Sorry, you need to enable JavaScript to visit this website.

ദ്രോഹം അവസാനിക്കുന്നില്ല; പിടിച്ചുനില്‍ക്കുന്നത്  വിശ്വാസത്തിന്റെ ബലത്തില്‍ -മഅ്ദനി

കൊല്ലം- പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനി അന്‍വാര്‍ശേരിയിലെ വീട്ടിലെത്തി മാതാപിതാക്കളെ സന്ദര്‍ശിച്ചു. ചികിത്സയില്‍ കഴിയുന്ന മാതാവ് അസുമാബീവിയെ കാണാനുള്ള കോടതി അനുമതി ലഭിച്ചതിനെ തുടര്‍ന്നാണ് മഅ്ദനിക്ക് നാട്ടിലെത്താനായത്. കുടുംബവീട്ടിലെത്തിയ മഅ്ദനി പിതാവിനോട് സലാം പറഞ്ഞ് ആലിംഗനം ചെയ്തു. മുറിയില്‍ കിടക്കുകയായിരുന്ന മാതാവിന്റെ അരികിലെത്തി രോഗവിവരങ്ങള്‍ അന്വേഷിച്ചു.
അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന മാതാവിനെ കാണാന്‍ കോടതിയെ സമീപിച്ചപ്പോള്‍ പോലും ബുദ്ധിമുട്ടും പ്രയാസങ്ങളുമാണ് അനുഭവപ്പെട്ടതെന്ന് മഅ്ദനി പറഞ്ഞു. കോടതിയില്‍ അപേക്ഷ കൊടുത്ത ദിവസം ജഡ്ജി അവധിയായിരുന്നു. പിറ്റേദിവസം പ്രോസിക്യൂട്ടര്‍ അവധിയിലായി. അടുത്ത ദിവസം ഡിഫന്റ് ഫയല്‍ ചെയ്തില്ല. അങ്ങനെ അപേക്ഷ അനുവദിക്കാതെ ദിവസങ്ങളോളം നീണ്ടു. അടിയന്തര ഘട്ടങ്ങളില്‍ ഇത്തരം കേസുകളില്‍ നീതി ലഭിക്കുന്നതിന് കോടതി നിയമങ്ങള്‍ അടിമുടി പൊളിച്ചെഴുതണം. സുപ്രീം കോടതിയിലെ ജസ്റ്റിസ് ചെലമേശ്വറാണ് എനിക്ക് ജാമ്യം അനുവദിച്ചത്. മാതാവിനെ കാണാന്‍ എപ്പോള്‍ ആവശ്യപ്പെട്ടാലും അനുമതി നല്‍കണമെന്ന് വ്യവസ്ഥ ചെയ്തിരുന്നു. ആ വ്യവസ്ഥപോലും മാറ്റിമറിക്കപ്പെട്ടു. കോടതി കനിഞ്ഞാലും ഉദ്യോഗസ്ഥര്‍ യാത്ര മുടക്കാന്‍ കുരുക്ക് വെക്കുകയാണെന്നും മഅ്ദനി പറഞ്ഞു. ഇക്കഴിഞ്ഞ രണ്ടിനാണ് നാട്ടിലേക്ക് പോകാന്‍ അനുമതി ലഭിച്ചത്. തൊട്ടടുത്ത ദിവസം നാട്ടിലേക്ക് പോകാനായി തയ്യാറെടുക്കുമ്പോള്‍ സുരക്ഷക്ക് ആവശ്യമായ പോലീസ് ഇല്ലെന്നു പറഞ്ഞു തടസം നിന്നു. തുടര്‍ന്നാണ് സുരക്ഷക്കായി പോലീസിനെ അനുവദിച്ചത്. കള്ളക്കേസില്‍ കുടുക്കി അനന്തമായി ജയിലില്‍ ഇടുകയാണെന്നും വിശ്വാസത്തിന്റെ പിന്‍ബലം കൊണ്ടാണ് പിടിച്ചു നില്‍ക്കുന്നതെന്നും മഅ്ദനി പറഞ്ഞു. 
പുലര്‍ച്ചെയാണ് മഅ്ദനി കേരളത്തിലേക്ക് യാത്ര തിരിച്ചത്. ബംഗളൂരു ബെന്‍സണ്‍ ടൗണിലെ വസതിയില്‍നിന്ന് റോഡ് മാര്‍ഗമാണ് യാത്ര തിരിച്ചത്. മൂന്നാം തീയതി മുതല്‍ 11 വരെ കേരളത്തില്‍ തങ്ങാനാണ് എന്‍.ഐ.എ കോടതി അനുമതി നല്‍കിയത്.
മൂന്നാം തീയതി തന്നെ യാത്ര തുടങ്ങാനിരുന്നതാണെങ്കിലും ബംഗളൂരു പോലീസ് സുരക്ഷാ അനുമതി വൈകിച്ചതോടെയാണ് യാത്ര മുടങ്ങിയത്. രോഗബാധിതയായി ചികിത്സയില്‍ കഴിയുന്ന മാതാവ് അസുമാബീവിയെ കാണാനാണ് മഅ്ദനി എത്തുന്നത്. സമയം ലാഭിക്കാന്‍ വിമാനമാര്‍ഗമുള്ള യാത്രക്ക് ശ്രമിച്ചെങ്കിലും അനുഗമിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ കൈവശമുള്ള ആയുധങ്ങള്‍ കൊണ്ടു പോകുമ്പോഴുള്ള സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം യാത്ര വൈകാന്‍ സാധ്യത ഉള്ളതിനാലാണ് റോഡ് മാര്‍ഗമാക്കിയത്. സേലം, കോയമ്പത്തൂര്‍, പാലക്കാട്, തൃശൂര്‍ വഴി മഅ്ദനി രാത്രിയോടെ ശാസ്താംകോട്ടയിലെ വീട്ടിലെത്തി. ഉച്ചയോടെ പാലക്കാടെത്തി ജുമുഅ നിസ്‌കരിച്ച ശേഷമാണ് യാത്ര തുടര്‍ന്നത്. 
കൊട്ടാരക്കര ഡിവൈ.എസ്.പിക്കാണ് അന്‍വാര്‍ശേരിയിലെ സുരക്ഷാ ക്രമീകരണങ്ങളുടെ ചുമതല. എസ്.ഐ റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ 15 പോലീസ് ഉദ്യോഗസ്ഥര്‍ മുഴുവന്‍ സമയത്തും അന്‍വാര്‍ശേരിയിലുണ്ടാകും. 
കര്‍ണാടകയില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ മഅ്ദനിക്ക് അകമ്പടി പോകാന്‍ പോലീസുകാര്‍ ഇല്ലെന്നാണ് ബംഗളൂരു സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചിരുന്നത്. റോഡ് മാര്‍ഗ്ഗമുള്ള യാത്രക്കായി 80,000 രൂപയും അതിന്റെ ജി.എസ്.ടിയും ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് കമ്മീഷണര്‍ സിറ്റി ആംഡ് റിസര്‍വ് (സി.എ.ആര്‍) പോലീസിന്റെ സഹായത്തോടെ സുരക്ഷ ഏര്‍പ്പാടാക്കിയതിനെ തുടര്‍ന്നാണ് വെള്ളിയാഴ്ച മഅ്ദനിക്ക് കേരളത്തിലേക്ക് മടങ്ങാന്‍ അവസരമൊരുങ്ങിയത്.
 

Latest News