കൊണ്ടോട്ടി - കരിപ്പൂരില്‍ അഞ്ച് കിലോ സ്വര്‍ണം പിടികൂടിയ കേസില്‍ നിര്‍ണായക വഴിത്തിരിവ്. കഴിഞ്ഞ സെപ്റ്റംബര്‍ 12 ന് ഇന്‍ഡിഗോ വിമാനത്തിലെത്തിയ വയനാട് കൊപ്രക്കോടന്‍ അഷ്‌കര്‍ അലിയുടെ ബാഗില്‍നിന്നാണ് സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടിയിരുന്നത്. ബാഗ് ഉപേക്ഷിച്ച് മുങ്ങിയ അഷ്‌കറലി കസ്റ്റംസില്‍ കീഴടങ്ങിയതിന് ശേഷം നല്‍കിയ മൊഴിയിലാണ് കേസിന്റെ നിര്‍ണായക വിവരങ്ങള്‍ പുറത്തായത്.
അഞ്ച് കിലോ സ്വര്‍ണം അടങ്ങിയ ബാഗ് കരിപ്പൂരിലെത്തുമ്പോള്‍ ഉപേക്ഷിച്ച് വിമാനത്താവളത്തിന് പുറത്തെത്തി ഒരു ടാക്‌സി വിളിച്ചു വയനാട്ടിലേക്ക് പോവാനായിരുന്നു ഇയാള്‍ക്ക് കള്ളക്കടത്ത് സംഘം നല്‍കിയ നിര്‍ദേശം. ഇതിന് വേണ്ടി 60,000 രൂപയാണ് വാഗ്ദാനം ചെയ്തത്. ദുബായില്‍ കള്ളക്കടത്ത് ഷബീബ്, ജലീല്‍ എന്നിവരാണ് നിയന്ത്രിച്ചിരുന്നത്. എന്നാല്‍ രാത്രിയില്‍ സ്വര്‍ണം കസ്റ്റംസ് പിടികൂടിയെന്നും ഉടന്‍ മറ്റെവിടെയെങ്കിലും മാറി താമസിക്കണമെന്നുമുള്ള നിര്‍ദ്ദേശമാണ് ലഭിച്ചത്. ഇതുപ്രകാരം അഷ്‌കര്‍ അലി ബംഗളൂരു വഴി ദല്‍ഹിയിലെത്തി. തുടര്‍ന്ന് നേപ്പാള്‍ കാഠ്മണ്ടു വിമാനത്താവളം വഴി ദുബായിലേക്ക് കടക്കാനായിരുന്നു തീരുമാനം.
നേപ്പാളിലെ ടിക്കറ്റ് ഏജന്‍സിയെ ഇതിനായി സമീപിച്ചപ്പോള്‍ ഇന്ത്യയിലുള്ളവര്‍ക്ക് വിദേശത്തേക്ക് പോകുന്നതിന് ഇന്ത്യന്‍ എംബസിയുടെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുകയായിരുന്നു. ഇന്ത്യന്‍ എംബസിയെ സമീപിച്ചാല്‍ തനിക്ക് കസ്റ്റംസ് ലുക്കൗട്ട്നോട്ടീസുള്ളതിനാല്‍ പിടികൂടപ്പെടുമെന്നായതോടെ നാട്ടിലേക്ക് മടങ്ങി. പിന്നീട് കള്ളക്കടത്തുകാരെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ആരും സഹായത്തിന് എത്തിയില്ല. തുടര്‍ന്നാണ് കസ്റ്റംസിന് മുമ്പാകെ കീഴടങ്ങിയത്. അഷ്‌ക്കറലിയെ മഞ്ചേരി ഫോറസ്റ്റ് മജിസ്‌ട്രേറ്റ് 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.