വികസന പദ്ധതികൾ നടപ്പാക്കുമ്പോൾ അത് നാടിനെ എങ്ങിനെ ബാധിക്കുമെന്ന് മുൻകൂട്ടി കാണാൻ സാധിക്കേണ്ടതുണ്ട്. അങ്ങിനെനിരീക്ഷിച്ചത്‌കൊണ്ടാണദ്ദേഹം അതിസമ്പന്നരെ മാത്രം ലക്ഷ്യം വെച്ചുള്ള വിദേശ ടൂറിസം പദ്ധതിയിൽ ഊന്നിനിന്നത്. വികസനത്തിനൊപ്പം കേരളത്തിന് അതിന്റെ ധാർമ്മികതയും, സംരക്ഷിക്കേണ്ടതുണ്ടെന്ന് ആ ഗാന്ധിയൻ കമ്യൂണിസ്റ്റ് ദീർഘ ദർശനം ചെയ്തു.
കേരളത്തിന്റെ നവകാല ടൂറിസത്തിന് അടിത്തറയിട്ടത് പ്രതിഭാശാലിയായ ഭരണാധികാരി ഇ. ചന്ദ്രശേഖരൻ നായരായിരുന്നുവെന്ന് നിസംശയം പറയാം. വിദേശ സഞ്ചാരം നടത്തിയിട്ടില്ലാത്ത അദ്ദേഹത്തിന് ഏത് തരം വിദേശികളാണ് കേരളത്തിലേക്ക് വരേണ്ടതെന്നതിനെക്കുറിച്ച് തെളിഞ്ഞ കാഴ്ചപ്പാടുണ്ടായിരുന്നു. മലയാളം ന്യൂസിന്റെ തുടക്കകാലത്താണ് അദ്ദേഹം ടൂറിസം വകുപ്പ് കൈകാര്യം ചെയ്തിരുന്നത്. അന്ന് മലയാളം ന്യൂസിൽ ടൂറിസം വികസനവുമായി ബന്ധപ്പെട്ട് വരുന്ന എല്ലാ ലേഖനങ്ങളുടെയും, വാർത്തകളുടെയും ഫോട്ടോ കോപ്പി അദ്ദേഹത്തിന്റെ ഓഫീസിലേക്ക് തപാലിൽ അയച്ചിരുന്നു. ചെറിയ നിർദ്ദേശങ്ങളിൽ നിന്ന് പോലും വലിയ കാര്യങ്ങൾ കണ്ടെത്താനുള്ള അദ്ദേഹത്തിന്റെ കഴിവ് നാട്ടിലുള്ളപ്പോൾ തന്നെ അറിയാമായിരുന്നതു കൊണ്ട് തന്നെയായിരുന്നു അങ്ങിനെ ചെയ്തത്. വികസന പദ്ധതികൾ നടപ്പാക്കുമ്പോൾ അത് നാടിനെ എങ്ങിനെ ബാധിക്കുമെന്ന് മുൻകൂട്ടി കാണാൻ സാധിക്കേണ്ടതുണ്ട്. അങ്ങിനെ നിരീക്ഷിച്ചത് കൊണ്ടാണദ്ദേഹം അതി സമ്പന്നരെ മാത്രം ലക്ഷ്യം വെച്ചുള്ള വിദേശ ടൂറിസം പദ്ധതിയിൽ ഊന്നിനിന്നത്. വികസനത്തിനൊപ്പം കേരളത്തിന് അതിന്റെ ധാർമ്മികതയും, സംരക്ഷിക്കേണ്ടതുണ്ടെന്ന് ആ ഗാന്ധിയൻ കമ്യൂണിസ്റ്റ് ദീർഘ ദർശനം ചെയ്തു. പിന്നീടെപ്പോഴോ വിനോദ സഞ്ചാരമേഖലയൊക്കെ ധനാർത്തിയുടെ ആസുരമായ മറ്റൊരവസ്ഥയിലേക്ക് മാറി. അങ്ങിനെയാണ് പിന്നാമ്പുറത്ത് വലിയ സഞ്ചിയുമായി വന്നെത്തുന്ന സഞ്ചാരികളെ കൊണ്ട് കേരളത്തിന്റെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ നിറഞ്ഞത്. ബാക്ക് പാക്കുമായി വരുന്നവരുടെ ആവശ്യങ്ങൾ നിർവ്വഹിച്ചു കൊടുക്കാൻ കേരളത്തിന്റെ കോവളങ്ങൾ ഒരുങ്ങി. അതിന്റെ ദുരന്തഫലമാണ് ഇപ്പോൾ നാം അനുഭവിച്ചു തുടങ്ങിയത്.
ഇക്കഴിഞ്ഞ ദിവസം തൈക്കാട് ശാന്തികവാടത്തിൽ, വിദേശ വനിതയുടെ മൃതദേഹത്തിനൊപ്പം എരിഞ്ഞടങ്ങിയത് കേരളത്തിന്റെ യശസ് കൂടിയാണെന്ന് കാണാൻ ഭരണാധികാരികൾക്ക് സാധിക്കേണ്ടിയിരിക്കുന്നു. ആ മരണം കേരളത്തിനുണ്ടാക്കിയ നഷ്ടവും നാണക്കേടും അത്ര വേഗമൊന്നും ഇല്ലാതാക്കാൻ സാധിക്കുമെന്ന് തോന്നുന്നില്ല. എത്രയോ വർഷങ്ങളുടെ അധ്വാന ഫലമായാണ് കേരളം ടൂറിസം ഭൂപടത്തിൽ ഇന്നുള്ള അവസ്ഥയിലെത്തിയത്. മാറി,മാറി വന്ന സർക്കാരിന്റെ ഇടപെടലുകളുടെ ഫലമായുള്ളമാറ്റം. ഈ നേട്ടങ്ങൾക്ക് കരിനിഴൽ വീഴ്ത്താൻ
വിദേശ വനിതയുടെ ദാരുണ അന്ത്യം ഇടവരുത്തിയെന്ന് ആരും സമ്മതിക്കാതിരുന്നിട്ടു കാര്യമില്ല. കേരളം കുലീനമായ അതിഥി സൽക്കാരത്തിനും, പുറത്ത് നിന്ന് വരുന്നരോടുള്ള മാന്യമായ പെരുമാറ്റത്തിനും പേരു കേട്ട നാടായിരുന്നു എന്നും. കോഴിക്കോട് കടൽതീരത്തെ മനുഷ്യരുടെ സത്യസന്ധതയും, ആത്മാർഥയും പരീക്ഷിച്ചറിഞ്ഞ ശേഷമാണ് അറബ് കച്ചവടക്കാർ സത്യത്തിന്റെ തീരം എന്നറിയപ്പെടുന്ന കോഴിക്കോട്ട് വന്നിറങ്ങിയതെന്നതൊക്കെ കേരളത്തിന്റ പൂർവ്വകാലത്തിന്റെ മഹത്വം വെളിപ്പെടുത്തുന്ന സംഗതികളാണ്. കാലത്തിന്റെ കുത്തൊഴുക്കിൽ ആ ധാർമ്മികതയൊക്കെ പൂർണമായി ഇല്ലാതായി എന്നൊന്നും പറയാൻ കഴിയില്ല. ഇപ്പോഴും താരതമ്യേന ഉയർന്ന ധാർമ്മികത കാത്തു സൂക്ഷിക്കുന്നവരാണ് കേരള പൊതു സമൂഹവും പ്രത്യേകിച്ച് തീരദേശമേഖലകളുമെന്ന് അനുഭവങ്ങൾ നമുക്ക് പറഞ്ഞു തരും. ആ സൽക്കീർത്തിയാണ് ഇക്കഴിഞ്ഞ ദിവസം വന്ന കൊലപാതക വാർത്തയിൽ മങ്ങി പോകുന്നത്. ഒരു വിദേശ വനിത ഇപ്രകാരം ദാരുണമായി കൊല്ലപ്പെട്ടത് അന്താരാഷ്ട്ര വിനോദ സഞ്ചാര കേന്ദ്രത്തിലാണെന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. ഇതു പോലുള്ള സ്ഥലങ്ങളിൽ കർശന പരിശോധനയും, നടപടികളും അത്യാവശ്യമാണ്. കോവളം പരിസരത്തിന്റെ സംരക്ഷണത്തിനു മാത്രമായി ഒരു ഡസൻ പോലീസുകാരുണ്ട്. സാമൂഹ്യ വിരുദ്ധരെ കണ്ടെത്തി നടപടിയടുക്കാൻ അവർക്ക് സാധിക്കാത്തതു കൊണ്ടെന്നുമല്ല. പല തരിത്തിലുള്ള ഇടപെടലുകളാകാം കാരണം. മെല്ലെ മെല്ലെ അവരും എല്ലാ അരുതായ്മകൾക്കെതിരെയും കണ്ണടച്ചിട്ടുണ്ടാകാം. ഇത്തരം കണ്ണടക്കലിന്റെ അനന്തര ഫലമാണ് അന്താരാഷ്ട്ര വിനോദ സഞ്ചാര കേന്ദ്രത്തിൽ സംഭവിച്ചത്.
25,000 കോടിയാണ് കേരളത്തിന്റെ വിനോദ സഞ്ചാര വരുമാനമെന്നാണ് കണക്ക്. ലക്ഷങ്ങൾക്ക് തൊഴിൽ ലഭ്യമാക്കുന്ന മേഖല കൂടിയാണിത്. മറ്റേതു രാജ്യമാണെങ്കിലും വലിയ ശ്രദ്ധ ഈ മേഖലയിൽ ചെലുത്തും. നാം ശ്രദ്ധിക്കുന്നല്ലെന്ന് മാത്രമല്ല പരമാവധി വിനോദ സഞ്ചാരികളെ ചൂഷണം ചെയ്യുന്നു. പ്രാകൃതമായ മാനസികാവസ്ഥയിലാണ് അവരോട് പലപ്പോഴും നമ്മുടെ പെരുമാറ്റം. ഇത്രയൊക്കെയായിട്ടും ആളുകൾ ഇങ്ങോട്ടേക്ക് വരുന്നുണ്ടല്ലോ എന്നത് ഒരവകാശമായി കാണാൻ പാടില്ല. സഞ്ചാരത്തിനെത്തുന്നവരെ ഓട്ടോ റിക്ഷക്കാർ മുതൽ, ഹോട്ടലുകാർ വരെ നിരന്ന് നിന്ന് ചൂഷണം ചെയ്യുകയാണ്. അതിനെല്ലാം പുറമെയാണ് ഇപ്പോൾ കൊലപാതകവും സംഭവിച്ചിരിക്കുന്നത്.
വിദേശ വനിതയുടെ മരണം അവരുടെ നാട്ടിലും അതു വഴി യൂറോപ്യൻ രാജ്യങ്ങളിലും വലിയ തോതിൽ പ്രചരിക്കുമെന്നുറപ്പാണ്. മരിച്ച യുവതി ക്രൂരമായി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്നറിഞ്ഞതോടെ സഹോദരി സംസ്‌കാര ചടങ്ങിനിടക്ക് പ്രകടിപ്പിച്ച വികാരം അവരുടെ നാടിന്റേതുമായിരുന്നു. സംസ്‌കാര ചടങ്ങ് നടക്കുന്ന സ്ഥലത്ത് കൂടി നിൽക്കുന്നവരോടൊക്ക മാറി നിൽക്കാൻ അവർ ക്രൂദ്ധയായി ആവശ്യപ്പെട്ടത് സംഭവത്തോടുള്ള സ്വാഭാവിക പ്രതികരണം മാത്രമായിരുന്നു. സഹോദരിയുടെ മരണം മാനസികമായി ഉൾക്കൊണ്ട സഹോദരി അപ്രതീക്ഷിതമായി പൊട്ടിത്തെറിക്കാൻ കാരണം പീഡനത്തെക്കുറിച്ചുള്ള അറിവായിരുന്നു. വിദേശ ഓൺലൈൻ പത്രങ്ങൾ ജോലി തുടങ്ങിക്കഴിഞ്ഞു. കേരളം സഞ്ചാരികളെ പീഡിപ്പിച്ചു കൊല്ലുന്ന നാട് എന്നാണ് തലക്കെട്ടുകൾ. എന്തിന് റിസ്‌ക്ക് എടുത്ത് അങ്ങോട്ട് പോകണം എന്ന് ലോകം മാറി ചിന്തിക്കുമെന്നാലോചിക്കാൻ അതി ബുദ്ധിയൊന്നും ആവശ്യമില്ല. വിനോദ സഞ്ചാരത്തിന് ആളുകൾ സ്ഥലം തെരഞ്ഞെടുക്കുന്നത് പരസ്യം കണ്ട് മാത്രമല്ല. വന്നു കണ്ടവരുടെ സന്ദേശ കൈമാറ്റത്തിലൂടെയുമാണ്. കേരളമോ, അതൊരു അപകടം പിടിച്ച സ്ഥലമാണെന്ന സന്ദേശം കിട്ടുന്ന സഞ്ചാരികൾ മറ്റ് വഴി തേടും.
ചന്ദ്രശേഖരൻ നായരുടെ വഴിയിലേക്ക് തിരിഞ്ഞു നടക്കാൻ ഇനി കേരളത്തിന് സാധ്യമല്ല. ഇനി ചെയ്യാനുള്ളത് കർശനമായ നിയമത്തിന്റെ നിയന്ത്രണത്തിൽ വിനോദ സഞ്ചാര കേന്ദ്രങ്ങളെ കൊണ്ടു വരിക എന്നതാണ്. കോവളം പോലൊരു അന്താരാഷ്ട്ര വിനോദ സഞ്ചാര കേന്ദ്രത്തിനടുത്ത് ഗുണ്ടകൾ നേതൃത്വം നൽകുന്ന കണ്ടൽ കാടും, ശീട്ടുകളി കേന്ദ്രവും, വിജനതയുമൊന്നും പാടില്ല. വിദേശ വനിതയുടെ ദാരുണ അന്ത്യം വിനോദ സഞ്ചാര രംഗത്തിന്റെ ശുദ്ധീകരണത്തിന് വഴി വെക്കട്ടെ എന്നാശിക്കാം. കാര്യങ്ങൾ കീഴ്‌മേൽ മറിയണം എന്നാഗ്രഹമുള്ളയാളാണ് വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ എന്നാരും പറയുമെന്ന് തോന്നുന്നില്ല. തന്റെ ഭരണകാലം നന്നാവണം എന്നാഗ്രഹമുള്ള മുഖ്യമന്ത്രി തന്നെയാണ് പിണറായി വിജയൻ. അവർ ഉണർന്ന് പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുക.
വിനോദ സഞ്ചാര മേഖലയിലെ എല്ലാ തരം പ്രവർത്തനങ്ങൾക്കും ലൈസൻസ് നിർബന്ധമാക്കലാണ് അടിയന്തര ആവശ്യം. നിയമത്തിന്റെ കണ്ണിൽപ്പെടാതെ ഒന്നും നടക്കുന്നില്ലെന്ന് ബോധ്യപ്പെട്ടാൽ തന്നെ തെറ്റായ പ്രവണതകൾ കുറയും. കുറ്റമറ്റ പോലീസ് സംവിധാനം, എപ്പോഴും പ്രവർത്തിക്കുന്ന നിരീക്ഷണ ക്യാമറകൾ, ശരിയായ വിവരം നൽകാൻ സാധിക്കുന്ന ഇൻഫർമേഷൻ സെന്ററുകൾ എന്നിവയുണ്ടെങ്കിൽ തന്നെ അരുതായ്മകൾക്ക് തടയിടാൻ സാധിക്കും.