന്നാണ് അറിഞ്ഞത്. ആവശ്യമെങ്കില്‍ സ്വകാര്യ സ്ഥാപനത്തില്‍ പരിശോധനയ്ക്കു സംവിധാനം ഏര്‍പ്പെടുത്താന്‍ തയാറാണെന്ന് ഇയാള്‍ പറയുന്നു. എത്രയും പെട്ടെന്നു പരിശോധന നടത്തി മൃതദേഹം വിട്ടു നല്‍കണമെന്ന് ശെല്‍വരാജ് ആവശ്യപ്പെടുന്നു.
കൊലപ്പെടുത്തി കഷണങ്ങളാക്കിയ പത്മത്തിന്റെ മൃതദേഹം അഴുകിയ നിലയിലായതിനാല്‍ എല്ലാ ഭാഗങ്ങളുടെയും ഡിഎന്‍എ പരിശോധന നടത്തി ഉറപ്പു വരുത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാതെ വിട്ടു നല്‍കാന്‍ കഴിയില്ലെന്നാണ് പോലീസ് വിശദീകരിക്കുന്നത്. ശരീരം മുറിച്ചു കഷ്ണങ്ങളാക്കിയതാണ് ഡി എന്‍ എ പരിശോധനാ ഫലം വൈകാന്‍ കാരണമെന്നും ഇനി അധികം താമസം ഉണ്ടാകില്ലെന്നും അവര്‍ വ്യക്തമാക്കുന്നു.