കണ്ണൂര്‍- കീഴാറ്റൂര്‍ ബൈപ്പാസ് സമരവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ പ്രഖ്യാപിച്ച ലോങ്മാര്‍ച്ചില്‍നിന്ന് വയല്‍കിളികള്‍ പിന്മാറുന്നു. ലോങ്മാര്‍ച്ച് ഉടന്‍ നടത്തേണ്ടെന്നാണ് സംഘടനയുടെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് ഓഗ്‌സറ്റ്് -11 ന് ചേരുന്ന യോഗത്തിന് ശേഷമായിരിക്കും തുടര്‍ സമരപരിപാടി.
ബൈപ്പാസിന്റെ അലൈന്‍മെന്റ് മാറ്റവുമായി ബന്ധപ്പെട്ട് സി.പി.എം നേതൃത്വവുമായി സമരക്കാര്‍ ധാരണയിലെത്തിയതായി സൂചനയുണ്ട്. വയല്‍കിളികള്‍ ശത്രുക്കളല്ലെന്ന പ്രസ്താവനയുമായി സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജന്‍ രംഗത്ത് വരികയും ചെയ്തു. കണ്ണൂര്‍ വിട്ടാല്‍ ലോങ്മാര്‍ച്ച് നടത്തുക തീവ്രവാദികളായിരിക്കുമെന്നും പി.ജയരാജന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. സി.പി.എം നേതൃത്വം വയല്‍കിളി പ്രവര്‍ത്തകരുടെ വീട്ടില്‍ പ്രത്യേകമായെത്തി ചര്‍ച്ചകളും നടത്തിയിരുന്നു.