Sorry, you need to enable JavaScript to visit this website.

അര്‍ധ രാത്രി ബാത്ത്‌റൂം തേടിപ്പോയി, ബീച്ച് കണ്ടു

ജിദ്ദയിലും നാട്ടിലുമായി പഠനം പൂര്‍ത്തിയാക്കിയ ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ പൂര്‍വവിദ്യാര്‍ഥിനി ഹിബ മുനീര്‍ നാട്ടിലെ അനുഭവം പങ്കുവെക്കുന്നു 

ജീവിത യാത്രയിലെ ഓരോ ഘട്ടവും, അതായത് മുലകുടി പ്രായം, ബാല്യം, സ്‌കൂള്‍ കാലം, തുടങ്ങി എല്ലാം ജിദ്ദയിലാണ് കഴിഞ്ഞതെങ്കിലും ചെറുപ്പം മുതലേ മാതാപിതാക്കളില്‍നിന്ന് നാടിന്റെ പോരിശ കേട്ടിരുന്നു. സാഹസികത നിറഞ്ഞ നോവലുകള്‍ വായിക്കുമ്പോള്‍ ഉണ്ടാകുന്നതിനപ്പുറത്തായിരുന്നു ഉപ്പയുടെ ബാല്യകാല കഥകള്‍ കേള്‍ക്കുമ്പോള്‍ ഉണ്ടായിരുന്ന അമ്പരപ്പ്.. 
നാടിനെ കുറിച്ച് നല്ലത് മാത്രം കേട്ടറിഞ്ഞത് കൊണ്ടും ഇവിടുത്തെ വേനലവധിക്കാലമായ ജൂലൈ, ഓഗസ്റ്റ് മാസത്തില്‍ നാട്ടില്‍ പോയി മഴ ആസ്വദിക്കുന്നത് കൊണ്ടും ഉപരിപഠനത്തിനു നാട്ടില്‍ പോകാന്‍ വലിയ ആകാംക്ഷ ആയിരുന്നു.. ഉപ്പയും ഉമ്മയും ഇവിടെ നിന്നോളൂ, ഞാന്‍ നാട്ടില്‍ പോയി പഠിച്ചോളാമെന്ന് വീമ്പിളക്കി. നാട്ടില്‍ കുറച്ചു നിന്നപ്പോള്‍ മനസ്സിലായി കഥകളിലെ നാട് അല്ല യാഥാര്‍ത്ഥ്യമെന്നും നാട്ടില്‍ ലൈഫ് അത്ര ഈസി അല്ലെന്നും.,
അങ്ങനെ ഒരു വിധം പഠനം പൂര്‍ത്തിയാക്കി. കല്യാണവും കഴിഞ്ഞു..
ഞങ്ങള്‍ ഒരേ വര്‍ഷത്തില്‍ ജനിച്ച കസിന്‍ സിസ്‌റ്റേര്‍സ് വലിയ കൂട്ടു ആണ്.. കാര്യത്തിലും കച്ചറയിലും ഒന്നിക്കുന്നവര്‍.. മൂന്ന് പേരുടേയും കല്യാണവും കഴിഞ്ഞതിനാല്‍ കെട്ടിയവന്മാരേയും ഈ് കൂട്ടുകെട്ടില്‍ കുടുക്കാന്‍ അവസരം കാത്തിരിക്കുകയായിരുന്നു.. 
അങ്ങനെ ആരും താമസിക്കാതെ പൂട്ടി ഇട്ടിരിക്കയായിരുന്ന ഞങ്ങളുടെ വീട്ടില്‍ ഒരു ദിവസം റിലാക്‌സ് ആയി നില്‍ക്കാന്‍ തീരുമാനിച്ചു.. അടുത്തുള്ള തറവാട് വീട്ടിലേക്കും മൂത്താപ്പമാരുടെ വീട്ടിലേക്കും ഭക്ഷണം കഴിക്കാന്‍ വിളിച്ചെങ്കിലും ഞങ്ങള്‍ അത് സ്‌നേഹ പൂര്‍വ്വം നിരസിച്ചത് ഞങ്ങള്‍ക്ക് ഭക്ഷണം പുറത്ത് നിന്ന് കഴിക്കാന്‍ ആണെന്ന് അവര്‍ക്ക് മനസ്സിലായില്ല. 
അങ്ങനെ ഭക്ഷണം ഒക്കെ കഴിഞ്ഞു ഉറങ്ങാന്‍ കിടന്നതായിരുന്നു. 12 മണി ആയപ്പോള്‍ കൂട്ടത്തില്‍ ഒരാള്‍ക്ക് കട്ടന്‍ ചായ കുടിക്കാന്‍ വല്ലാത്തൊരു ആഗ്രഹം... അത് കേട്ടപ്പോള്‍ ഞാന്‍ പറഞ്ഞു.. ഇത് പൂട്ടിയിട്ടു പോയ വീടാണ്.. ഗ്യാസ്, പഞ്ചസാര, ചായപ്പൊടി ഇതൊന്നും ഇവിടെ ഇല്ല.. നമുക്ക് ആരെയും ഉണര്‍ത്തണ്ട.. അടുത്ത ടൗണില്‍ പോയി ചായ കുടിച്ചാലോ. കൂട്ടത്തില്‍ കുബുദ്ധിയുടെ ഉപദേശം.. മറ്റൊരു വിശാലമനസ്‌ക അതിനെ പിന്തുണച്ചു. അങ്ങനെ ആ അസമയത്ത് ഞങ്ങള്‍ സുലൈമാനി തേടി പോയി.
മലപ്പുറം ടൗണില്‍ നിന്ന് 12 കി.മീ. അകലെ വെള്ളുവമ്പ്രം എന്ന ഒരു ഗ്രാമത്തില്‍ ആണ് ഞങ്ങള്‍.. വള്ളുവമ്പ്രം ടൗണില്‍ എത്തിയപ്പോള്‍ എല്ലാ ഹോട്ടലുകളും അടച്ചിരിക്കുന്നു. അടുത്തത് മോങ്ങം, അങ്ങനെ പോയി പോയി 20 കി.മീ.കോഴിക്കോട് ഭാഗത്തേക്ക് പോയി.. 
എവിടെ നിന്നും സുലൈമാനി കിട്ടിയില്ല. അപ്പോള്‍ അടുത്ത പ്രശ്‌നം കൂട്ടത്തില്‍ ഒരാള്‍ക്ക് മൂത്ര ശങ്ക.. ആദ്യം അതാരും കാര്യമാക്കിയില്ല.. പക്ഷേ കഥാനായികക്ക് ശങ്ക കലശലായി.അപ്പോള്‍ ഞങ്ങള്‍ ദൂരം കണക്കാക്കി.. വീട്ടില്‍ പോയി മൂത്രമൊഴിക്കാന്‍ എടുക്കുന്ന സമയം കൊണ്ട് നമുക്ക് ഏതെങ്കിലും മാളില്‍ പോവാം. അതിനും തീരുമാനം ആയി. ഞങ്ങള്‍ ഹൈലൈറ്റ് മാളില്‍ ബാത്ത്‌റൂം തിരഞ്ഞ് പോയി. ആശ്വാസമായി..
ഇപ്പോള്‍ അര്‍ധരാത്രി.. ഉള്ളില്‍ നല്ല പേടി തോന്നി.പുറത്ത് കാണിച്ചില്ല..ആ സമയം വേറൊരു ബുദ്ധി ഉദിച്ചു. ഇവിടെ വരെ വന്നില്ലേ ബീച്ചില്‍ പോയാലോ എന്ന്. അങ്ങനെ പാതിരായ്ക്ക് ബീച്ചിലും പോയി.. ഏതാനും നായകളും ഞങ്ങളും അല്ലാതെ ബുദ്ധി ഉള്ള ആരെയും അവിടെ കണ്ടില്ല. അപ്പോള്‍ ഒരു ഹരത്തിനു പോയെങ്കിലും ഇപ്പോള്‍ ഓര്‍ത്തിട്ട് പേടിയാകുന്നു. അങ്ങനെ ഈ സാഹസത്തിന് ഇറങ്ങി പുറപ്പെടാന്‍ കാരണക്കാരനായ വ്യക്തിക്ക് സുലൈമാനി കിട്ടി. കൂട്ടത്തില്‍ എല്ലാ വരും കട്ടന്‍ കുടിച്ചു മടങ്ങി.. വീട്ടില്‍ എത്തിയപ്പോള്‍ പുലര്‍ച്ചെ നാലര മണിയായി.. പിന്നെ കിടന്നിട്ട് ഉറങ്ങിപ്പോയി.. രാവിലെ പലതരം മ്യൂസിക്കില്‍ മൊബൈല്‍ ശബ്ദിച്ചു എങ്കിലും ഞങ്ങള്‍ ക്ക് ശോകഗാനമായാണ് തോന്നി യത്
നേരം പുലരുമ്പോള്‍ ആണ് ഓര്‍ക്കുന്നത് കൂട്ടത്തില്‍ ഒരു പുരുഷന് ജോലിക്കും പോകണം രണ്ടു പേര്‍ക്ക് കോളേജിലേക്കും.  എന്ത് ചെയ്യും. ഉറങ്ങാതിരുന്നത് കൊണ്ട് തലക്കകത്ത് പലതും നടക്കുന്നു. ഏതായാലും രണ്ടു പേരും ബുദ്ധി സഞ്ചിയും തൂക്കി കോളേജിലെക്കെന്നും പറഞ്ഞു ബസ്സ് കയറി.. ഒരാള്‍ വഴിയില്‍ ഉമ്മയുടെ വീട്ടില്‍ ഇറങ്ങി നന്നായി ഉറങ്ങി കോളേജ് വിടുന്ന സമയം ആയപ്പോള്‍ ഭര്‍തൃഗൃഹത്തിലേക്ക് പോയി. മറ്റെ കക്ഷി സുഖമില്ല എന്ന് ടീച്ചറെ ബോധ്യപ്പെടുത്തി കോളേജ് വിടുന്നതു വരെ വിശ്രമിച്ചു രക്ഷപ്പെട്ടു.
ഈ സംഭവത്തില്‍ നിന്ന് ഒരു കാര്യം മനസ്സിലായത് ഏത് പാതിരായ്ക്കും എവിടെ പോയാലും നാട്ടില്‍ ആരും അറിയില്ല എന്നതാണ്. എന്റെ വല്ല്യുമ്മ പറയാറുണ്ടായിരുന്നു.. മുമ്പ് കുട്ടികള്‍ രാത്രി കരഞ്ഞാല്‍ രാവിലെ അയല്‍ക്കാര്‍ വന്നു വിശേഷം തിരക്കാറുണ്ടായിരുന്നുവെന്ന്. അപരിചിതര്‍ വീട്ടില്‍ വന്നാല്‍ കാര്യം അന്വേഷിക്കുമായിരുന്നു എന്ന്. ഇപ്പോള്‍ ആര്‍ക്കും ആരെയും ശ്രദ്ധിക്കാന്‍ സമയമില്ല. സ്വന്തം കുട്ടികള്‍ പോലും എവിടെ പോകുന്നു വരുന്നു എന്ന് നോക്കാന്‍ സമയമില്ല... അന്യ നാടാണെങ്കിലും പ്രവാസത്തില്‍     ഒരു തരം സുരക്ഷിതത്വം തോന്നാറുണ്ട്

 

Latest News