ദുബായ്- മൊബൈല്‍ ഫോണിലേക്കു സന്ദേശം അയച്ചു ലഹരി മരുന്നുകള്‍ കച്ചവടം ചെയ്യുന്ന സംഘത്തിലെ പ്രധാനി ദുബായില്‍ പിടിയിലായതോടെ ബോധവല്‍ക്കരണ പരിപാടികള്‍ക്കു തുടക്കം കുറിച്ചിരിക്കുകയാണ് പോലീസ്.
സംഘത്തില്‍നിന്നു 200 കിലോ ലഹരി മരുന്നുകളാണ് പോലീസ് പിടികൂടിയത്. 'ഇടപെടരുത്, പ്രതികരിക്കരുത്, പ്രചാരകരാവരുത്' എന്ന സന്ദേശമുയര്‍ത്തിയാണ് ബോധവത്കരണം. വിദേശ നമ്പറുകളില്‍ നിന്നാണു ലഹരി സംഘങ്ങളുടെ സന്ദേശങ്ങള്‍ എത്തുന്നതെന്നു ലഹരി വിരുദ്ധ സംഘം ആക്ടിങ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഖാലിദ് ബിന്‍ മുവയ്‌സ പറഞ്ഞു.
ഇത്തരം സന്ദേശങ്ങളോടു കുട്ടികള്‍ പ്രതികരിക്കാതിരിക്കാന്‍ രക്ഷിതാക്കളും ജാഗ്രത പാലിക്കണമെന്നു അദ്ദേഹം പറഞ്ഞു. സന്ദേശങ്ങള്‍ എത്തുകയോ സംശയാസ്പദ സാഹചര്യങ്ങള്‍ ശ്രദ്ധയില്‍പെടുകയോ ചെയ്താല്‍ 901 നമ്പറില്‍ പൊലീസില്‍ അറിയിക്കണം. ഈ വര്‍ഷം ആദ്യ പകുതി വരെ 2222 പരാതികള്‍ പൊതുജനങ്ങളില്‍ നിന്നും ലഭിച്ചതായി അദ്ദേഹം പറഞ്ഞു. ദുബായില്‍ പിടിക്കപ്പെട്ട പ്രതികളുടെ തലവന്‍ രാജ്യത്തിനു പുറത്താണ്. അയാളുടെ കണ്ണികളാണ് യു.എ.ഇയില്‍ ഉള്ളത്. മയക്കുമരുന്ന് കേസില്‍ പിടിക്കപ്പെട്ടവരില്‍ കൂടുതലും ഏഷ്യന്‍ രാജ്യക്കാരാണെന്ന് അദ്ദേഹം പറഞ്ഞു.