ജിദ്ദ- ജിദ്ദയിൽനിന്ന് കോഴിക്കേട്ടേക്ക് ഇന്നലെ പുറപ്പെടേണ്ടിയിരുന്ന സ്‌പൈസ് ജെറ്റിന്റെ വിമാനം അനിശ്ചിതമായി വൈകുന്നു. ഇന്നലെ രാത്രി 9.50ന് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ട വിമാനമാണ് വൈകുന്നത്. ഇന്നലെ രാത്രി ഷെഡ്യൂൾ ചെയ്ത വിമാനം ഇന്ന് രാവിലെ ഒൻപത് മണിക്ക് പുറപ്പെടുമെന്നായിരുന്നു യാത്രക്കാരോട് അറിയിച്ചിരുന്നത്. ഇത് അനുസരിച്ച് ജിദ്ദ വിമാനതാവളത്തിൽ എത്തിയ യാത്രക്കാരോട് വിമാനം എത്തിയിട്ടില്ല എന്ന അറിയിപ്പാണ് അധികൃതർ നൽകിയത്. ഇന്ന് ഉച്ചക്ക് രണ്ടു മണിക്ക് കരിപ്പൂരിൽനിന്ന് പുറപ്പെടുന്ന വിമാനം ഇവിടെ എത്തിയ ശേഷം തിരികെ യാത്രക്കാരെയുമായി മടങ്ങും എന്ന് അനൗദ്യോഗികമായി അറിയിച്ചിരുന്നു. എന്നാൽ ആ വിമാനം ഇതേവരെ കരിപ്പൂരിൽനിന്ന് പുറപ്പെട്ടിട്ടില്ല. കുട്ടികളും സ്ത്രീകളുമടക്കം നിരവധി പേർ ജിദ്ദ വിമാനതാവളത്തിൽ കുടുങ്ങിക്കിടക്കുകയാണ്. ഇതിൽ ഇന്ന് രാത്രി വിസ കാലാവധി അവസാനിക്കുന്നവരുമുണ്ട്.