തിരുവനന്തപുരം- നിയമനത്തിലെ അപാകം കണ്ടെത്തി ഡോ.എം.എസ്. രാജശ്രീയെ സുപ്രീംകോടതി പുറത്താക്കിയ സാഹചര്യത്തില്‍ സാങ്കേതിക സര്‍വകലാശാല വി.സിയുടെ ചുമതല ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇഷിതാ റോയിക്ക് നല്‍കണമെന്ന സര്‍ക്കാരിന്റെ ശുപാര്‍ശ ഗവര്‍ണര്‍ തള്ളി. കാര്‍ഷികോത്പാദന കമ്മിഷണര്‍, കാര്‍ഷിക സര്‍വകലാശാല വി.സി, ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി തുടങ്ങിയ ഭാരിച്ച ചുമതലകള്‍ ഇഷിതാ റോയിക്കുണ്ടെന്ന കാരണം പറഞ്ഞാണ് ശുപാര്‍ശ മടക്കിയത്. എന്‍ജിനിയറിംഗ് കോളേജുകളിലെ മുതിര്‍ന്ന പ്രൊഫസര്‍മാരുടെ പട്ടിക തിങ്കളാഴ്ച തന്നെ കൈമാറണമെന്ന് ഗവര്‍ണര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി. സി.ഇ.ടി, ബാര്‍ട്ടന്‍ഹില്‍ എന്‍ജിനിയറിംഗ് കോളേജുകളിലെ ഏതെങ്കിലുമൊരു പ്രൊഫസര്‍ക്ക് വി.സിയുടെ ചുമതല കൈമാറിയേക്കും.
രാജശ്രീക്ക് പകരം ഡിജിറ്റല്‍ സര്‍വകലാശാല വി.സി സജി ഗോപിനാഥിന് ചുമതല നല്‍കണമെന്ന് ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി നേരത്തേ ഗവര്‍ണര്‍ക്ക് ശുപാര്‍ശ നല്‍കിയിരുന്നെങ്കിലും നിരസിച്ചിരുന്നു. സജി ഗോപിനാഥിനും പുറത്താക്കാതിരിക്കാന്‍ ഗവര്‍ണര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. എം.എസ്. രാജശ്രീക്കും നോട്ടീസ് നല്‍കിയിരുന്നു. നവംബര്‍ മൂന്നിനകം മറുപടി നല്‍കിയാല്‍ മതി. അതിനുശേഷമാവും ഗവര്‍ണര്‍ നടപടിയിലേക്ക് കടക്കുക. രാജശ്രീ സുപ്രീംകോടതി ഉത്തരവ് വന്നതുമുതല്‍ സര്‍വകലാശാലയിലെത്താറില്ല. കോടെര്‍മിനസ് വ്യവസ്ഥയില്‍ നിയമിക്കപ്പെട്ട പി.വി.സി ഡോ. അയൂബും രാജശ്രീക്കൊപ്പം പുറത്താവും.