പാലക്കാട്- ജില്ലയില്‍ സമീപദിവസങ്ങളില്‍ രണ്ട് വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തത് ലഹരി ഉപയോഗംമൂലമുള്ള മാനസിക സംഘര്‍ഷം കാരണമാണെന്ന് സൂചന. പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഈ മാസം 22ന് പാലക്കാട് വെണ്ണക്കരയില്‍ ഇരുപതുകാരിയായ നഴ്‌സിംഗ് വിദ്യാര്‍ഥിനിയും 26ന് കണ്ണാടിയില്‍ 19 കാരനായ കോളജ് വിദ്യാര്‍ഥിയും ജീവനൊടുക്കിയ സംഭവങ്ങളാണ് പോലീസ് ഗൗരവത്തോടെ കാണുന്നത്. രണ്ടും പാലക്കാട് ടൗണ്‍ സൗത്ത് സ്റ്റേഷന്‍ പരിധിയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളാണ്. ഇതിനിടെ വടക്കഞ്ചേരിയില്‍ ഒരു സ്‌കൂള്‍ വിദ്യാര്‍ഥിനി കയ്യിലെ ഞെരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. അതിന്റെ പിന്നിലും ലഹരി ഉപയോഗമാണ് എന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.
മരണമടഞ്ഞ രണ്ടുപേരും ലഹരിമരുന്നുകള്‍ക്ക് അടിമയായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ജീവനൊടുക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ രണ്ടുപേരും പണമാവശ്യപ്പെട്ട് വീട്ടുകാരുമായി വഴക്കു കൂടിയിരുന്നു. ഇരുവരുടേയും കിടപ്പുമുറികളില്‍നിന്ന് സിറിഞ്ച് ഉള്‍പ്പെടെയുള്ള തെളിവുകള്‍ കണ്ടെടുത്തു. 19 കാരന് ലഹരിവസ്തുക്കള്‍ എത്തിച്ചു കൊണ്ടിരുന്ന വ്യക്തിയെക്കുറിച്ച സൂചനകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. അവരെ നിരീക്ഷിച്ചു വരികയാണ്. വലിയ ശൃംഖലയിലെ കണ്ണികളാണ് ഇടനിലക്കാരെന്നും വരും ദിവസങ്ങളില്‍ അറസ്റ്റ് ഉണ്ടാവുമെന്നും ജില്ലാ പോലീസ് സൂപ്രണ്ട് ആര്‍. വിശ്വനാഥ് അറിയിച്ചു.