ഗ്രീഷ്മയുടെ ആത്മഹത്യാശ്രമം, രണ്ടു വനിതാ പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം- കാമുകനെ വിഷം കൊടുത്തു കൊലപ്പെടുത്തിയ ഗ്രീഷ്മ പോലീസ് കസ്റ്റഡിയില്‍ ആത്മഹത്യക്കു ശ്രമിച്ച സംഭവത്തില്‍ രണ്ടു പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. നെടുമങ്ങാട് സ്‌റ്റേഷനിലെ ഗായത്രി, സുമ എന്നിവരെയാണു സസ്‌പെന്‍ഡ് ചെയ്തത്. ഇവരാണ് ഗ്രീഷ്മയെ ശുചിമുറിയിലേക്കു കൊണ്ടുപോയത്. ശുചിമുറിയിലെ അണുനാശിനി കഴിച്ചാണ് ഗ്രീഷ്മ ആത്മഹത്യക്കു ശ്രമിച്ചത്. മെഡിക്കല്‍ കോളജില്‍ ചികിത്സ നല്‍കിയ ഗ്രീഷ്മയുടെ ആരോഗ്യസ്ഥിതിയില്‍ പ്രശ്‌നങ്ങളില്ല. ഗ്രീഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി.

ഇന്നലെ രാത്രിയാണ് ഗ്രീഷ്മയെ നെടുമങ്ങാട് പോലീസ് സ്‌റ്റേഷനിലെത്തിച്ചത്. വനിതാ എസ്.ഐയും മൂന്നു വനിതാ പോലീസുകാരുമാണു കാവലിന് ഉണ്ടായിരുന്നത്. ഗ്രീഷ്മയുടെ അച്ഛന്‍, അമ്മ, അമ്മയുടെ സഹോദരന്‍, അമ്മയുടെ സഹോദരന്റെ മകള്‍ എന്നിവരെ വെഞ്ഞാറമൂട്, അരുവിക്കര, വട്ടപ്പാറ, റൂറല്‍ എസ്.പി ഓഫിസ് എന്നിവിടങ്ങളിലാണ് ഇന്നലെ ചോദ്യം ചെയ്തത്.

സുരക്ഷ കണക്കിലെടുത്ത് ഗ്രീഷ്മക്കു ഉപയോഗിക്കാനായി പ്രത്യേക ശുചിമുറി തയാറാക്കിയിരുന്നു. എന്നാല്‍, മറ്റൊരു ശുചിമുറിയില്‍വച്ചാണ് ഗ്രീഷ്മ ലോഷന്‍ കുടിച്ച് ആത്മഹത്യക്കു ശ്രമിച്ചത്. ജാഗ്രത പാലിക്കണമെന്നു നിര്‍ദേശം നല്‍കിയിട്ടും വീഴ്ചയുണ്ടായ സാഹചര്യത്തിലാണു പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതെന്ന് റൂറല്‍ എസ്.പി പറഞ്ഞു.

 

Latest News