ആലുവ- മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഇന്ന് 79-ാം പിറന്നാള്‍. ആരോഗ്യപരമായ കാരണങ്ങളാല്‍ ഉമ്മന്‍ചാണ്ടി കൊച്ചി ആലുവ പാലസ് ഗസ്റ്റ് ഹൗസില്‍ വിശ്രമത്തിലാണ്. അദ്ദേഹത്തിന് പൂര്‍ണവിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം കൂടി ആയതിനാല്‍ 1984 മുതല്‍ ഉമ്മന്‍ചാണ്ടി പിറന്നാള്‍ ആഘോഷിക്കാറില്ല. കഴിഞ്ഞ ഒരാഴ്ചയായി ആലുവ രാജഗിരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. വിദഗ്ധ ചികിത്സയ്ക്കായി അദ്ദേഹം ഈയാഴ്ച തന്നെ ജര്‍മ്മനിക്ക് തിരിക്കും. മകന്‍ ചാണ്ടി ഉമ്മന്‍, മകള്‍ മറിയം ഉമ്മന്‍, ബെന്നി ബഹനാന്‍ എംപി എന്നിവര്‍ ചികിത്സയ്ക്കായി ജര്‍മ്മനിയിലേക്ക് പോകുന്ന ഉമ്മന്‍ചാണ്ടിയെ അനുഗമിക്കും.
ഉമ്മന്‍ചാണ്ടിക്ക് വിദഗ്ധ ചികിത്സ നല്‍കുന്നില്ല എന്നതടക്കമുള്ള ആരോപണങ്ങള്‍ സമൂഹമാധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്നു. ഇത്തരം വ്യാജ പ്രചാരണങ്ങളില്‍ കുടുംബത്തിന് വിഷമമുണ്ടെന്ന് മകന്‍ ചാണ്ടി ഉമ്മന്‍ പറഞ്ഞു. നേരത്തെ 2019ല്‍ ജര്‍മനിയിലും അമേരിക്കയിലും ചികിത്സയ്ക്കായി പോയിരുന്നു.
1943 ഒക്ടോബര്‍ 31 ന് പുതുപ്പള്ളി കരോട്ട് വള്ളക്കാലില്‍ കെ ഒ ചാണ്ടിയുടേയും ബേബി ചാണ്ടിയുടേയും മകനായിട്ടാണ് ഉമ്മന്‍ ചാണ്ടിയുടെ ജനനം. കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ കെ എസ് യു വിലൂടെ പൊതുപ്രവര്‍ത്തനരംഗത്തെത്തി. കെഎസ് യു യൂണിറ്റ് പ്രസിഡന്റില്‍ തുടങ്ങി മുഖ്യമന്ത്രി പദം വരെ എത്തിനില്‍ക്കുന്നു ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ ജീവിതം.1970 മുതല്‍ 2021 വരെ പുതുപ്പള്ളിയില്‍ നിന്ന് 12 തവണ തുടര്‍ച്ചയായി കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2020 ലാണ് നിയമസഭ അംഗത്വത്തിന്റെ 50-ാം വാര്‍ഷികം ആഘോഷിച്ചത്.