റിയാദ്- കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യാവിഷ്‌കാരങ്ങളും മനംകവരുന്ന സംഗീതക്കച്ചേരികളും ആവോളം ആസ്വദിച്ചും പ്രമുഖ താരങ്ങളുടെ വശ്യപ്രകടനങ്ങള്‍ ഇമ വെട്ടാതെ നോക്കി നിന്നും റിയാദ് ജനത റിയാദ് സീസണ്‍ 2022 ലെ ആദ്യ വാരാന്ത്യം ആഘോഷമാക്കി. റിയാദ് ബുളവാഡിലും റിയാദ് ഫ്രണ്ടിലുമായി ചിട്ടപ്പെടുത്തിയ വേദികളില്‍ നേരം പുലരും വരെ അറബ് ലോകത്തെ ഇഷ്ട താരങ്ങളുടെ സംഗീത താളങ്ങള്‍ പരന്നൊഴുകിയപ്പോള്‍ ആസ്വദകരായെത്തിയ യുവജനങ്ങള്‍ ആനന്ദത്തിന്റെയും ആവേശത്തിന്റെയും ഉച്ചിയിലെത്തി. ഭാവനകള്‍ക്കപ്പുറമെന്ന റിയാദ് സീസണ്‍ ശീര്‍ഷകം അന്വര്‍ഥമാക്കുന്നതാണ് ഓരോ പരിപാടിയും.
ബുളവാഡ് റിയാദ് സിറ്റിയിലെ മുഹമ്മദ് അബ്ദു അരീനാ തിയേറ്ററില്‍ റൊട്ടാന സംഗീതക്കച്ചേരിക്ക് ലബനോനി ഗായകരായ ഹൈഫ വഹബിയും എലീസയും ആണ് തുടക്കമിട്ടത്. ഇരുവരും ഒരേ വേദയില്‍ ഒന്നിച്ച് പാടാനെത്തുന്ന അപൂര്‍വതക്കും മുഹമ്മദ് അബ്ദു തിയേറ്റര്‍ സാക്ഷിയായി. കഴിഞ്ഞ സീസണില്‍ അറബ് ഗായകരെ ആരാധകര്‍ നെഞ്ചിലേറ്റിയ വേദിയായിരുന്നു മുഹമ്മദ് അബ്ദു തിയേറ്റര്‍.
ഹൈഫ വഹ്ബിക്കും എലിസക്കുമൊപ്പം ഈജിപ്ഷ്യന്‍ ഗായിക ഷെറീന്‍ കൂടി ആലാപനം തുടര്‍ന്നതോടെ സദസ്സ് ഹര്‍ഷാരവത്തില്‍ ഇളകി മറിഞ്ഞു.
ബുളവാഡിലെ അബൂബക്കര്‍ സാലിം തിയേറ്ററിലെ സംഗീതക്കച്ചേരി ഉദ്ഘാടനം നിര്‍വഹിച്ചത് ഈജിപ്ഷ്യന്‍ ഗായകന്‍ ബഹാ സുല്‍ത്താന്‍ ആയിരുന്നു. പഴയതും പുതിയതുമായ ഗാനങ്ങളുമായി രംഗപ്രവേശം ചെയ്ത അദ്ദേഹം തിയേറ്ററിലെത്തിയ ആസ്വാദകര്‍ക്ക് ഹരമായി. ഓരോ ഗാനത്തിനു പിറകെയും ആവേശകരമായ കരഘോഷം. ഗായകന്‍ താമിര്‍ ആശൂര്‍ കൂടി വേദിയിലെത്തിയതോടെ കൂടുതല്‍ ആവേശമായി. താമിര്‍ സദസ്യരുടെ ആവേശത്തിനുസരിച്ചാണ് പാട്ടുകള്‍ പാടിയത്. അബൂബക്കര്‍ സാലിം തിയേറ്ററില്‍ ഇന്ന് പ്രമുഖ സംഗീതജ്ഞന്‍ ഖാലിദ് അല്‍മഹന്നായുടെ സംഗീതക്കച്ചേരി അരങ്ങേറും.
വ്യാഴം, വെള്ളി ദിസങ്ങളില്‍ പേടിപ്പെടുത്തുന്ന (ഹൊറര്‍) മുഖംമൂടികള്‍ ധരിച്ചെത്തുന്നവര്‍ക്ക് സൗജന്യ പ്രവേശനമാണ് ബുളവാഡില്‍ അനുവദിച്ചിരുന്നത്. നഗരിയിലെ എല്ലാ ഭാഗങ്ങളിലും യുവാക്കളും യുവതികളുമായ മുഖംമൂടി വേഷധാരികള്‍ നിറഞ്ഞുനിന്നു.
ആനിമേഷന്‍ പ്രേമികളുടെ അഭിരുചികള്‍ക്കനുസൃതമായാണ് റിയാദ് ഫ്രണ്ടില്‍ സൗദി ആനിമേഷന്‍ പ്രദര്‍ശനം ഒരുക്കിയിരുന്നത്. ഡിറ്റക്ടീവ് കോനന്‍, ഡ്രാഗണ്‍ ബോള്‍, വണ്‍ പിസ് ഹീറോ, ഡെത്ത് നോട്ട് തുടങ്ങിയ കഥാപാത്രങ്ങളുടെ ആനിമേഷന്‍ ചിത്രങ്ങളാണ് ഇവിടെ പ്രദര്‍ശിപ്പിച്ചിരുന്നത്. ലോകപ്രശസ്ത ഇവാഞ്ചലയന്റെ പ്രതിമയും പ്രദര്‍ശനത്തില്‍ പ്രത്യക്ഷപ്പെട്ടു. ജപ്പാന് പുറത്ത് ആദ്യമായാണ് ഈ പ്രതിമ പ്രത്യക്ഷപ്പെടുന്നത്. എണ്‍പതുകളില്‍ പ്രത്യക്ഷപ്പെടുകയും 1995 ഒക്ടോബറില്‍ ടോക്കിയോ ടി.വിയില്‍ സംപ്രേഷണം ആരംഭിക്കുകയും ചെയ്ത നിയോണ്‍ ജെനസിസ് ഇവാഞ്ചലിയന്‍ സീരീസില്‍ പെടുന്ന പ്രതിമയാണിത്. ആനിമേഷന്‍ മേഖലയില്‍ നിരവധി അവാര്‍ഡുകള്‍ സ്വന്തമാക്കിയ ഈ പ്രതിമയുടെ നീളം ആറു മീറ്ററാണ്.