തിരുവനന്തപുരം- ഷാരോണിനെ കാമുകി ഗ്രീഷ്മ മനപൂർവ്വം വിഷം കൊടുത്ത് കൊന്നതാണെന്നും ഇതിന് ആവശ്യമായ കഷായം യുവതി ഒറ്റക്ക് ഉണ്ടാക്കിയതാണെന്നും പോലീസ്. ബന്ധത്തിൽനിന്ന് പിൻവാങ്ങാൻ ഷാരോൺ തയ്യാറാകാത്തതാണ് കടുംകൈ ചെയ്യാൻ യുവതിയെ പ്രേരിപ്പിച്ചത്. നേരത്തെ രണ്ടു തവണ യുവതി നൽകിയ മൊഴിയിലെ വൈരുധ്യമാണ് പ്രതിയിലേക്ക് എത്തിച്ചതെന്നും എ.ഡി.ജി.പി അജിത് കുമാര്‍ പറഞ്ഞു. വീട്ടിലുണ്ടായിരുന്ന കഷായപ്പൊടിയില്‍ കീടനാശിനി ചേര്‍ക്കുകയായിരുന്നു. ജാതകദോഷം കാരണമായി പറഞ്ഞ് ഷാരോണിനെ ഒഴിവാക്കാൻ ഗ്രീഷ്മ ശ്രമിച്ചിരുന്നു. നേരത്തെ വീട്ടിലുണ്ടായിരുന്ന കീടനാശിനി ഉപയോഗിച്ചാണ് കഷായം ഉണ്ടാക്കിയത്. മറ്റൊരാളുമായി വിവാഹം നിശ്ചയിച്ച ശേഷമാണ് ഷാരോണിനെ ഒഴിവാക്കാൻ നോക്കിയത്. എന്നാൽ ഒരു നിലക്കും ഷാരോൺ ഒഴിവാകാൻ തയ്യാറായില്ല. ഫോറൻസിക് ഡോക്ടർ നൽകിയ മൊഴിയാണ് കേസിൽ നിർണായകമായത്. അതേസമയം, ഷാരോണിനെ കൊന്നതിൽ ഗ്രീഷ്മയുടെ മാതാപിതാക്കൾക്ക് ബന്ധമില്ലെന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ. റബറിന്റെ കളകൾ നശിപ്പിക്കുന്നതിന് വേണ്ടിയാണ് വീട്ടിൽ കീടനാശിനി സൂക്ഷിച്ചിരുന്നതെന്നും എ.ഡി.ജി.പി പറഞ്ഞു.